
കണ്ണൂർ: തനിക്കെതിരായ വിജിലൻസ് അന്വേഷണത്തെ സ്വാഗതം ചെയ്ത് കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി. ദിവ്യ. ഏത് അന്വേഷണത്തോടും പൂർണമായി സഹകരിക്കുമെന്നും ഒന്നും ഒളിക്കാനില്ലെന്നും ആരെയും ഭയക്കുന്നില്ലെന്നും ഫേസ്ബുക്കിൽ കുറിച്ചു. സ്വന്തം പാർട്ടിയിലെ ചിലരെ ലക്ഷ്യമിടുന്ന ഒളിയമ്പും കുറിപ്പിലുണ്ട്. 'ഉപ്പ് തിന്നവർ വെള്ളം കുടിക്കും, ഉപ്പ് തിന്നാത്തവരെ നിയമം സംരക്ഷിക്കും' എന്ന വാചകത്തോടെയാണ് കുറിപ്പ് തുടങ്ങുന്നത്.
തന്റെയോ ഭർത്താവിന്റെയോ പേരിലോ ബിനാമിയായോ അനധികൃത സ്വത്തുണ്ടെങ്കിൽ കണ്ടെത്തട്ടെ. ഒരിഞ്ച് ഭൂമിയെങ്കിലും അനധികൃതമെന്ന് കണ്ടെത്തിയാൽ അത് പരാതിക്കാരനായ ഷമ്മാസിന്റെ പേരിൽ രജിസ്റ്റർ ചെയ്തുനൽകാം.
ജില്ലാ പഞ്ചായത്തിന്റെ എല്ലാ പദ്ധതികളും ഇ-ടെൻഡർ സംവിധാനത്തിലൂടെ സുതാര്യമായാണ് നടപ്പാക്കിയതെന്ന് ദിവ്യ അവകാശപ്പെട്ടു. ഷമ്മാസിന് പിന്നിൽ പ്രവർത്തിക്കുന്നവരുടെ താൽപര്യങ്ങൾ അറിയില്ലെന്ന് ആരും കരുതേണ്ടെന്നും ആരെയും വ്യക്തിപരമായി അധിക്ഷേപിക്കാനില്ലെന്നും കുറിപ്പിൽ പരാമർശിച്ചു.
. 'ജനകീയ മുഖംമൂടി ധരിച്ച് രാഷ്ട്രീയ എതിരാളികൾക്കൊപ്പം ഇരുന്ന് മറുതോണിയിൽ പിന്തുണ നൽകുന്ന യൂദാസുമാരുടെ മുഖംമൂടികൾ പുറത്തുവരേണ്ട സമയത്ത് ജനങ്ങൾക്കു മുന്നിലെത്തും.' എന്നും കുറിപ്പിലുണ്ട്.
ജില്ലയിലെ പ്രമുഖനായ ഒരു ജനപ്രതിനിധിയെ ഉന്നംവച്ചാണ് ഈ പരാമർശമെന്ന് സൂചന.
സുതാര്യ അന്വേഷണം വേണം:
കാർട്ടൺ ഇന്ത്യ അലയൻസ്
നിഷ്പക്ഷവും സുതാര്യവുമായ അന്വേഷണം അനിവാര്യമാണെന്നും രേഖകൾ ഹാജരാക്കി അന്വേഷണവുമായി സഹകരിക്കുമെന്നും കാർട്ടൺ ഇന്ത്യ അലയൻസ് പ്രൈവറ്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ മുഹമ്മദ് ആസിഫ് പറഞ്ഞു.
ടെൻഡർ സംബന്ധിച്ച ആരോപണം വിശ്വാസയോഗ്യമായ തെളിവുകളിലൂടെ സ്ഥിരീകരിച്ചാൽ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ഒരു കോടി രൂപ മൂല്യമുള്ള ചെക്കുകൾ കൈമാറുമെന്ന് കമ്പനി പ്രഖ്യാപിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |