SignIn
Kerala Kaumudi Online
Monday, 26 October 2026 4.58 AM IST

നിലവിലെ പി.എസ്.സി ഭരണക്കാർ കുടുങ്ങും; മുൻ ഗവർണറുടെ ശുപാർശ സുപ്രീം കോടതിയിലേക്ക്

READ ENGLISH VERSION
psc

തിരുവനന്തപുരം: പി.എസ്.സി ഭരണസമിതി പിരിച്ചുവിടണമെന്ന മുൻഗവർണറുടെ ശുപാർശ രാഷ്ട്രപതി സുപ്രീംകോടതിക്ക് കൈമാറും. പി.എസ്.സി ചെയർമാൻ ഡോ. എം.ആർ. ബൈജുവിനെയും കമ്മിഷനംഗങ്ങളെയും പിരിച്ചുവിടണമെന്നാണ് മുൻഗവർണർ ആർ.വി. ആർലേക്കർ രാഷ്ട്രപതി ദ്രൗപദി മുർമ്മുവിന് ശുപാർശ ചെയ്തത്. സംസ്ഥാന ചരിത്രത്തിലാദ്യമായാണിത്. പദവിയൊഴിയുന്നതിന് ആറുദിവസം മുൻപായിരുന്നു ആർലേക്കറുടെ നടപടി. ഇതോടെ പി.എസ്.സിയിലെ വൻ ക്രമക്കേടുകൾക്കെതിരെയുള്ള നടപടികൾ കൂടുതൽ കടുക്കുമെന്നുറപ്പായി.

പരീക്ഷകളിലെയും നിയമനങ്ങളിലെയും ഗുരുതര അട്ടിമറിയുടെ പശ്ചാത്തലത്തിലാണിത്. ചെയർമാനും അംഗങ്ങളുമടക്കം പ്രതിയാകുമെന്നും ഗവർണർ രാഷ്ട്രപതിയുടെ ഇടപെടൽ തേടുമെന്നും 'കേരളകൗമുദി" റിപ്പോർട്ട് ചെയ്തിരുന്നു. എം.ആർ. ബൈജുവിന് 2028 നവംബ‌ർ വരെ കാലാവധിയുണ്ട്. 2017 ജനുവരി മുതൽ 2022 നവംബർ വരെ കമ്മിഷനംഗവുമായിരുന്നു. 21 അംഗ കമ്മിഷനിൽ ചെയർമാനടക്കം നിലവിൽ 16 പേരുണ്ട്.

വേണ്ടപ്പെട്ടവരെ നിയമിക്കാൻ ആസൂത്രണ ബോർഡിന്റെ മൂല്യനിർണയം അട്ടിമറിച്ച കേസിൽ ഗവർണർ ഡി.ജി.പിയോട് റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു.

തുടർന്ന് ക്രൈംബ്രാഞ്ച് ഐ.ജി എസ്. അജീതാബീഗം റിപ്പോർട്ട് നൽകി. വിട്ടുകളഞ്ഞ 53 മാർക്കിന്റെ ചോദ്യങ്ങൾ മൂല്യനിർണയം നടത്താൻ ആവശ്യപ്പെട്ടിട്ടും ആദ്യം വഴങ്ങാതിരുന്ന അഡി. സെക്രട്ടറി ആർ. ഹരി, ഡെപ്യൂട്ടി സെക്രട്ടറി പി. സതീഷ് എന്നിവർക്കെതിരെ നടപടിയെടുക്കാൻ വിസമ്മതിച്ചതും ക്രൈംബ്രാഞ്ച് ശ്രദ്ധയിൽപ്പെടുത്തി. മറ്റ് പരീക്ഷകളുടെ മൂല്യനിർണയത്തിലും അഭിമുഖത്തിലും ക്രമക്കേട് നടത്തിയെന്ന് കണ്ടെത്തിയതോടെയാണ് ഗവർണർ നിലപാട് കടുപ്പിച്ചത്. നിയമന തട്ടിപ്പിൽ യുവമോർച്ച അദ്ധ്യക്ഷൻ മനുപ്രസാദ് ഗവർണർക്ക് പരാതി നൽകിയിരുന്നു.

രാഷ്ട്രപതി തീരുമാനിക്കും

1. സർക്കാർ ശുപാർശയിൽ പി.എസ്.സി ചെയർമാനെയും അംഗങ്ങളെയും നിയമിക്കുന്നത് ഗവർണറാണെങ്കിലും ഇവരെ മാറ്റാനുള്ള അധികാരം രാഷ്ട്രപതിക്കാണ്.

2. രാഷ്ട്രപതി സുപ്രീംകോടതിയുടെ അന്വേഷണത്തിന് നിർദ്ദേശിക്കും. സുപ്രീംകോടതി കുറ്റം കണ്ടെത്തി ശുപാർശ നൽകിയാലേ രാഷ്ട്രപതിക്ക് പുറത്താക്കാനാവൂ.

3 പി.എസ്.സി ചെയ‌ർമാനടക്കം കാര്യങ്ങൾ വിശദീകരിക്കാൻ സുപ്രീംകോടതിയിൽ അവസരമുണ്ടാവും. കോടതിയുടെ അന്വേഷണം നടക്കുമ്പോൾ ചെയർമാനെയോ അംഗങ്ങളെയോ ഗവർണർക്ക് സസ്‌പെൻഡ് ചെയ്യാം.

4. ചെയർമാനോ അഭിമുഖം നടത്തിയ അംഗങ്ങൾക്കോ മാത്രമല്ല, കമ്മിഷനാകെ കൂട്ടുത്തരവാദിത്തമുണ്ടെന്നാണ് ഗവർണറുടെ നിലപാട്. ഇവർ തുടർന്നാൽ അന്വേഷണം അട്ടിമറിക്കാനിടയുണ്ടെന്നും ഗവർണർ രാഷ്ട്രപതിയെ അറിയിച്ചിട്ടുണ്ട്.

ഹരിയാനയിലും പഞ്ചാബിലും പുറത്താക്കി

 ഹരിയാനയിൽ പി.എസ്.സി ചെയർമാനും അംഗങ്ങൾക്കുമെതിരെ അഴിമതി ആരോപണങ്ങളുണ്ടായപ്പോൾ ഗവർണറുടെ ശുപാർശപ്രകാരം രാഷ്ട്രപതി സുപ്രീംകോടതിയുടെ അന്വേഷണം നടത്തി കമ്മിഷനെ പുറത്താക്കി.

 പഞ്ചാബ് പി.എസ്.സി ചെയർമാനായിരുന്ന രവീന്ദർപാൽസിംഗ് സിദ്ധു കൈക്കൂലിവാങ്ങിയതിന് വിജിലൻസ് പിടിയിലായിരുന്നു. ഗവർണർ സസ്പെൻഡ് ചെയ്യുകയും രാഷ്ട്രപതി അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു. പിന്നീട് പുറത്താക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PSC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA