
കൊച്ചി: ഡൽഹി സമരത്തിന് പരോക്ഷ പിന്തുണ അറിയിച്ച് സൂപ്പർസ്റ്റാർ മമ്മൂട്ടി. യുവാക്കളുടെ ശബ്ദം കേൾക്കണമെന്ന് സമരത്തിന്റെ പേര് പറയാതെ അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. ''യുവതയാണ് നമ്മുടെ രാജ്യത്തിന്റെ യഥാർത്ഥ നിധികൾ. അവരുടെ ശബ്ദം കേൾക്കണം. അവരെ സംരക്ഷിക്കണം. അവർക്ക് കരുത്തേകണം" എന്നാണ് കുറിച്ചത്.
പോസ്റ്റിട്ട് ഒരു മണിക്കൂറിനകം ഇരുപതിനായിരത്തിലേറെ ലൈക്കും പതിനയ്യായിരത്തിലേറെ കമന്റുകളും ലഭിച്ചു. മമ്മൂട്ടിയെ അനുകൂലിച്ചും പ്രതികൂലിച്ചും കമന്റുകളുണ്ട്. എങ്ങും തൊടാതെ അഭിപ്രായം പറഞ്ഞു, ആദ്യം താരസംഘടനയായ അമ്മയിലെ പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാക്കൂ തുടങ്ങിയ കമന്റുകളുമുണ്ട്.ഡൽഹി പ്രതിഷേധത്തെ പിന്തുണച്ച് മോഹൻലാലിന്റെ മകൾ വിസ്മയ, ടൊവിനോ, ആസിഫലി തുടങ്ങിയവരും രംഗത്തുവന്നിരുന്നു. ഇവരും സൈബർ ആക്രമണം നേരിട്ടു.
ഹൃദയം വേദനിക്കുന്നു: ദുൽഖർ സൽമാൻ
വിദ്യാർത്ഥികൾ നേരിടുന്ന പ്രതിസന്ധിയും അനിശ്ചിതത്വവും ഹൃദയം തകർക്കുന്നതാണെന്ന് നടൻ ദുൽഖർ സൽമാൻ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. ഭിന്നിപ്പും അക്രമവും വഴിയല്ല, സഹാനുഭൂതിയോടെയാണ് ഭാവി കെട്ടിപ്പടുക്കേണ്ടത്. വിദ്യാഭ്യാസം പ്രതീക്ഷകളുടെയും അവസരങ്ങളുടെയും മികച്ച ഭാവിയുടെയും വാഗ്ദാനങ്ങളാണ്. ജന്തർ മന്ദിറിൽ നടക്കുന്ന സംഭവങ്ങൾ, ആലോചിക്കാനും വിഷയങ്ങൾ കേൾക്കാനും പരസ്പരം മനസിലാക്കാനും ഓർമ്മിപ്പിക്കുന്നതാണ്. യുവാക്കൾ വലിയ അനിശ്ചിതത്വം നേരിടുന്നത് വലിയ വിഷമമുണ്ടാക്കുന്നു. ചിലർ മുന്നോട്ടുപോകാൻ വഴിയില്ലെന്ന് വിചാരിക്കുന്നു. ചിലർ എല്ലാം അവസാനിപ്പിക്കാൻ പോകുന്നു. അതറിയുമ്പോൾ ഹൃദയം കൂടുതൽ വേദനിക്കുന്നു. ഫലപ്രദമായ ചർച്ചകൾ, സമാധാനപരമായ പരിഹാരങ്ങൾ, പക്വമായ തീരുമാനങ്ങൾ എന്നിവയിലാണ് പ്രതീക്ഷ. ധാരണയിൽ കെട്ടിപ്പടുക്കുന്ന ഭാവി ശക്തമായിരിക്കുമെന്നും അദ്ദേഹം കുറിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |