കൊച്ചി: സവാള വിലക്കയറ്റത്തിൽ പൊറുതിമുട്ടുന്ന ഉപഭോക്താക്കൾക്ക് ആശ്വാസമായി സർക്കാരിന്റെ ഇടപെടൽ. ഹോർട്ടികോർപ്പിന്റെ നേതൃത്വത്തിൽ ജില്ലയിൽ കിലോയ്ക്ക് 35 രൂപ നിരക്കിൽ സവാള വില്പനയ്ക്ക് ഇന്ന് തുടക്കമാകും. രാവിലെ 10.30ന് തൃക്കാക്കര നഗരസഭ ചെയർമാനും വാർഡ് മെമ്പറുമായ റാഷിദ് ഉള്ളമ്പള്ളി വില്പനയുടെ ഉദ്ഘാടനം നിർവഹിക്കും. ഹോർട്ടികോർപ്പിന്റെ വില്പനശാലകളിലൂടെയും മൊബൈൽ യൂണിറ്റുകളിലൂടെയും ജില്ലയിലെ വിവിധ ഭാഗങ്ങളിൽ സവാള ലഭ്യമാക്കുന്നതിനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തി. പൊതുവിപണിയിൽ വില ഉയർന്ന സാഹചര്യത്തിലാണ് സർക്കാർ ഇടപെടൽ.
വില നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സർക്കാർ ദേശീയ സഹകരണ ഉപഭോക്തൃ ഫെഡറേഷൻവഴി 100 ടൺ സവാള സംഭരിച്ച് വിപണിയിലെത്തിക്കും. ആദ്യഘട്ടമായി 30 ടൺ സവാളയ്ക്കുള്ള ഓർഡർ നൽകിയിരുന്നു. സംഭരിക്കുന്ന സവാള ഹോർട്ടികോർപ്പിന്റെയും സപ്ലൈകോയുടെയും കേന്ദ്രങ്ങൾവഴി കിലോയ്ക്ക് 35 രൂപ നിരക്കിൽ വിൽക്കും. വിലയും ലഭ്യതയും തുടർച്ചയായി നിരീക്ഷിച്ച് ആവശ്യാനുസരണം കൂടുതൽ സവാള വിപണിയിലെത്തിക്കുമെന്നും സർക്കാർ അറിയിച്ചിട്ടുണ്ട്.
കഴിഞ്ഞദിവസങ്ങളിൽ വിപണികളിൽ മൊത്തവില കിലോയ്ക്ക് 58 മുതൽ 80 രൂപ വരെയെത്തിയിരുന്നു. ഒരുമാസം മുമ്പത്തെ ശരാശരി വില 38 50 രൂപയായിരുന്നു. 20 രൂപയുടെ വർദ്ധനയാണുണ്ടായത്. കഴിഞ്ഞ വർഷം ഇതേ കാലയളവിലെ ശരാശരി വില 28 43 രൂപയായിരുന്നു. വിപണിയിലെത്തുന്ന സവാളയുടെ അളവ് കുറഞ്ഞതും പ്രതികൂല കാലാവസ്ഥ മൂലമുള്ള ഉത്പ്പാദന ആശങ്കകളുമാണ് വിലക്കയറ്റത്തിന് കാരണങ്ങളായി വ്യാപാരികൾ പറയുന്നത്. രാജ്യത്തെ പ്രധാന സവാള വിപണികളിലൊന്നായ മഹാരാഷ്ട്രയിലെ ലാസൽഗാവിലും വില വർദ്ധനയുണ്ട്.
സംസ്ഥാന സർക്കാരിന്റെ വിപണി ഇടപെടലിന്റെ ഭാഗമായി ജില്ലയിലെ ഉപഭോക്താക്കൾക്ക് കൂടുതൽ സവാള ലഭ്യമാക്കുന്നതിനായി ഹോർട്ടികോർപ്പ് വില്പനശാലകൾക്കൊപ്പം മൊബൈൽ യൂണിറ്റുകളും രംഗത്തിറക്കും. വിലക്കയറ്റം തുടരുന്ന സാഹചര്യത്തിൽ സർക്കാർ ഇടപെടൽ ഉപഭോക്താക്കൾക്ക് നേരിട്ട് ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷ. പൊതുവിപണിയിലെ വില നിയന്ത്രിക്കുന്നതിനൊപ്പം കൃത്രിമ ക്ഷാമവും അമിതവില ഈടാക്കലും തടയുന്നതിനുള്ള ഇടപെടലുകൾ ശക്തമാക്കാനുമാണ് ലക്ഷ്യമെന്ന് അധികൃതർ പറഞ്ഞു.
Government intervention is set to provide relief to consumers struggling with rising onion prices. Under the leadership of Horticorp, onion sales at ₹35 per kg will begin in the district today.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |