SignIn
Kerala Kaumudi Online
Wednesday, 28 October 2026 3.41 AM IST

ബെൻസ് ഓടിച്ച് ജഡ്ജിപുത്രന്റെ നരഹത്യ: 4 പൊലീസുകാർക്ക് സസ്‌പെൻഷൻ

READ ENGLISH VERSION
accident

കൊച്ചി: ജഡ്ജി പുത്രൻ ബെൻസ് കാറിടിച്ച് ജയബാലകൃഷ്‌ണനെ കൊന്ന കേസിന്റെ നടപടിക്രമങ്ങളിൽ വീഴ്ചവരുത്തിയ നാലു പൊലീസുകാരെ മിന്നൽവേഗത്തിൽ ആഭ്യന്തരവകുപ്പ് സസ്‌പെൻഡ് ചെയ്തു. സി.ഐ കെ.എസ്. ശ്യാംകുമാർ, എസ്.ഐയും സ്റ്റേഷൻ ഹൗസ് ഓഫീസറുമായ വി.എസ്. വിശ്വജിത്ത്, ഗ്രേഡ് എ.എസ്.ഐ കെ.ടി. മനോജ്, സീനിയർ സിവിൽ പൊലീസ് ഓഫീസർ അരുൺ ജോഷി എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. എ.ഡി.ജി.പി പി. വിജയൻ നേരിട്ടെത്തി കാര്യങ്ങൾ വിശകലനം ചെയ്തതിനു പിന്നാലെയാണ് നടപടി. ഇതോടെ ചിറ്റൂർ സ്വദേശി ജയബാലകൃഷ്‌ണന്റെ കുടുംബം പരസ്യപ്രതിഷേധം താത്കാലികമായി പിൻവലിച്ചു.

സംഭവത്തിൽ കർശന നടപടി സ്വീകരിക്കുമെന്ന് ഇന്നലെ രാവിലെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നിയമസഭയിൽ ഉറപ്പുനൽകിയിരുന്നു. കൈക്കൊണ്ട നടപടി വൈകിട്ട് നാലു മണിയോടെ സഭയെ മന്ത്രി അറിയിക്കുകയും ചെയ്തു. ജഡ്‌ജിയുടെയും മകന്റെയും മൊഴി രേഖപ്പെടുത്തിയ അന്വേഷണസംഘം അറസ്റ്റിനുള്ള നിയമനടപടി ആരംഭിച്ചു.

ഇന്നലെ രാവിലെ 11ഓടെയാണ് പി. വിജയനും സംഘവും ചേരാനല്ലൂർ സ്റ്റേഷനിലെത്തിയത്. സി.സി ടിവി ഉൾപ്പെടെ പരിശോധിച്ചശേഷം മേലുദ്യോഗസ്ഥർക്ക് വിവരം കൈമാറി. അപകടം നടന്ന കണ്ടെയ്‌നർ റോഡിലെ ചേരാനല്ലൂർ മാരാപ്പറമ്പ് പ്രദേശവും എ.ഡി.ജി.പിയും സംഘവും വിശദമായി പരിശോധിച്ചു. എ.ഐ.ജി അനൂജ് പാരിപാലും സി.ഐമാരും ഒപ്പമുണ്ടായിരുന്നു.

ഉച്ചകഴിഞ്ഞാണ് പി. വിജയൻ ജയബാലകൃഷ്‌ണന്റെ വീട്ടിലെത്തിയത്. ഭാര്യ ബിന്ദു, മക്കളായ ഭരത് ശങ്കർ, ഭദ്ര കീർത്തി, ഭാഗ്യ ദർശൻ എന്നിവരുമായി സംസാരിച്ചു. കുടുംബം പറഞ്ഞത് അദ്ദേഹം കേട്ടു. നീതിപൂർവമായ നടപടി ഉറപ്പ് നൽകി. എ.ഡി.ജി.പി നൽകിയ ഉറപ്പുൾപ്പെടെ പരിഗണിച്ചാണ് പ്രതിഷേധം അവസാനിപ്പിച്ചതെന്ന് ജയബാലകൃഷ്‌ണന്റെ സഹോദരൻ ശെൽവരാജ് പറഞ്ഞു.

സഞ്ചയന ചടങ്ങുകൾക്കുശേഷം ഇന്നലെ വൈകിട്ട് വീണ്ടും ചേരാനല്ലൂർ സ്റ്റേഷനിൽ ധർണ നടത്താനായിരുന്നു ആദ്യതീരുമാനം. വീട്ടിലെ ചടങ്ങുകൾക്കു ശേഷം ജയബാലകൃഷ്‌ണന്റെ അസ്ഥി ആലുവ പെരിയാറിൽ നിമജ്ജനം ചെയ്തു.

 'ജയബാലകൃഷ്‌ണന്റെ മക്കളുടെ ആവശ്യങ്ങൾ ന്യായം"

ജഡ്‌ജിയെ അറസ്റ്റ് ചെയ്യാൻ അനുമതിക്കായി കോടതിയിൽ അപേക്ഷ സമർപ്പിച്ചതായി പി. വിജയൻ മാദ്ധ്യമങ്ങളോട് പറഞ്ഞു. ജഡ്‌ജിയെ അറസ്റ്റു ചെയ്യണമെന്ന ആവശ്യം തന്റെ മാത്രം കൈയിൽ ഒതുങ്ങുന്നതല്ല. നടപടികൾ വേഗത്തിൽ വേണമെന്ന കുടുംബത്തിന്റെ ആവശ്യത്തിൽ അനുകൂലവും കൃത്യവും നിയമപരവുമായ നടപടികളാണ് ആവശ്യം. കേസ് കൃത്യമായി കോടതിയിൽ എത്തിക്കുന്നതിന് ആവശ്യമായ തെളിവുകൾ ശേഖരിക്കും. ജയബാലകൃഷ്‌ണന്റെ മക്കൾ ഉന്നയിച്ച ചില ആവശ്യങ്ങൾ ന്യായമാണ്. അതു സംബന്ധിച്ച റിപ്പോർട്ടും നടപടികളും വൈകില്ലെന്നും അദ്ദേഹം പറഞ്ഞു.

English Summary

The Home Department swiftly suspended four police officers for lapses in the handling of the case involving the death of Jayabalakrishnan, who was allegedly hit by a judge’s son’s Mercedes-Benz car.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: JAYABALAKRISHNAN DEATH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA