
ചേർത്തല: ഇല്ലാത്ത അധികാരം ഉപയോഗിച്ചും നടപടി പാലിക്കാതെയും പി.എസ്.സിക്കെതിരെ നടത്തുന്ന നീക്കം കോൺഗ്രസ് - ബി.ജെ.പി ഡീലിന്റെ ഭാഗമാണെന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയൻ പറഞ്ഞു. വയലാറിൽ പുന്നപ്ര-വയലാർ രക്തസാക്ഷി വാരാചരണത്തിന്റെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു പിണറായി. ആക്ഷേപങ്ങളും അപവാദങ്ങളും പ്രചരിപ്പിച്ച് പി.എസ്.സിയെ ദുർബലപ്പെടുത്തി നിയമനം അട്ടിമറിക്കാനുള്ള നീക്കമാണ് ഡീലിന് പിന്നിൽ. പി.എസ്.സിയെ പിരിച്ചുവിടാനുള്ള അധികാരം ഗവർണർക്ക് നൽകിയതാരാണ്. മന്ത്രിസഭയുടെ തീരുമാനമില്ലാതെ ഗവർണർക്ക് രാഷ്ട്രപതിയെ സമീപിക്കാൻ അധികാരമില്ലെന്നിരിക്കേയാണ് നീക്കം. സുപ്രീംകോടതി അന്വേഷണം നടത്തി ആരോപണം തെളിഞ്ഞാലേ നടപടിക്ക് കഴിയൂ. ഇതൊക്കെ മറികടക്കാനാണ് ബി.ജെ.പിയുടെയും യു.ഡി.എഫ് സർക്കാരിന്റെയും നീക്കം. വഖഫ് ബോർഡ് പിരിച്ചുവിട്ടതിലും ഉന്നത വിദ്യാഭ്യാസ രംഗത്തുമെല്ലാം വ്യക്തമായ ആർ.എസ്.എസ് അജണ്ടയാണ് നടപ്പാക്കുന്നത്. സർവകലാശാലകൾ ചാൻസലറുടെ പദവി വിനിയോഗിച്ച് ആർ.എസ്.എസ് മേധാവിത്വകേന്ദ്രങ്ങളാക്കി മാറ്റുമ്പോഴും മുഖ്യമന്ത്രിയോ വകുപ്പുമന്ത്രിയോ ഒരു വാക്കുപോലും പറയുന്നില്ല. ജനാധിപത്യവും പൗരാവകാശങ്ങളും കശാപ്പുചെയ്ത് അമേരിക്കയുടെ സാമന്തരാജ്യമായി ഇന്ത്യയെ മാറ്റാനുള്ള നീക്കമാണ് നരേന്ദ്രമോദി നടത്തുന്നതെന്നും പിണറായി ആരോപിച്ചു.
ബി.ജെ.പിയെന്ന് കേൾക്കുമ്പോൾ
രോമാഞ്ചം : ബിനോയ് വിശ്വം
തരംകിട്ടുമ്പോൾ ബി.ജെ.പിയുമായി ഒളിഞ്ഞും തെളിഞ്ഞും കൂട്ടുകൂടിയിരുന്ന കോൺഗ്രസ് ഇപ്പോൾ ബി.ജെ.പിയുടെയും ആർ.എസ്.എസിന്റെയും അജണ്ട നടത്തിപ്പുകാരായി മാറിയെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. ബി.ജെ.പി നേതാക്കളെ കാണുമ്പോൾ രോമാഞ്ചം കൊള്ളുന്നവരാണ് കേരളം ഭരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വാരാചരണ കമ്മിറ്റി പ്രസിഡന്റ് എം.സി.സിദ്ധാർത്ഥൻ അദ്ധ്യക്ഷനായി. ടി.എം.തോമസ് ഐസക്ക്, കെ.രാജൻ, സി.എസ്.സുജാത, ടി.ജെ.ആഞ്ചലോസ്, സി.ബി.ചന്ദ്രബാബു, പി.പ്രസാദ്, കെ.പ്രസാദ്, ടി.ടി.ജിസ്മോൻ, ആർ.നാസർ, എ.എം.ആരിഫ് തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |