കൊടുവള്ളി: മോഷണക്കുറ്റം ആരോപിച്ച് ആവിലോറ സ്വദേശിയായ 12കാരനെ പിതാവിന്റെ ബന്ധുക്കൾ മുറിയിൽ പൂട്ടിയിട്ട് ക്രൂരമായി മർദ്ദിച്ച കേസിലെ പ്രതികളിൽ ഒരാൾ വിദേശത്തേക്ക് കടന്നു. കോഴിക്കോട് വിമാനത്താവളം വഴി ദുബായിലേക്കാണ് കടന്നത്. ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ നിർദ്ദേശപ്രകാരം കേസെടുത്ത ദിവസമാണ് പ്രതി വിദേശത്തേക്ക് കടന്നതെന്ന് കൊടുവള്ളി പൊലീസ് പറഞ്ഞു.
പൊലീസ് വിമാനത്താവളത്തിൽ ഉണ്ടായിരുന്നെങ്കിലും നേരത്തേ റദ്ദാക്കിയ വിമാന സർവീസ് റീഷെഡ്യൂൾ ചെയ്തതിനെ തുടർന്നാണ് പ്രതിക്ക് രക്ഷപ്പെടാൻ കഴിഞ്ഞതെന്നാണ് വിവരം. കേസിലെ മറ്റ് രണ്ടു പ്രതികൾ കേരളത്തിൽ തന്നെയുണ്ടെന്നും ഉടൻ പിടികൂടുമെന്നും പൊലീസ് പറഞ്ഞു.
ആഗസ്റ്റ് ആറിനായിരുന്നു സംഭവം. വാച്ച് മോഷ്ടിച്ചെന്നാരോപിച്ച് കുട്ടിയെ വീട്ടിലേക്ക് വിളിച്ചുവരുത്തിയ ശേഷം മുറിയിൽ പൂട്ടിയിട്ട് മർദ്ദിച്ചെന്നാണ് പരാതി. കൈകാലുകൾ കെട്ടിയിട്ട് മർദ്ദിക്കുകയും കണ്ണിൽ മുളകുവെള്ളം ഒഴിക്കുകയും മുറിവുകളിൽ മുളകുപൊടി പുരട്ടുകയും ചെയ്തതായാണ് കുട്ടി പൊലീസിന് നൽകിയ മൊഴി. കാൽനഖങ്ങൾക്കിടയിൽ ഈർക്കിൽ കയറ്റുകയും ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |