SignIn
Kerala Kaumudi Online
Tuesday, 25 August 2026 4.06 AM IST

വിവാഹവും കുടുംബവും സ്വപ്നങ്ങൾക്ക് തടസമായില്ല; വണ്ടിപ്രാന്തിയായ തട്ടമിട്ട സുന്ദരിയ്ക്ക് ഇനിയുള്ളത് ബസ് ഓടിക്കാനുള്ള മോഹം

salmma-mansoor
സൽമ്മ മൻസൂറും കുടുംബവും

സ്വപ്നങ്ങളെ യാഥാർത്ഥ്യമാക്കുക എന്നത് അത്ര എളുപ്പമല്ല. പ്രത്യേകിച്ച് സത്രീകളുടെ കാര്യത്തിൽ. ഇന്ന് സ്വപ്നങ്ങൾക്കും ആഗ്രഹങ്ങൾക്കും പിന്നാലെ പറക്കുന്ന നിരവധി സ്ത്രീകൾ നമുക്ക് ചുറ്റുമുണ്ട്. ജീവിതസാഹചര്യങ്ങൾ സ്വപ്നങ്ങൾക്കും ആഗ്രഹങ്ങൾക്കുമേൽ ചങ്ങലയിടുമ്പോൾ അതിനെ മനഃകരുത്തും ആത്മധൈര്യവുംകൊണ്ട് പൊട്ടിച്ച് മുന്നേറുന്ന നിരവധി സ്ത്രീകളുണ്ട്. അത്തരത്തിലൊരാളാണ് കോഴിക്കോട് സ്വദേശിയായ 27കാരി സൽമ മൻസൂർ.

പ്ലസ് വണ്ണിൽ മുടങ്ങിയ വിദ്യാഭ്യാസവും പൂർത്തിയാകാതെ പോയ ആഗ്രഹങ്ങളും സൽമയ്ക്ക് മറ്റെന്തിനേക്കാളും വലുതായിരുന്നു. ആ ആഗ്രഹത്തിന് പിന്തുണയുമായി ഭർത്താവ് മൻസൂർ കൂടി ഒപ്പംനിന്നതോടെ സൽമ സ്വന്തമാക്കിയത് പാതിവഴിയിൽ മുടങ്ങിയ ഒരുപിടി സ്വപ്നങ്ങളാണ്. കുട്ടിക്കാലം മുതലുള്ള സൽമയുടെ ആഗ്രഹമായിരുന്നു ബസ് ഡ്രൈവർ ആകണമെന്നത്. ബസ് ഡ്രൈവർ മാത്രമല്ല ഹെവി വാഹനങ്ങളോട് വല്ലാത്ത താൽപ്പര്യമായിരുന്നു സൽമയ്ക്ക്.

ഓഫ് റോഡ് ഡ്രൈവിംഗിനോടും പ്രിയം. പക്ഷെ 18-ാം വയസിൽ വിവാഹത്തോടെ സൽമയ്ക്ക് വിദ്യാഭ്യാസത്തിനും സ്വപ്നങ്ങൾക്കും ഫുൾസ്റ്റോപ്പിടേണ്ടുവന്നു. എന്നാൽ വർഷങ്ങൾക്കിപ്പുറം തന്റെ നടക്കാതെപോയ ആഗ്രങ്ങളും സ്വപ്നങ്ങളും ഓരോന്നായി യാഥാർത്ഥ്യമാക്കുകയാണ് ഈ 27കാരി. ഇപ്പോഴിതാ താൻ കടന്നുവന്ന സാഹചര്യങ്ങളെ കുറിച്ചും നേരിടേണ്ടിവന്ന പ്രതിസന്ധികളെ കുറിച്ചും കേരള കൗമുദി ഓൺലൈനോട് പങ്കുവയ്ക്കുയാണ് സൽമ മൻസൂർ.

മുടങ്ങിപ്പോയ വിദ്യാഭ്യാസം

മുസ്ലീംമതത്തിൽ ജനിച്ചതിനാൽ നേരത്തെയായിരുന്നു വിവാഹം. പതിനേഴാം വയസിലായിരുന്നു എൻഗേജ്മെന്റ്. പ്ലസ് ടുവിന് പഠിക്കുമ്പോൾ വിവാഹം കഴിഞ്ഞു. ഇതോടെ പ്ലസ് ടു പൂർത്തിയാക്കാൻ കഴിഞ്ഞില്ല. വിവാഹത്തിന് ശേഷം പഠനം തുടരാമെന്ന് തീരുമാനിച്ചിരുന്നെങ്കിലും മൂന്നുമാസം കഴിഞ്ഞപ്പോൾ ഗർഭിണിയായി. പ്രസവത്തോടെ എനിയ്ക്ക് വീട്ടിൽ ഒതുങ്ങിക്കൂടേണ്ടിവന്നു. ആദ്യത്തെ കുഞ്ഞിന് 2 വയസായപ്പോൾ രണ്ടാമത്തെ കുട്ടിയും ജനിച്ചു. ഇതോടെ എന്റെ എല്ലാ സ്വപ്നങ്ങളും ആഗ്രഹങ്ങളും ഉള്ളിലൊതുക്കേണ്ടിവന്നു. പിന്നീട് രണ്ടാമത്തെ മകന് മൂന്നുവയസായപ്പോൾ എനിയ്ക്ക് പ്ലസ് ടു പൂർത്തിയാക്കണമെന്ന ആഗ്രഹം തോന്നി. ഒപ്പം ബസ് ഡ്രൈവറാകണമെന്ന സ്വപ്നവും. ഇക്കാര്യം ഭർത്താവിനോട് പറഞ്ഞു. തുടർന്ന് ഭർത്താവിന്റെ പിന്തുണയോടെ പ്ലസ് ടു പൂർത്തിയാക്കി. നിലവിൽ അക്കൗണ്ടന്റ് വിദ്യാർത്ഥിയാണ്.

salma-mansoor

സൽമ മൻസൂറും ഭർത്താവ് മൻസൂറും

ഭർത്താവിന്റെ പിന്തുണയും ഹെവി ലൈസൻസും

എന്റെ സ്വപ്നങ്ങൾക്ക് ഏറ്റവും വലിയ പിന്തുണ നൽകിയത് എന്റെ ഭർത്താവാണ്. ന്യൂസിലൻഡിലെ ബസ് ഡ്രൈവറാണ് ഭർത്താവ്. ഹെവി ലൈസൻസ് എടുക്കാൻ തുടക്കത്തിൽ ഭർത്താവ് അത്ര പിന്തുണ നൽകിയില്ലെങ്കിലും ഡ്രൈവിംഗ് പഠിച്ചുകഴിഞ്ഞപ്പോൾ പൂർണ പിന്തുണ നൽകി. തുടർന്ന് നെല്ലിപ്പുഴ കെഎസ്ആർടിസി ഡ്രൈവിംഗ് സ്കൂളിൽ നിന്ന് ഹെവി ലൈസൻസ് എടുത്തു. ആ നിമിഷം എനിയ്ക്ക് അത്രത്തോളം പ്രിയപ്പെട്ടതായിരുന്നു. എനിയ്ക്ക് വലിയ അഭിമാനവും സന്തോഷവും തോന്നിയ നിമിഷമായിരുന്നു അത്. ഒരു മുസ്ലീം സമുദായത്തിൽ നിന്നുള്ള സ്ത്രീയെന്ന നിലയിൽ പൊതുവെയുണ്ടായിരുന്ന നിർദേശങ്ങളും നിബന്ധനകളും തട്ടിമാറ്റിയാണ് ഞാൻ എന്റെ ലക്ഷ്യങ്ങൾ നേടിയത്.

നേരിടേണ്ടിവന്ന വെല്ലുവിളികൾ

ഒരുപാട് വെല്ലുവിളികൾ നേരിടേണ്ടിവന്നിട്ടുണ്ട്. ഹെവി ഡ്രൈവറെന്നത് ആർക്കും അംഗീകരിക്കാൻ പറ്റാത്ത ഒന്നായിരുന്നു. കുടുംബത്തിൽ നിന്നും തുടക്കത്തിൽ ഒരുപാട് എതിർപ്പുകൾ നേരിടേണ്ടിവന്നിരുന്നു. എന്റെ ആഗ്രങ്ങളെയോ സ്വപ്നങ്ങളെയോ ആരും അംഗീകരിച്ചില്ല. പക്ഷെ ഇതൊന്നും അല്ല ജീവിതം. നമ്മുടെ ജീവിതവും ഇഷ്ടങ്ങളും സാധിക്കാൻ നേരായ വഴിയിലൂടെ പോകുന്നതിന് മതം ഒരുപ്രശ്നമല്ല. പുരുഷന്മാർക്ക് മാത്രമല്ല ഡ്രൈവിംഗ് മേഖലയിൽ സ്ത്രീകൾക്കും കഴിവ് തെളിയിക്കാനാകും. ഈ മേഖലയിൽ മാത്രമല്ല എല്ലാ മേഖലയിലും സ്ത്രീകൾക്ക് തങ്ങളുടെ കഴിവുകൾ തെളിയിക്കാനാകും.

salma-mansoor

ജീവിതത്തിലെ ഏറ്റവും വലിയ ലക്ഷ്യം

എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ലക്ഷ്യം ബസ് ഡ്രൈവറാകണമെന്നത് തന്നെയാണ്. തുടക്കത്തിൽ ഒരിക്കലും നടക്കില്ലെന്നായിരുന്നു ഞാൻ കരുതിയത്. എന്നാൽ ഹൈവി ലൈസൻസ് എടുത്തതോടെ ആത്മവിശ്വാസം ഉണ്ടായി. ഇപ്പോൾ ഉറപ്പുണ്ട്,​ എന്റെ ആഗ്രഹം സാധിക്കുമെന്ന്. അതിനായി കഴിവിന്റെ പരാമവധി ഞാൻ പരിശ്രമിക്കും. പഠനത്തോടൊപ്പം പാഷനും കൊണ്ടുപോകുന്നത് വലിയൊരു വെല്ലുവിളിയാണ്. എന്നാൽ രണ്ടും മുന്നോട്ടുക്കൊണ്ടുപോകുന്നുണ്ട്. അതിന് എനിയ്ക്ക് കഴിയുന്നുണ്ട്.

ഡ്രൈവിംഗ് മേഖലയോട് താൽപ്പര്യമുള്ള സ്ത്രീകളോട് എനിയ്ക്ക് ഒന്നേ പറയാനുള്ളൂ. നിങ്ങൾ നിങ്ങളുടെ കഴിവിനെ മാത്രം വിശ്വസിക്കണം. ഒരു സൈക്കിൾ ബാലൻസുപോലും ഇല്ലാതിരുന്ന ഞാൻ ഇന്ന് ഓടിക്കാത്ത വാഹനങ്ങളില്ല. അത് ഞാൻ എന്നെ വിശ്വസിച്ചതുകൊണ്ടുമാത്രമാണ്. നമ്മളെ തളർത്താൻ ഒരുപാട് പേര് കാണും. ഇതെല്ലാം തരണം ചെയ്ത് നിങ്ങളെകൊണ്ട് സാധിക്കുമെന്ന് വിശ്വസിച്ച് മുന്നോട്ടുപായാൽ എല്ലാ ആഗ്രഹങ്ങളും യാഥാർത്ഥ്യമാകും.

English Summary

Kozhikode resident Salma Mansoor, 27, achieved her dream of becoming a heavy vehicle driver. Her education was interrupted by early marriage and children, but with her husband's support, she completed Plus Two and obtained a heavy license. Overcoming initial family and community opposition as a Muslim woman, she now aims to become a bus driver.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KERALA WOMEN BUS DRIVER, HEAVY LICENSE, SALMA MANSOOR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA