SignIn
Kerala Kaumudi Online
Wednesday, 26 August 2026 12.56 AM IST

അറസ്റ്റ് ചെയ്യാത്ത കസ്റ്റഡി ചില സാഹചര്യങ്ങളിൽ നിയമപരം,​ സുപ്രധാന ഉത്തരവുമായി ഹൈക്കോടതി

READ ENGLISH VERSION
gh

കൊച്ചി: കേസന്വേഷണത്തിനായി അറസ്റ്റ് രേഖപ്പെടുത്താതെ ഒരാളെ കസ്റ്റഡിയിൽ വെയ്‌ക്കുന്നത് ചില സാഹചര്യങ്ങളിൽ നിയമവിരുദ്ധമാകില്ലെന്ന് ഹൈക്കോടതി ഉത്തരവിട്ടു. എൻ.ഡി.പി.എസ് (ലഹരിമരുന്നുകേസുകൾ), പി.എം.എൽ.എ (കള്ളപ്പണം), കസ്റ്റംസ് ആക്ട് തുടങ്ങിയവയിൽ ഇത്തരം തടങ്കലിന് അനുമതിയുണ്ട്. ബി.എൻ.എസ് വകുപ്പ് 179 (1) പ്രകാരം മുൻകൂർ നോട്ടീസ് നൽകി വിളിപ്പിക്കുന്നതും നിയമവിരുദ്ധ കസ്റ്റഡിയല്ലെന്ന് ജസ്റ്റിസ് കൗസർ എടപ്പഗത്ത് വ്യക്തമാക്കി.

അറസ്റ്റ് ചെയ്‌ത് 24 മണിക്കൂറിനകം കോടതിയിൽ ഹാജരാക്കിയില്ലെന്ന വാദവുമായി ഫയൽ ചെയ്ത ജാമ്യഹർജികളിലാണ് ഹൈക്കോടതി വ്യക്തത വരുത്തിയത്. വ്യക്തികളെ നിയമവിരുദ്ധമായി പിടിച്ചുവച്ചോ എന്നത് ഓരോ കേസിന്റെയും അടിസ്ഥാനത്തിൽ പരിശോധിക്കണം.

തടങ്കലിൽ വയ്‌ക്കുന്നതിന് കൃത്യമായ നടപടിക്രമം പാലിക്കണം. മുൻകൂർ നോട്ടീസ് നൽകൽ, കസ്റ്റഡിയിലെടുത്ത സമയവും അറസ്റ്റ് ചെയ്ത സമയവും കൃത്യമായി രേഖപ്പെടുത്തൽ, അറസ്റ്റ് രേഖപ്പെടുത്തി 24 മണിക്കൂറിനകം മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കൽ, അറസ്റ്റിനുള്ള കാരണങ്ങൾ വ്യക്തമായി അറിയിക്കൽ തുടങ്ങിയ നടപടിക്രമങ്ങൾ പാലിക്കണം. രേഖകൾ പരിശോധിച്ച് മജിസ്‌ട്രേട്ട് തീരുമാനമെടുക്കണം.
മയക്കുമരുന്ന് കേസ്, മാനഭംഗ കൊലപാതകം തുടങ്ങിയ കേസുകളിലെ പ്രതികളായിരുന്നു ഹർജിക്കാർ. ഇതിൽ തൃശൂർ സ്വദേശി ടി.വി. അനീഷിന്റെ ജാമ്യഹർജി അനുവദിച്ചു. കസ്റ്റഡിയിലെടുത്ത സമയം കൃത്യമായി രേഖപ്പെടുത്താത്തത് കണക്കിലെടുത്താണിത്.
കൊലക്കേസിൽ പ്രതിയായ മലപ്പുറം സ്വദേശി മുജീബ് റഹ്‌മാൻ, മയക്കുമരുന്ന് കേസുകളിൽ പ്രതികളായ അരുൺ കെ. തോമസ്, വി.എ. സർഫാസ്, റഷാദ് മുഹമ്മദ്, പി.കെ. മുഹമ്മദ് അഷീൽ എന്നിവരുടെ ജാമ്യഹർജികൾ തള്ളി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: HIGHCOURT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA