
തിരുവനന്തപുരം:എസ്.എം.എ രോഗത്തിനുള്ള മരുന്നുപരീക്ഷണമെന്ന പേരിൽ തെറ്റിദ്ധാരണ പരത്താനാണ് ശ്രമമെന്ന് എസ്.എ.ടി ആശുപത്രി. സർക്കാർ മേഖലയിൽ കുഞ്ഞുങ്ങൾക്കും ഗർഭിണികൾക്കും മികച്ച ചികിത്സയൊരുക്കുന്ന ആശുപത്രിയുടെ വികസനപ്രവർത്തനങ്ങളെ തുരങ്കംവയ്ക്കുകയാണെന്നും സൂപ്രണ്ട് ഡോ.റിയാസ് പറഞ്ഞു. എസ്.എം.എ.ബാധിതർക്ക് ലക്ഷങ്ങളുടെ വിദേശമരുന്നിന് പകരം ഇന്ത്യൻ മരുന്ന് നൽകാനുള്ള തീരുമാനം സർക്കാർ നിയോഗിച്ച വിദഗ്ദ്ധസമിതിയുടെ ശുപാർശയുടെ അടിസ്ഥാനത്തിലാണ്. മുൻസർക്കാരിന്റെ കാലത്ത് തുടങ്ങിയത് സമയബന്ധിതമായി ഈ സർക്കാരിന് പൂർത്തിയാക്കാനായി. അതിവേഗം മരുന്ന് ലഭ്യമാക്കാനുമായി. സുപ്രീംകോടതിയും ഡ്രഗ്‌സ് കൺട്രോളർ ഒഫ് ഇന്ത്യയും വില്പനാനുമതി നൽകിയത് നടപടികൾ പൂർത്തിയായെന്ന് വിലയിരുത്തിയാണ്. തെറ്റിദ്ധാരണപരത്തി രോഗികളെ ആശങ്കയിലാക്കരുത്. ഒരുവർഷത്തോളമായി പൊതുവിപണിയിൽ വിറ്റഴിക്കുന്നതും നിരവധി എസ്.എം.എ ബാധിതർ കഴിക്കുന്നതുമായ മരുന്ന് സർക്കാർ സൗജന്യമായി വിതരണം ചെയ്യുമ്പോഴാണ് പ്രചാരണമെന്നും സൂപ്രണ്ട് പത്രക്കുറിപ്പിൽ പറഞ്ഞു.
അതേസമയം, സാമ്പിൾ/ക്ലിനിക്കൽ ട്രയൽ രേഖപ്പെടുത്തിയ മരുന്നുകൾ നൽകാനുണ്ടായ സാഹചര്യം ആരോഗ്യവകുപ്പ് പരിശോധിക്കുന്നുണ്ട്. വിദേശകമ്പനിയുടെ മരുന്നിനുപകരം ഉപയോഗിക്കുന്ന ഇന്ത്യൻകമ്പനിയുടെ മരുന്ന് സ്‌റ്റോക്ക് തീർന്നതിനാലാണ് സാമ്പിൾ എന്ന് രേഖപ്പെടുത്തിയത് നൽകിയതെന്നാണ്
വിശദീകരണം. ഗുണമേന്മയിൽ ഒരുകുറവുമില്ലെന്നും രോഗാവസ്ഥയിലുള്ള കുട്ടികൾക്ക് മരുന്ന് മുടങ്ങേണ്ടെന്ന് കരുതിയാണ് നൽകിയതെന്നും ഡോക്ടർമാർ ആരോഗ്യവകുപ്പ് അധികൃതരെ അറിയിച്ചിട്ടുണ്ട്.
സ്പൈനൽ മസ്‌കുലാർ അട്രോഫിയുളള കുട്ടികളുടെ തുടർചികിത്സയ്ക്കും സാമ്പത്തികഭാരം കുറയ്ക്കുന്നതിനുമുളള ആരോഗ്യവകുപ്പിൻറെ നടപടികൾ സ്വാഗതാർഹമാണെന്ന് ഐ. എം.എ.അഭിപ്രായപ്പെട്ടു. റോഷെ കമ്പനിയുടെ മരുന്നിന് പകരമായി നാറ്റ്കോ ഫാർമയുടെ വിലകുറഞ്ഞ റിസ്ഡിപ്ലാം മരുന്ന് നൽകുന്നത് ചികിത്സ താങ്ങാനാവുന്നതാക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് ഡോ.എം.എൻ.മേനോനും സെക്രട്ടറി ഡോ.റോയ്.ആർ.ചന്ദ്രനും പറഞ്ഞു.
മന്ത്രിയെ സന്ദർശിച്ചത് സർട്ടിഫിക്കറ്റ് നൽകാൻ
നാറ്റ്കോ ഫാർമ കമ്പനി പ്രതിനിധികൾ ആരോഗ്യമന്ത്രി കെ. മുരളീധരനെ സന്ദർശിച്ചതും വിവാദത്തിൽ. ചിത്രങ്ങൾ പുറത്തുവന്നു. ആഗസ്റ്റ് അഞ്ചിനായിരുന്നു കൂടിക്കാഴ്ച. എസ്.എം.എ മരുന്ന് വിവാദത്തിനിടെ ചിത്രം പുറത്തുവന്നത്. എസ്.എ.ടി ആശുപത്രി സൊസൈറ്റിക്ക് സി.എസ്.ആർ ഫണ്ട് കൊടുത്തതിന്റെ സർട്ടിഫിക്കറ്റ് നൽകാനാണ് കമ്പനി പ്രതിനിധികൾ എത്തിയതെന്നാണ് മന്ത്രിയുടെ ഓഫീസിന്റെ വിശദീകരണം.
പകർച്ചവ്യാധികൾ ബാധിച്ച കുഞ്ഞുങ്ങൾക്കുള്ള 14-ാം വാർഡ് (ഐസോലേഷൻ) നവീകരിക്കാൻ മാർച്ച് 25ന് അന്നത്തെ സൂപ്രണ്ട് കമ്പനിയോട് സി.എസ്.ആർ ഫണ്ട് ആവശ്യപ്പെട്ടിരുന്നു. തുടർന്ന് ആദ്യ ഗഡുവായി 25 ലക്ഷം രൂപ ആശുപത്രി സൊസൈറ്റിയുടെ അക്കൗണ്ടിലേക്ക് കൈമാറി. ഇതുസംബന്ധിച്ച സർട്ടിഫിക്കറ്റ് കൈമാറാനാണ് കമ്പനി പ്രതിനിധികൾ മന്ത്രിയെ സന്ദർശിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |