
തിരുവനന്തപുരം: എൻജിനിയറിംഗ്, സയൻസ്, സംരംഭകത്വ മേഖലകളിൽ 15 വർഷത്തെ പ്രവൃത്തി പരിചയമുള്ള വിദ്ഗദ്ധരെ 'പ്രൊഫസർ ഒഫ് പ്രാക്ടീസ്'ആയി നിയമിക്കാൻ കേരള സർവകലാശാല സിൻഡിക്കേറ്റ് തീരുമാനിച്ചു. നാലുവർഷ കാലാവധിയിലെ താത്കാലിക നിയമനമാണ്. വിരമിച്ച അദ്ധ്യാപകരെ സർവകലാശാല പഠന വകുപ്പുകളിൽ ഗസ്റ്റ് അദ്ധ്യാപകരായി നിയമിക്കില്ല. യു.ജി.സി യോഗ്യതയുള്ളവരെ കരാറടിസ്ഥാനത്തിൽ അസി. പ്രൊഫസർമാരായി നിയമിക്കും.
എയ്ഡഡ് കോളേജുകളിലെ നിയമനങ്ങൾ പി.എസ്.സിക്ക് വിടുന്നത് പഠിക്കാൻ സ്റ്റാഫ് ഉപസമിതിയെ നിയോഗിച്ചു. ദുഷ്‌പ്രവണതകളൊഴിവാക്കാൻ നിയമനങ്ങൾ പി.എസ്.സിക്ക് വിടാമെന്ന് വി.സി ഡോ.മോഹനൻ കുന്നുമ്മേൽ പറഞ്ഞു. അതിനുള്ള പ്രമേയം പാസാക്കണമെന്ന് സി.പി.എം , ബി.ജെ.പി അംഗങ്ങൾ ആവശ്യപ്പെട്ടു. എന്നാൽ തട്ടിപ്പുകാരുടെ കൂടാരമായ പി.എസ്.സിക്ക് വിട്ടാൽ ജനം എതിരാവുമെന്ന് കോൺഗ്രസ് അംഗം ആർ.എസ്.ശശികുമാർ ചൂണ്ടിക്കാട്ടി. ഗവേഷക വിദ്യാർഥി വിപിൻ വിജയന് പി എച്ച് ഡി ബിരുദം തടഞ്ഞുവച്ചത് അടുത്ത സിൻഡിക്കേറ്റ് ചർച്ച ചെയ്യും. ഈ വിഷയത്തിൽ സി.പി.എം- യു.ഡി.എഫ് അംഗങ്ങൾ തമ്മിൽ വാഗ്വാദമായി.
കേരള സർവകലാശാല സെനറ്റ് ഹൗസ് , കാര്യവട്ടം ക്യാമ്പസുകളിലെ പ്രവേശന കവാടത്തിൽ കൊടി തോരണങ്ങൾ, ഫ്ലക്സ് ബോർഡുകൾ, ബാനറുകൾ എന്നിവ നിരോധിച്ചു. ഇതിന് പ്രത്യേക സ്ഥലം അനുവദിക്കും.. വിവിധ ഗവേഷണ പ്രോജക്ടുകൾക്ക് അനുവദിച്ച ഫണ്ട് റഗുലറൈസ് ചെയ്യാത്ത വകുപ്പു മേധാവികൾക്കെതിരേ അന്വേഷണം നടത്തണമെന്ന് ഫിനാൻസ് കമ്മിറ്റി കൺവീനർ നിർദ്ദേശിച്ചത് ബഹളത്തിനിടയാക്കി. പ്രോജക്ട് കോ-ഓർഡിനേഷൻ സെൽ കാര്യവട്ടം ക്യാമ്പസിൽ ആരംഭിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |