SignIn
Kerala Kaumudi Online
Monday, 21 September 2026 3.33 AM IST

കൈയേറ്റം,​ കൈമാറ്റം ; ദേവസ്വം ബോർഡുകൾക്ക് നഷ്ടപ്പെട്ടത് 31,000 ഏക്കർ 

READ ENGLISH VERSION
1

തിരുവനന്തപുരം: വിവിധ ദേവസ്വം ബോർഡുകളുടെ ഭൂമിയിൽ കൈയേറ്റവും കടന്നുകയറ്റവും കാരണം ഇതുവരെ നഷ്ടമായത് 31,000 ഏക്കർ. മലബാർ ദേവസ്വം ബോർഡിനാണ് കൂടുതൽ നഷ്ടം. 24,693.22 ഏക്കർ ഭൂമി. ഇപ്പോൾ ആകെ 3112.20 ഏക്കറേ കൈവശമുള്ളൂ. ബോർഡിന് തിരിച്ചുപിടിക്കാൻ കഴിഞ്ഞത് 3.31 ഏക്കർ മാത്രമാണെന്ന് സംസ്ഥാന ഓഡിറ്റ് വകുപ്പിലെ ദേവസ്വം ഓഡിറ്റ് വിഭാഗം പരിശോധനയിൽ കണ്ടെത്തി.

മലബാർ ബോർഡിലെ 1,341 ക്ഷേത്രങ്ങളിലായിട്ടാണ് ഇത്രയധികം ഭൂമി നഷ്ടം. കോഴിക്കോട് ഡിവിഷനിൽ മാത്രം 22,393.12 ഏക്കർ നഷ്ടമായി. മലപ്പുറത്ത് 9,560 ഏക്കറും കാണാനില്ല. തലശേരിയിൽ 2,122.69 ഏക്കറും നഷ്ടപ്പെട്ടു. കർശനമായ നടപടികളില്ലാത്തതിനാൽ തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്ര ഭൂമിയിൽ ചെങ്കൽ ഖനനം പോലും നടക്കുന്നു. കാസർകോട് ഡിവിഷനിൽ 68.46 ഏക്കറും. പാലക്കാട് 13.35 ഏക്കറും നഷ്ടമായി. കൂടൽമാണിക്യം ദേവസ്വത്തിന്റെ 5,568.99 ഏക്കറോളം ഭൂമി നഷ്ടപ്പെടുകയോ കൈമാറ്റം ചെയ്യുകയോ ചെയ്തിട്ടുണ്ട്. കൊച്ചിൻ ദേവസ്വം ബോർഡിന്റെ പരിധിയിലുള്ള തൃശൂർ, എറണാകുളം, പാലക്കാട് ജില്ലകളിലായി 30.195 ഏക്കർ ഭൂമിയിലാണ് കൈയേറ്റം. ഗുരുവായൂർ ദേവസ്വത്തിന്റെ കീഴിൽ തൃശൂർ ജില്ലയിൽ ഒരു ഏക്കറിലധികം അന്യാധീനപ്പെട്ട് കിടക്കുകയാണ്. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ അധീനതയിലുള്ള വസ്തുക്കളിൽ 494 ഏക്കറോളം നഷ്ടപ്പെട്ടു. കൊച്ചിൻ ദേവസ്വം ബോർഡിന് കീഴിൽ 48 കേസുകളുണ്ട്. ഇതിൽ എറണാകുളത്തപ്പൻ ഗ്രൗണ്ടിന്റെ ഉടമസ്ഥാവകാശം കൊച്ചിൻ ദേവസ്വം ബോർഡിനാണെന്ന് കഴിഞ്ഞ ദിവസം സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. കൈയേറ്റമുണ്ടായ 30.195 ഏക്കർ ഭൂമിയിൽ തിരിച്ചുപിടിക്കാൻ കഴിഞ്ഞത് 8.25 ഏക്കർ മാത്രമാണ് .

 പോംവഴി ഡിജിറ്റൽ സർവേ

സർക്കാർ കൈയേറ്റം ഒഴിപ്പിക്കാനുള്ള ശ്രമം തുടരുകയാണ്. പലതിലും കൃത്യമായ രേഖകൾ നഷ്ടപ്പെട്ടതാണ് ആശയക്കുഴപ്പമുണ്ടാക്കുന്നത്. വിവിധ വകുപ്പുമായി ബന്ധപ്പെട്ട വിഷയവുമാണ്. ഭൂപരിഷ്‌കരണ നിയമം വന്നപ്പോൾ ക്ഷേത്ര ഭൂമി പലതും നഷ്ടപ്പെട്ടിട്ടുണ്ട്. കൈവശം വച്ചിരുന്നവരിൽ ചിലർ പട്ടയം നേടിയിട്ടുണ്ട്. ഡിജിറ്റൽ സർവേയാണ് ക്ഷേത്രഭൂമി സംരക്ഷിക്കാനുള്ള പോംവഴി. ഇതു പൂർത്തിയാകുമ്പോൾ ദേവസ്വം ഭൂമിയിലെ കൈയേറ്റം ഒഴിപ്പിക്കാനാകും. ക്ഷേത്രങ്ങളുടെ നിലവിലുള്ള ഭൂമി സംരക്ഷിക്കാൻ ആസ്തികൾ ഡിജിറ്റലൈസ് ചെയ്യാനുള്ള നടപടികളിലേക്ക് കടക്കും.

എം.ജി.രാജമാണിക്യം, ദേവസ്വം (റവന്യൂ) സെക്രട്ടറി

 കടുപ്പം ഈ അന്യാധീനം

 മലബാർ ദേവസ്വം ബോർഡിന് 24,693.22 ഏക്കർ

 കൊച്ചിൻ ദേവസ്വത്തിന് 30.195 ഏക്കർ

തിരുവിതാംകൂറിന് 494 ഏക്കർ

 കൂടൽമാണിക്യത്തിൽ 5,568.99 ഏക്കർ

 ഗുരുവായൂരിന് 1 ഏക്കർ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DEVASWAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA