
തിരുവനന്തപുരം: ബോൺ ആൻഡ് ജോയിന്റ് ഹെൽത്ത് വാക്കത്തോൺ ആരോഗ്യ വകുപ്പ് മന്ത്രി കെ. മുരളീധരൻ ഇന്നലെ ഫ്ലാഗ് ഓഫ് ചെയ്തു. ദേശീയ ബോൺ ആൻഡ് ജോയിന്റ് ദിനത്തിന്റെ ഭാഗമായി തിരുവനന്തപുരം ഓർത്തോപീഡിക് സൊസൈറ്റി (ടി.ഒ.എസ്), കേരള ഓർത്തോപീഡിക് അസോസിയേഷൻ (കെ.ഒ.എ),ഇന്ത്യൻ ഓർത്തോപീഡിക് അസോസിയേഷൻ (ഐ.ഒ.എ) എന്നിവരുടെ നേതൃത്വത്തിലാണ് വാക്കത്തോൺ സംഘടിപ്പിച്ചത്.
കവടിയാർ ജംഗ്ഷനിൽ നിന്ന് മ്യൂസിയം വരെ നടന്ന വാക്കത്തോണിൽ ഡോക്ടർമാർ,ആരോഗ്യപ്രവർത്തകർ,മെഡിക്കൽ വിദ്യാർത്ഥികൾ,പൊതുജനങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. ദേശീയ അസ്ഥി-സന്ധി ദിനത്തോടനുബന്ധിച്ച് വിവിധ ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്. എസ്.എ.പി പൊലീസ് ക്യാമ്പിൽ ബേസിക് ലൈഫ് സപ്പോർട്ട് പരിശീലനം,സ്‌കൂൾ വിദ്യാർത്ഥികളിൽ നട്ടെല്ലിന്റെ വൈകല്യങ്ങൾ നേരത്തേ കണ്ടെത്തുന്നതിനുള്ള സ്‌പൈൻ സ്‌ക്രീനിംഗ് സർവെ എന്നിവ നടത്തി. ഓസ്റ്റിയോപൊറോസിസ് വിഷയത്തിൽ ഡോ. ഷബീറും നടുവേദനയും പ്രതിരോധവും വിഷയത്തിൽ ഡോ. സബരിശ്രീയും ബോധവത്കരണ ക്ലാസുകൾ നടത്തി. കേരള ഓർത്തോപീഡിക് അസോസിയേഷൻ പ്രസിഡന്റ് ഡോ. സുബിൻ സുഗത്,വൈസ് പ്രസിഡന്റ് ഡോ. ജിജു നുമാൻ,സെക്രട്ടറി ഡോ. അൻസു ആനന്ദ്,ട്രഷറർ റിയാസ് അലി,തിരുവനന്തപുരം ഓർത്തോപീഡിക് സൊസൈറ്റി പ്രസിഡന്റ് ഡോ. സതീഷ് കുമാർ,സെക്രട്ടറി ഡോ. ഇ. കൈസർ എന്നിസ്,ട്രഷറർ ഡോ. സഗീർ എന്നിവരുടെ നേതൃത്വത്തിലാണ് പരിപാടികൾ സംഘടിപ്പിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |