ന്യൂഡൽഹി: സിജെപിയെ (കോക്രോച്ച് ജനതാ പാർട്ടി) രൂക്ഷമായി വിമർശിച്ച് സിപിഎം നേതാവ് പി സരിൻ. സിജെപിയെ വിശ്വസിക്കരുതെന്നും ആ പ്രസ്ഥാനം ഗൂഢാലോചനയാണെന്നുമാണ് സരിൻ ഒരു വാർത്താചാനലിനോട് പറഞ്ഞത്. മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ത്യാസഖ്യം മാർച്ച് നടത്തുന്നതിനിടെയായിരുന്നു സരിന്റെ പ്രതികരണം. ഇന്ത്യാ സഖ്യത്തിന്റെ സമരത്തിൽ സിജെപി പങ്കെടുക്കാത്തതിനെയും സരിൻ വിമർശിച്ചു.
'സിജെപി ഗൂഢാലോചനയാണെന്ന് ഇന്ത്യൻ ജനാധിപത്യത്തിന് പതിയെ വെളിവാകും. പാർലമെന്റിൽപോയി ജന്തർ മന്ദറിൽ സമരമിരിക്കാൻ അനുവാദം ചോദിക്കുകയാണ്. ആർക്കുവേണ്ടിയാണ് നാടകം കളിക്കുന്നത്. നാടകത്തിൽ നമുക്ക് വിശ്വാസമില്ല. ഈ രാജ്യത്തിന്റെ ഭരണഘടനയെ എങ്ങനെ സംരക്ഷിക്കണമെന്ന് നാളുകളായി രാഷ്ട്രീയം പറയുന്ന, പയറ്റുന്ന മനുഷ്യർക്ക് അറിയാം. ഇന്നലെ വന്നവർക്ക് പുതിയ തലമുറയോട് എന്തൊക്കെയോ പറയാൻ പറ്റിക്കാണും.
ഈ രാജ്യം എങ്ങനെ ഉണ്ടായി എന്നതിന്റെ അകക്കാമ്പ് കാണാനായിട്ടില്ല. അവർക്ക് വേണ്ടത് വേറെ എന്തൊക്കെയാണോ എന്ന് സംശയിക്കേണ്ട സാഹചര്യമാണ്. സിജെപിക്ക് ഇന്ത്യാസഖ്യത്തിന്റെ സമരത്തിലേക്ക് വരാമായിരുന്നു. എന്തുകൊണ്ട് സമരത്തിന് വന്നില്ല, എന്താണ് പ്രശ്നം? അതിൽ വലിയ ഗൂഢാലോചനയുണ്ട്.ചെറുപ്പക്കാരെ ആകർഷിക്കാൻ കഴിയുന്നതുകൊണ്ടാണ് സിജെപിക്കൊപ്പം ഇടതു വിദ്യാർത്ഥി സംഘടനകൾ സമരം ചെയ്യുന്നതും ഒപ്പം നിൽക്കുന്നതും. സമരം ചെയ്യാതിരുന്നാൽ അവരെ കാത്തുനിൽക്കേണ്ടതില്ല. എങ്ങനെ രാജ്യത്തെ സംരക്ഷിക്കണമെന്ന് ഇടതുപക്ഷത്തിന് നന്നായറിയാം. ഇന്നലെ ഡൽഹി കത്തിച്ചത് ഇടത് കുട്ടികളാണ്'.
പ്രതികരണം പരക്കെ ചർച്ചയായതോടെ ഖേദപ്രകടനവുമായി സരിൻ രംഗത്തെത്തി. ഡൽഹിയിലെ സമരമുഖത്ത് നിന്നുകൊണ്ട് ചാനലുകളോട് പ്രതികരിക്കുമ്പോൾ സിജെപിയെക്കുറിച്ച് പറഞ്ഞ അഭിപ്രായം എന്റെ പാര്‍ട്ടിയുടേതല്ല എന്നും, അത് എന്റെ ഭാഗത്ത് നിന്നുണ്ടായ ഗുരുതരമായ വാക്ക് പിഴവാണെന്നും ആദ്യമേ ഏറ്റു പറയട്ടെ എന്നാണ് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞത്.
ഇന്ന് ഡൽഹിയിലെ സമരമുഖത്ത് നിന്നുകൊണ്ട് ചാനലുകളോട് പ്രതികരിക്കുമ്പോൾ CJPയെ കുറിച്ച് പറഞ്ഞ അഭിപ്രായം എന്റെ പാര്‍ടിയുടേതല്ല എന്നും, അത് എന്റെ ഭാഗത്ത് നിന്നുണ്ടായ ഗുരുതരമായ വാക്ക് പിഴവാണെന്നും ആദ്യമേ ഏറ്റു പറയട്ടെ.
എന്റെ പാർട്ടിയുടെ പ്രത്യയശാസ്ത്രത്തോടും, അതിന്റെ രാഷ്ട്രീയപരിപാടികളോടും നീതിപുലർത്തുന്ന ഒരു പ്രസ്താവനയല്ല എൻ്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടുള്ളത്.
സംഘപരിവാറിനെതിരെയുള്ള രാജ്യവ്യാപകമായ പ്രക്ഷോഭത്തിന്റെ ഭാഗമായി CJPയും ഇന്ന് അവിടെ മാർച്ചിൽ പങ്കെടുക്കേണ്ടതായിരുന്നു എന്ന വ്യക്തിപരമായ അഭിപ്രായം പങ്കുവെച്ചു പോകുക മാത്രമായിരുന്നു ഉദ്ദേശം. "CJP ആർഎസ്എസിന്റെ പദ്ധതിയാണ്" എന്ന ആരോപണം ശരിയെന്ന് സ്ഥാപിക്കാൻ കഴിയുന്ന ഒരവസരം സിജെപി ആയിത്തന്നെ ഉണ്ടാക്കി കൊടുക്കരുത് എന്ന് പറയാൻ മാത്രമാണ് ഉദ്ദേശിച്ചത്. എന്നാൽ, ഞാൻ മനസ്സിൽ ഉദ്ദേശിച്ചതല്ല എനിക്ക് കമ്മ്യൂണിക്കേറ്റ് ചെയ്യാൻ കഴിഞ്ഞത്.
അച്ചടക്കമുള്ള ഒരു പാർടി അംഗം എന്ന നിലയിൽ ഇത് എന്റെ ഭാഗത്തുനിന്നുണ്ടായ പിഴവ് ആണെന് മനസ്സിലാക്കുന്നു. അതിൽ നിർവ്യാജമായ ഖേദം പ്രകടിപ്പിക്കുന്നു. സിജെപി എന്നത് ലോകമാകെ ശ്രദ്ധിക്കുന്ന ഒരു യുവജന പ്രസ്ഥാനമാണ്. അതിനെ പറ്റി തീര്‍ത്തും നിരുത്തരവാദപരമായ നിലയില്‍ ഒരു രാഷ്ട്രീയപ്രസ്താവന നടത്തിയതിലെ അനൗചിത്യം ഈ വൈകിയ വേളയിൽ തിരിച്ചറിയുന്നു. രാജ്യത്തിന്റെ ഭരണഘടന സംരക്ഷിക്കാൻ പോരാടുന്ന മുഴുവൻ സമരസഖാക്കൾക്കും അഭിവാദ്യങ്ങൾ.തെറ്റുകൾ ചൂണ്ടിക്കാട്ടിയ എന്റെ പ്രിയ സഖാക്കള്‍ക്ക് നന്ദി.
ലാൽസലാം
CPM leader P. Sarin strongly criticised the Cockroach Janata Party (CJP), warning people not to trust the party and describing the movement as a conspiracy. He made the remarks to a news channel while the INDIA bloc was holding a march demanding the resignation of Chief Election Commissioner Gyanesh Kumar.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |