SignIn
Kerala Kaumudi Online
Tuesday, 21 July 2026 2.27 PM IST

'ഇത് ഞ‍ങ്ങളുടെ കൂടെ സർക്കാരാണ്,​ മുഖ്യമന്ത്രി ഞങ്ങളുടെ ആശങ്കകൾ ക്ഷമാപൂർവം കേട്ടു,​ അനുകൂല തീരുമാനം ഉണ്ടാകുമെന്നാണ് വിശ്വാസം'

READ ENGLISH VERSION
-aloshious-xavier
കെ എസ് യു പ്രസിഡന്റ് അലോഷ്യസ് സേവ്യർ

തിരുവനന്തപുരം: ഗവൺമെന്റ് പ്ലീഡർ നിയമനവുമായി ബന്ധപ്പെട്ട പ്രശ്നത്തിനിടെ മുഖ്യമന്ത്രി വി ഡി സതീശനെ നേരിൽക്കണ്ട് കെ എസ് യു പ്രസിഡന്റ് അലോഷ്യസ് സേവ്യർ. കെഎസ്‌യുവിന്റെ ആശങ്കകൾ സർക്കാരിനെ അറിയിച്ചിട്ടുണ്ടെന്നും ബാക്കി തീരുമാനങ്ങൾ എടുക്കേണ്ടത് മുഖ്യമന്ത്രിയാണെന്നും കൂടിക്കാഴ്ചയ്ക്ക് ശേഷം അദ്ദേഹം മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.

മുഖ്യമന്ത്രിയും കോൺഗ്രസിലെ മുഴുവൻ മന്ത്രിമാരും കെഎസ്‌യുവിലൂടെ കടന്നുവന്നവരാണ്. ഒരിക്കൽ കെഎസ്‌യു പ്രവർത്തകർ ആകുന്നവർ ജീവിതകാലം മുഴുവനും ആ പ്രവർത്തനം തുടരുമെന്നതാണ് യാഥാർത്ഥ്യം. ഇത് ഞങ്ങളുടെ സർക്കാരാണ്, ഞങ്ങളുടെ മുഖ്യമന്ത്രിയാണ്. സർക്കാരിന്റെ ഭാഗത്ത് നിന്ന് കെഎസ്‌യുവിന്റെ മുഴുവൻ സ്പിരിറ്റും ഉൾക്കൊണ്ടുകൊണ്ട് ഒരു തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷ.- അലോഷ്യസ് സേവ്യർ പറ‍ഞ്ഞു.

കഴിഞ്ഞ ദിവസങ്ങളിലെല്ലാം സാമൂഹ്യ മാദ്ധ്യമങ്ങളിൽ ഈ വിഷയത്തിന്റെ മെറിറ്റുകളെ കുറിച്ചല്ല ചർച്ച നടന്നത് എന്ന കാര്യം സങ്കടകരമാണ്. പകരം കോൺഗ്രസിനുള്ളിലെ രാഷ്ട്രീയപ്പോരായാണ് ചിത്രീകരിച്ചത്. കോൺഗ്രസ് സർക്കാരിനെതിരെ കെഎസ്‌യു വലിയൊരു പ്രതിഷേധം ഉന്നയിക്കുന്നു എന്ന തരത്തിലായിരുന്നു ചർച്ചകൾ. അങ്ങനെ ഒരു സാഹചര്യവും നിലവിലില്ലെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് വ്യക്തമാക്കി.

കഴിഞ്ഞ പത്തുവർഷക്കാലം ഞങ്ങളെല്ലാരും ഒരുമിച്ച് ചോരയും നീരും വിയർപ്പും ഒഴുക്കിയതിന്റെ ഫലം കൂടിയാണ് കോൺഗ്രസിന്റെ വിജയം എന്നതുകൊണ്ട് ഇത് ഞങ്ങളുടെ സർക്കാരാണ് എന്നാണ് അർത്ഥമാക്കിയത്. കോൺഗ്രസ് സർക്കാരിനെ ദുർബലപ്പെടുത്തുക എന്ന തരത്തിലേക്ക് പല രീതിയിലും സമൂഹ മാദ്ധ്യമങ്ങളിൽ നടക്കുന്ന പ്രചരണങ്ങളെല്ലാം മുഖമില്ലാത്ത ആക്ഷേപങ്ങളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഗവൺമെന്റ് പ്ലീഡർ നിയമനവുമായി ബന്ധപ്പെട്ട് സ‌ർക്കാരും കെഎസ്‌യുവും തമ്മിലുള്ള അഭിപ്രായ ഭിന്നതയ്ക്കിടെ കൊച്ചിയിലെ സേക്രട്ട് ഹാർട് കോളേജിൽ നടന്ന പരിപാടിയിൽ അലോഷ്യസ് സേവ്യറെ കണ്ടിട്ടും മുഖ്യമന്ത്രി മുഖം കൊടുക്കാതെ പോയത് വലിയ വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ കൂടിക്കാഴ്ച നടന്നത്.

English Summary

KSU president Aloshious Xavier met the Chief Minister over the pleader appointment controversy, saying the organization's concerns have been conveyed to the government. He dismissed claims of a rift within the Congress, expressing confidence that the government would take a decision reflecting KSU's interests.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KSU STATE PRESIDENT, ALOSHIOUS XAVIER MET VD SATHEESAN, KSU STATE PRESIDENT ALOSHIOUS XAVIER, VD SATHEESAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA