SignIn
Kerala Kaumudi Online
Sunday, 25 October 2026 2.46 AM IST

ഗ്യാനേഷിനെതിരേ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് വിജിലൻസ് ശുപാർശ നൽകും

aa

തിരുവനന്തപുരം:മലേഷ്യൻ പൗരന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം വേണമെന്ന് വിജിലൻസ് സർക്കാരിന് ശുപാർശ നൽകും. കെ.എസ്.ടി.പി പദ്ധതിയിൽ എം.സി.റോഡ് പുനർനിർമ്മിച്ച പതിബെൽ കമ്പനിയുടെ ചീഫ് പ്രോജക്‌ട് മാനേജറായിരുന്ന ലീ സീ ബീനിന്റെ ആത്മഹത്യാക്കുറിപ്പിൽ ചില ഉന്നതഉദ്യോഗസ്ഥർ കൈക്കൂലി ആവശ്യപ്പെട്ട് സമ്മർദ്ദത്തിലാക്കിയതായി വ്യക്തമാക്കിയിരുന്നു. ഗ്യാനേഷ് മരാമത്ത് സെക്രട്ടറിയായിരിക്കെയായിരുന്നു ആരോപണം. വിജിലൻസ് അന്വേഷിച്ചെങ്കിലും ലീ സീ ബീനിന്റെ കുടുംബത്തിന്റെയോ കമ്പനിയുടെയോ പരാതി അന്ന് ലഭിച്ചിരുന്നില്ല. തെളിവോ മൊഴികളോ ഇല്ലാത്തതിനാൽ അന്വേഷണം അവസാനിപ്പിച്ചു. കോൺഗ്രസ് നേതാവിന്റെ പരാതിയെത്തുടർന്ന് തുടരന്വേഷണത്തിന് വിജിലൻസിനോട് സർക്കാർ നിർദ്ദേശിച്ചിരുന്നു. എന്നാൽ ആത്മഹത്യാക്കുറിപ്പോ പുതിയ തെളിവുകളോ വിവരങ്ങളോ ലഭിച്ചിട്ടില്ലെന്ന് വിജിലൻസ് വ്യക്തമാക്കി. ആത്മഹത്യയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ക്രൈംബ്രാഞ്ചാണ് അന്വേഷിക്കേണ്ടത്. ഗ്യാനേഷ്‌കുമാറിന്റെ സമ്മർദ്ദത്തെ തുടർന്നാണ് ലീ സീ ബീൻ ആത്മഹത്യ ചെയ്തതെന്നു മൊഴി നൽകാൻ പതിബെൽ കമ്പനിയിലെ ഉദ്യോഗസ്ഥനായ ലീയുടെ സുഹൃത്ത് തയ്യാറാണെന്ന് കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. ഗ്യാനേഷ് കുമാർ ലീ യെ മാനസികമായി പീഡിപ്പിച്ചുവെന്നാണ് സുഹൃത്തിന്റെ വെളിപ്പെടുത്തൽ. ഈ സാഹചര്യത്തിലാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ശുപാർശ ചെയ്യുക.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: GYANESHKUMAR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA