
തിരുവനന്തപുരം: പി.എം ശ്രീ പദ്ധതിയുമായി സംസ്ഥാനം മുന്നോട്ടുപോകുന്നതിലെ അതൃപ്തി കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതിയിൽ ഉയർന്നതിന് പിന്നാലെ, വിദ്യാഭ്യാസ മേഖലയിലെ വിഷയങ്ങൾ എ.ഐ.സി.സി നേതൃത്വവുമായി ചർച്ച ചെയ്യാൻ മുഖ്യമന്ത്രി വി.ഡി.സതീശൻ ഡൽഹിയിലെത്തി. ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടതനുസരിച്ചാണിത്.
കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷിയാണ് പി.എംശ്രീയുമായി മുന്നോട്ടു പോകുന്നതിനെ രാഷ്ട്രീയകാര്യ സമിതിയിൽ വിമർശിച്ചത്. പാർട്ടിയും സർക്കാരുമായി ഏകോപനമില്ലെന്നും അവർ വിമർശിച്ചു. എന്നാൽ മുഖ്യമന്ത്രി ഇതിനെ യോഗത്തിൽ ഖണ്ഡിച്ചു. ഇതിലെ അസന്തുഷ്ടി അദ്ദേഹം കേന്ദ്രനേതൃത്വത്തെ ധരിപ്പിച്ചേക്കാം. കെ.പി.സി.സിക്ക് മുഴുവൻ സമയ അദ്ധ്യക്ഷനെ നിയമിക്കണമെന്നും ആവശ്യപ്പെടും. പ്രസിഡന്റ് പദവി മോഹിച്ച് അര ഡസനിലേറെ നേതാക്കൾ രംഗത്തുണ്ടെങ്കിലും, ചർച്ചകളിലേക്ക് ദേശീയ നേതൃത്വം കടന്നിട്ടില്ല.
കെ.പി.സി.സി നേതൃയോഗം 10ന്
കെ.പി.സി.സി ഭാരവാഹികളുടെയും ഡി.സി.സി പ്രസിഡന്റുമാരുടെയും യോഗം 10 ന് രാവിലെ 10.30 ന് കെ.പി.സി.സി ആസ്ഥാനത്ത് ചേരും. ഭരണനേട്ടങ്ങൾ ജനങ്ങളിലെത്തിക്കാനുള്ള രൂപരേഖ തയ്യാറാക്കലാണ് മുഖ്യ ലക്ഷ്യം. പുനഃസംഘടന എപ്പോൾ നടക്കുമെന്ന് വ്യക്തമല്ലാത്തതിനാൽ ,സംഘടനാപ്രവർത്തനം ഊർജ്ജസ്വലമാക്കണമെന്ന കെ.പി.സി.സി അദ്ധ്യക്ഷന്റെ നിലപാടും ചർച്ചയാവും. ബോർഡ്, കോർപ്പറേഷൻ തലപ്പത്തേക്ക് കോൺഗ്രസ് പ്രതിനിധികളെ നിശ്ചയിക്കാനുള്ള മാർഗ്ഗരേഖ ചർച്ച ചെയ്യും. ഇതിന്റെ വിഭജനം സംബന്ധിച്ച് ഘടകകക്ഷികളുമായുള്ള ചർച്ചയും നടന്നിട്ടില്ല.
പ്രധാനപദവികൾ ഘടകകക്ഷികൾക്ക് നൽകാനുള്ള നീക്കത്തിൽ രാഷ്ട്രീയകാര്യ സമിതിയിൽ വിമർശനമുയർന്നിരുന്നു. കോൺഗ്രസിന്റെ പ്രതിനിധികളെ കണ്ടെത്താൻ സമിതിയെ നിയോഗിക്കണമെന്ന നിർദ്ദേശം ഉയർന്നിരുന്നെങ്കിലും മുഖ്യമന്ത്രി ഇതിനോട് വിയോജിച്ചിരുന്നു. മുഖ്യമന്ത്രിയും കെ.പി.സി.സി അദ്ധ്യക്ഷനും ചർച്ച നടത്തി തീരുമാനമെടുക്കുന്നതായിരുന്നു മുൻപുള്ള രീതി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |