
പാലക്കാട്: പ്രതി ചെന്താമരയ്ക്ക് വധശിക്ഷ വിധിച്ചതോടെ കോടതിയിലുള്ള വിശ്വാസം കൂടിയെന്ന് കൊല്ലപ്പെട്ട സുധാകരന്റെയും സജിതയുടെയും മക്കളായ അഖിലയും അതുല്യയും പറഞ്ഞു. ഇനി അയാൾ ജയിൽ ചാടാതിരുന്നാൽ മതി. അച്ഛനും അമ്മയും ഇല്ലാതായതിന്റെ സങ്കടമുണ്ട്. ദുരന്തത്തിന്റെ ഓർമ്മകൾ ഇപ്പോഴും വേട്ടയാടുന്നതിനാൽ സ്വന്തം നാട്ടിലേക്ക് മടങ്ങാൻ തീരുമാനിച്ചിട്ടില്ല. അച്ഛനെയും കുടുംബത്തെയും കുറിച്ചുള്ള ഓർമ്മകൾ ഇന്നും മനസിനെ വേദനിപ്പിക്കുന്നു. കോടതി നിർദ്ദേശിച്ച നഷ്ടപരിഹാര തുകയായ 20 ലക്ഷം ഭാവിജീവിതത്തിന് ആശ്വാസമാകും. ചെന്താമര ഒരു തരി വേദന പോലും അനുഭവിച്ചിട്ടില്ല. ഭാവഭേദമില്ലാതെയാണ് അയാൾ നിൽക്കുന്നത്. അയാളുടെ രൂപസാദൃശ്യമുള്ളവരെ കണ്ടാൽ തന്നെ പെട്ടെന്ന് ടെൻഷനാവും. അയാൾ പുറത്തിറങ്ങിയാൽ ഞങ്ങളെ കൊല്ലുമെന്നറിയാം. വിധിക്കെതിരെ പ്രതിഭാഗം അപ്പീൽ നൽകിയാൽ നിയമപരമായി അതിനെ നേരിടും. കോടതിക്കും പൊലീസിനും അഭിഭാഷകർക്കും മാദ്ധ്യമങ്ങൾക്കും ഇരുവരും നന്ദി അറിയിച്ചു.
ഇളയമകൾക്ക് ജോലി നൽകണമെന്ന് ശുപാർശ
ചെന്താമരയ്ക്ക് വധശിക്ഷ വിധിച്ചത് പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ എം.ജെ.വിജയകുമാർ. പ്രതിഭാഗത്തിന്റെ വാദങ്ങളെ തള്ളിയാണ് കോടതി വിധി പ്രസ്താവിച്ചത്. കൊല്ലപ്പെട്ട സുധാകരന്റെ മക്കളുടെ പുനരധിവാസത്തിനായി ഇളയമകൾക്ക് സർക്കാർ ജോലി നൽകണമെന്ന് വിധിയിൽ ശുപാർശ ചെയ്തിട്ടുണ്ട്. പ്രതിക്ക് പരോൾ അനുവദിക്കുകയാണെങ്കിൽ സാക്ഷികളുടെ സുരക്ഷ ഉറപ്പാക്കിയശേഷം മാത്രമേ അത് നൽകാവൂ എന്നും കോടതി നിർദ്ദേശിച്ചിട്ടുണ്ട്.
പ്രതിക്ക് മാനസിക സമ്മർദ്ദമുണ്ടെന്ന് വരുത്തിത്തീർക്കാൻ പ്രതിഭാഗം ശ്രമിച്ചെങ്കിലും മെഡിക്കൽ ബോർഡ് പരിശോധനയിൽ യാതൊരുവിധ അസുഖങ്ങളുമില്ലെന്ന് തെളിഞ്ഞു. വിചാരണ വേളയിൽ നാല് സാക്ഷികൾ കൂറുമാറിയത് വെല്ലുവിളിയായെങ്കിലും ശാസ്ത്രീയ തെളിവുകളുടെയും പ്രോസിക്യൂഷൻ വാദങ്ങളുടെയും അടിസ്ഥാനത്തിൽ കേസ് തെളിയിക്കാൻ സാധിച്ചുവെന്നും വ്യക്തമാക്കി. അതേസമയം, വിചാരണക്കോടതിയുടെ വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് പ്രതിഭാഗം അഭിഭാഷകൻ ജേക്കബ് മാത്യു പറഞ്ഞു.
ചെന്താമരയുടെ ഭാര്യയുടെ വീടുവിറ്റ് പിഴത്തുക ഒടുക്കണം
പാലക്കാട്: നെന്മാറ ഇരട്ടക്കൊലപാതക കേസിൽ പ്രതി ചെന്താമരയുടെ ഭാര്യ വിലാസിനിയുടെ പേരിലുള്ള വീടുവിറ്റ് പിഴത്തുക ഒടുക്കണമെന്ന് പാലക്കാട് അഡിഷണൽ ജില്ലാ സെഷൻസ് കോടതി (നാല്) നിർദ്ദേശിച്ചു. ഇത് സാദ്ധ്യമായില്ലെങ്കിൽ പിഴയായി വിധിച്ച 20 ലക്ഷം സർക്കാർ കൊല്ലപ്പെട്ട സുധാകരന്റെ മക്കൾക്കും ബന്ധുക്കൾക്കും ലഭ്യമാക്കണം. സുധാകരന്റെ ഇളയ മകൾ അഖില, മൂത്ത മകൾ അതുല്യ എന്നിവർക്കും കൊല്ലപ്പെട്ട ലക്ഷ്മിയുടെ മക്കളായ സുരേന്ദ്രൻ, സുനിത എന്നിവർക്കുമാണ് യഥാക്രമം 60: 20: 10: 10 എന്ന അനുപാതത്തിൽ പിഴത്തുക നൽകേണ്ടത്. കേസന്വേഷണം വളരെ വേഗത്തിലും കൃത്യമായും പൂർത്തിയാക്കിയ പൊലീസിനെയും പ്രോസിക്യൂഷനെയും കോടതി അഭിനന്ദിച്ചു. സമൂഹത്തിന് തെറ്റായ സന്ദേശം നൽകാതിരിക്കാൻ ഇത്തരമൊരു ശിക്ഷ അത്യാവശ്യമാണെന്നും വിലയിരുത്തി.
'ഭാര്യയെയും മകളെയും കാണാൻ ആഗ്രഹം'
ഭാര്യ വിലാസിനിയുടെയും മകളുടെയും ഇപ്പോഴത്തെ അവസ്ഥയോർത്ത് വിഷമമുണ്ടെന്ന് നേരത്തെ നിയമസഹായ വേദിയുടെ കൗൺസലിംഗിനിടെ പ്രതി ചെന്താമര പറഞ്ഞിരുന്നു. നിശ്ചിത ഇടവേളകളിൽ ഭാര്യയെയും മകളെയും കാണാൻ ആഗ്രഹിക്കുന്നു. അവരുടെ അഭാവം ജീവിതത്തിൽ ശൂന്യതയുണ്ടാക്കി. സുധാകരന്റെ മക്കളെയോർക്കുമ്പോൾ തന്റെ മോളെയാണ് ഓർമ്മ വരുന്നത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് അച്ഛനെയും അമ്മയെയും നഷ്ടപ്പെട്ടതിൽ ദു:ഖമുണ്ട്. ജയിലിൽ ജോലിയെടുത്ത് കിട്ടുന്ന തുക അവരുടെ ചെലവിനായി നൽകാമെന്നും കഴിഞ്ഞ 14, 15 തീയതികളിൽ നടത്തിയ കൗൺസലിംഗിൽ പറഞ്ഞിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |