SignIn
Kerala Kaumudi Online
Friday, 23 October 2026 2.50 AM IST

ഉയർന്ന വിലയ്ക്ക് വൈദ്യുതി ; ചോദ്യങ്ങളുമായി കമ്മിഷൻ

electric-bill

തിരുവനന്തപുരം:2027 ഏപ്രിൽവരെ ഹ്രസ്വകാലകരാറുകൾവഴി ഉയർന്നവിലയ്ക്ക് വൈദ്യുതി വാങ്ങാനുള്ള കെ.എസ്.ഇ.ബിയുടെ അപേക്ഷയിൽ ചോദ്യങ്ങളുയർത്തി റഗുലേറ്ററി കമ്മിഷൻ. ബാറ്ററി എനർജി സ്‌റ്റോറേജ്(ബെസ്) പദ്ധതികൾ പൂർത്തീകരിക്കുന്നതിലെ മെല്ലപ്പോക്ക് എന്തുകൊണ്ടാണെന്നും തെളിവെടുപ്പിൽ കമ്മിഷൻ ആരാഞ്ഞു. യൂണിറ്റിന് 13.89രൂപ വരെ വൈദ്യുതി വാങ്ങുമ്പോൾ ഉപഭോക്താക്കൾക്കുണ്ടാകുന്ന ബാദ്ധ്യതയും ചൂണ്ടിക്കാട്ടി. ബെസ് പദ്ധതികളിൽ ഒന്ന് മാത്രമാണ് നിർമ്മാണം പൂർത്തിയായത്. മറ്റുള്ളവ വൈകുന്നതിനെ വിമർശിച്ചു. വിലകൂടിയ വൈദ്യുതി വാങ്ങുന്നത് ഒഴിവാക്കാൻ ബാങ്കിംഗ് ഉൾപ്പെടെയുളള സാദ്ധ്യതകൾ പരിശോധിച്ചുകൂടേയെന്നും ആരാഞ്ഞു. വൈദ്യുതി വാങ്ങലിൻറെ വിശദാംശങ്ങൾ സമർപ്പിക്കാനും ആവശ്യപ്പെട്ടു.
പി.ടി.സി.ഇന്ത്യ, ടാറ്റാപവർ, ജിൻഡാൽ, മണികരൺ, ആർ.പി.ജി പവർ തുടങ്ങിയ കമ്പനികളിൽനിന്ന് യൂണിറ്റിന് 8രൂപ മുതൽ 13.89രൂപവരെ നൽകിയാണ് വൈദ്യുതി വാങ്ങാൻ ലക്ഷ്യമിടുന്നത്. 336.246 കോടി രൂപ ചെലവ് കണക്കാക്കുന്നു. 10 രൂപവരെ യൂണിറ്റിന് നൽകിയാണ് കെ.എസ്.ഇ.ബിക്ക് വൈദ്യുതി വാങ്ങാൻ അനുമതിയുളളത്. മാർച്ച്, ഏപ്രിൽ മാസങ്ങളിൽ കമ്പനികളെല്ലാം 13രൂപയിലേറെയാണ് ആവശ്യപ്പെട്ടിട്ടുള്ളത്. ഒക്ടോബർ-175 മെഗാവാട്ട്, നവംബർ-295 മെഗാവാട്ട്, ഡിസംബർ-170 മെഗാവാട്ട്, ജനുവരി-439 മെഗാവാട്ട്, ഫെബ്രുവരി-439 മെഗാവാട്ട്, മാർച്ച്-517 മെഗാവാട്ട്, ഏപ്രിൽ-190മെഗാവാട്ട് എന്നിങ്ങനെയാണ് ലഭ്യമാവുക. കെ.എസ്.ഇ.ബി സമർപ്പിക്കുന്ന വിശദാംശങ്ങൾ പരിശോധിച്ചശേഷമാകും കരാറുകളുടെ അനുമതിയിൽ തീരുമാനമെടുക്കുക.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ELECTRICITY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA