
കൊല്ലം: പുന്തലത്താഴത്ത് നിന്ന് കാണാതായ യുവതിയെയും രണ്ട് മക്കളെയും മധുരയിൽ നിന്ന് കണ്ടെത്തി ബന്ധുക്കൾക്കൊപ്പം വിട്ടയച്ചു.ഇൻഷ്വറൻസ് കമ്പനി ജീവനക്കാരിയെയും പന്ത്രണ്ട് വയസുള്ള ആൺകുട്ടിയെയും മൂന്നര വയസുള്ള പെൺകുട്ടിയെയുമാണ് കണ്ടെത്തിയത്. കഴിഞ്ഞ ഞായറാഴ്ച രാവിലെ ക്ഷേത്രത്തിൽ പോകുന്നുവെന്ന് പറഞ്ഞാണ് ഇവർ കാറിൽ, വീട്ടിൽ നിന്ന് തിരിച്ചത്. ഇടയ്ക്ക് ബന്ധുക്കൾ ഫോണിൽ വിളിച്ചെങ്കിലും സ്വിച്ച് ഓഫ് ആയിരിന്നു.വൈകിട്ടോടെയും ഇവരെക്കുറിച്ച് വിവരം ലഭിക്കാത്തതിനെ തുടർന്ന് ബന്ധുക്കൾ ഇരവിപുരം പൊലീസിൽ പരാതി നൽകുകയായിരുന്നു. ഇവരുടെ കാർ തെന്മല കടന്നുപോകുന്ന നിരീക്ഷണ ക്യാമറാ ദൃശ്യം പൊലീസിന് ലഭിച്ചിരുന്നു.തുടർന്ന് തമിഴ്നാട് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മധുരയിലെ ഹോട്ടലിൽ നിന്ന് ശനിയാഴ്ച രാത്രി മൂവരെയും കണ്ടെത്തിയത്.പൊലീസ് തേടിയെത്താതിരിക്കാൻ മൊബൈൽ ഫോണും എ.ടി.എം കാർഡും ഉപയോഗിച്ചിരുന്നില്ല. കടബാദ്ധ്യതകളാണ് നാടുവിടാൻ കാരണമെന്ന് യുവതി പറഞ്ഞു.ഭാര്യയെയും മക്കളെയും കാണാതായതറിഞ്ഞ് വിദേശത്തായിരുന്ന ഭർത്താവ് കഴിഞ്ഞദിവസം നാട്ടിൽ എത്തിയിരുന്നു.നാട്ടിലേക്ക് വരാൻ വിസമ്മതിച്ച യുവതിയെ ബന്ധുക്കൾ ഫോണിൽ വിളിച്ച് അനുനയിപ്പിക്കുകയായിരുന്നു.മജിസ്ട്രേറ്റിന്റെ വസതിയിൽ ഹാജരാക്കിയ മൂന്നുപേരെയും ബന്ധുക്കൾക്കൊപ്പം വിട്ടയച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |