
തിരുവനന്തപുരം: രാജ്യത്ത് ആദ്യമായി മുതിർന്നപൗരന്മാരുടെ അന്തസും അവർക്ക് സ്വന്തം വീടുകളിൽ സുരക്ഷിതമായ പരിചരണവും ഉറപ്പാക്കുന്ന നിയമം നിയമസഭ ഐകകണ്ഠ്യേന പാസാക്കി. രാജ്യത്തിന് മാതൃകയാകാവുന്ന തരത്തിൽ, മുതിർന്ന പൗരന്മാരുടെ പരിചരണവും അവകാശ സംരക്ഷണവുമാണ് നിയമം ലക്ഷ്യമാക്കുന്നതെന്ന് ബിൽ അവതരിപ്പിച്ച് മുഖ്യമന്ത്രി വി.ഡി.സതീശൻ പറഞ്ഞു. പുതിയ ഗവർണർ ഒ.പി.മാഥൂറിന് മുമ്പിൽ അംഗീകാരത്തിനെത്തുന്ന ആദ്യ ബില്ലാകും ഇത്.
1,316 ഭേദഗതികളാണ് ബില്ലിൽ അവതരിപ്പിച്ചത്. ഇതിൽ ഏറെയും മുഖ്യമന്ത്രി അംഗീകരിച്ചു. ഏകസ്വരത്തിലായിരുന്നു ചർച്ച. കക്ഷിനേതാക്കളായ രമേശ് ചെന്നിത്തല, പി.കെ.കുഞ്ഞാലിക്കുട്ടി, മോൻസ് ജോസഫ്, സി.പി.ജോൺ തുടങ്ങിയ മന്ത്രിമാരും കെ.എൻ.ബാലഗോപാൽ, കെ.രാജൻ, കെ.കെ.രമ, വിഷ്ണുമോഹൻ തുടങ്ങിയവരും മുഖ്യമന്ത്രിയെയും സഭയെയും അഭിനന്ദിച്ചു. സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണനും അനുമോദിച്ചു. വയോജനക്ഷേമം സംബന്ധിച്ച കേന്ദ്ര നിയമത്തിനോ, സംസ്ഥാനത്തെ വയോജന ക്ഷേമബില്ലിനോ പുതിയ ബില്ലിലെ ഒരു വ്യവസ്ഥയും എതിരോ, ആവർത്തനമോ അല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. വൃദ്ധരുടെ ലിവിംഗ് വിൽ സംബന്ധിച്ച സുപ്രീംകോടതി മാർഗനിർദ്ദേശം പാലിച്ചാണ് വ്യവസ്ഥകൾ. സാമ്പത്തികതാത്പര്യങ്ങളും അവകാശ സംരക്ഷണവുമാണ് ബില്ലിലുള്ളത്. കെട്ടിടനിർമ്മാണ പെർമിറ്റിൽ വരെ വയോജന സൗഹൃദമാനദണ്ഡം പാലിക്കേണ്ടിവരും. വയോജനങ്ങൾക്ക് വീടുകളിൽ നിന്നുള്ള ആരോഗ്യ പരിചരണ സേവനം ഏകോപിപ്പിക്കുക, നിലവാരത്തിലാക്കുക, അടുത്തവർഷം മുതൽ പ്രത്യേക കെയർ ഗിവേഴ്സ് കോഴ്സ് ആരംഭിക്കുക തുടങ്ങിയവ പുതിയ നിയമത്തിൽ ലക്ഷ്യമിടുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |