SignIn
Kerala Kaumudi Online
Tuesday, 13 October 2026 3.25 AM IST

ലോക്ഭവനെ ജനകീയമാക്കിയ ആർ.വി. ആർലേക്കർ

rajendra-viswanath-arlekk

തിരുവനന്തപുരം: മലയാളിയല്ലെങ്കിലും കേരളത്തോട് അത്രയധികം ചേർന്നു നിന്ന ഗവർണറായിരുന്നു തമിഴ്നാട്ടിലേക്ക് സ്ഥലംമാറ്റപ്പെട്ട ആർ.വി.ആർലേക്കർ. കഴിഞ്ഞ വർഷം ജനുവരി രണ്ടിന് ആരിഫ് മുഹമ്മദ് ഖാൻ സ്ഥാനമൊഴിഞ്ഞതിനെ തുടർന്ന് അപ്രതീക്ഷിതമായി കേരളത്തിലേക്കെത്തിയതാണ് ആർലേക്കർ.

യൂണിവേഴ്സിറ്റി പ്രശ്നങ്ങളിൽ സർക്കാരുമായി നിരന്തരം കലഹിച്ചിരുന്ന, നിരന്തരം മാദ്ധ്യമങ്ങളുമായി സംസാരിച്ചിരുന്ന ആരിഫ് മുഹമ്മദ് ഖാൻ അന്നത്തെ പിണറായി വിജയൻ സർക്കാരിന് തലവേദനയായിരുന്നു. എന്നാൽ ആർലേക്കർ ഗവർണർ എന്ന നിലയിൽ സൗമ്യനായിരുന്നു. സ്വന്തമായ നിലപാടുകളും കാഴ്ചപ്പാടുകളുമുണ്ടായിരുന്നു. എന്നാൽ, അതിൽ

തരിമ്പും വിട്ടുവീഴ്ച ചെയ്യാൻ ഒരുക്കമായിരുന്നില്ല. ആരുമായും കലഹിച്ചില്ല.

ഒാണത്തിന് ലോക്ഭവനിൽ പച്ചക്കറി കൃഷിയിറക്കി. അത് വിളവെടുത്ത് ജീവനക്കാർക്കെല്ലാം പങ്കുവച്ചു. കേരളത്തിൽ നിന്നുള്ള ആദ്യരാഷ്ട്രപതിയായിരുന്ന കെ.ആർ.നാരായണന്റെ പ്രതിമ സ്ഥാപിച്ചു. ലോക്‌‌ഭവനിൽ തുഞ്ചൻ സ്മൃതി ലൈബ്രറി തുടങ്ങി. രാജഹംസം എന്ന ത്രൈമാസിക തുടങ്ങി. ജനങ്ങൾക്കെല്ലാം പങ്കെടുക്കാവുന്ന പ്രഭാഷണ പരമ്പര നടത്തി. ലോക്‌‌ഭവനിൽ എഴുത്തിനിരുത്ത് ചടങ്ങ് നടത്തി. അങ്ങനെ ലോക്‌ഭവനെ ജനങ്ങളുമായി ചേർന്നു നിൽക്കുന്ന ഒന്നാക്കി മാറ്റി.

അതേസമയം സർക്കാരുമായി ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറായതുമില്ല. മൂന്ന് തവണ നയപ്രഖ്യാപനം വായിച്ചു.അതിൽ കേന്ദ്രവിരുദ്ധമായതിനെ എല്ലാം സൗമ്യമായി അവഗണിച്ചു. സർവകലാശാലകളെ സംഘർഷരഹിതമാക്കാനും ശ്രമിച്ചു. പിണറായി വിജയൻ സർക്കാരുമായി കരുതലോടെ ഇടപെട്ടു. അതേസമയം വന്ദേമാതരം, ഭാരത് മാത വിവാദങ്ങളിൽ വിട്ടുവീഴ്ചയില്ലാതെ നിലപാടെടുത്തു.

22 മാസത്തെ കേരള ഭരണം കഴിഞ്ഞ് മടങ്ങുമ്പോൾ രണ്ടുകാര്യങ്ങളാണ് അദ്ദേഹത്തിന് പൂർത്തിയാക്കാനാകാതെ പോയത്. ലോക്‌‌ഭവനിൽ വലിയൊരു കൺവെൻഷൻ സെന്റർ എന്ന പദ്ധതിയും ശ്രീനാരായണ ഗുരുവിനും ആദി ശങ്കരനും ലോക്‌‌ഭവനിൽ പ്രതിമ സ്ഥാപിക്കണമെന്നതും. അതിന് തുടക്കമിടുന്നതിനിടയിലാണ് കേന്ദ്ര തീരുമാനം ഉണ്ടായത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: RAJENDRA VISWANATH ARLEKKAR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA