SignIn
Kerala Kaumudi Online
Tuesday, 25 August 2026 4.55 PM IST

രാത്രി ലൈറ്റും ഫാനുമിട്ടാൽ പോക്കറ്റ് കീറും; ബില്ലിംഗ് രീതിയിൽ വൻ മാറ്റത്തിനൊരുങ്ങി കെഎസ്ഇബി

READ ENGLISH VERSION
kseb-
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് വർഷത്തെ വൈദ്യുതി നിരക്ക് പരിഷ്കരണത്തിനായുള്ള നിർണായക കരട് മാർഗ നിർദേശങ്ങൾ വൈദ്യുതി റഗുലേറ്ററി കമ്മീഷൻ പ്രസിദ്ധീകരിച്ചു. 2027 ഏപ്രിൽ ഒന്നുമുതൽ 2032 മാർച്ച് 31 വരെ ഈടാക്കേണ്ട വൈദ്യുതിനിരക്ക് സംബന്ധിച്ച് കെഎസ്ഇബി അപേക്ഷ തയാറാക്കുന്നത് ഈ ചട്ടത്തിന്റെ അടിസ്ഥാനത്തിലായിരിക്കും. ജനങ്ങളുടെ അഭിപ്രായം കൂടി ആരാഞ്ഞശേഷം അന്തിമ റഗുലേഷൻ പ്രസിദ്ധീകരിക്കുന്നതോടെ നിരക്ക് പരിഷ്കരണത്തിലേക്ക് കടക്കും.

സോളാർ വൈദ്യുതി സുലഭമായ പകൽ സമയത്ത് കുറഞ്ഞ നിരക്കും ഉപയോഗം കൂടുതലുള്ള രാത്രി പീക്ക് സമയങ്ങളിൽ ഉയർന്ന നിരക്കും കൂടുതൽ ഉപഭോക്താക്കളിലേക്ക് വ്യാപിപ്പിക്കാനാണ് കരടിൽ നിർദേശിച്ചിരിക്കുന്നത്. നിലവിൽ പ്രതിമാസം 250 യൂണിറ്റിന് മുകളിൽ ഉപയോഗിക്കുന്നവർക്ക് മാത്രമുള്ള സമയം അടിസ്ഥാനമാക്കിയുള്ള (ടിഒഡി) മീറ്ററിംഗ് സംവിധാനമാണ് കൂടുതൽ ആളുകളിലേക്ക് എത്തിക്കുന്നത്. പീക്ക് സമയങ്ങളിലെ അധിക വൈദ്യുതി ഉപഭോഗം നിയന്ത്രിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

പുറത്തുനിന്ന് വൈദ്യുതി വാങ്ങിയതിലൂടെ 2024 വരെ കെഎസ്ഇബിക്കുണ്ടായ ഭീമമായ നഷ്ടം 2031ന് മുൻപ് നികത്തണമെന്ന സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഈ തുക 2027 മുതൽ ഉപഭോക്താക്കളിൽ നിന്ന് തിരിച്ചുപിടിക്കാനും കരടിൽ ശുപാർശയുണ്ട്. ഇത് നടപ്പിലാകുന്നതോടെ ഉപഭോക്താക്കളുടെ ബിൽ തുകയിൽ സ്വാഭാവിക വർദ്ധനവുണ്ടാകും.

കൂടാതെ നിലവിലെ സ്ലാബ് രീതിയിലുള്ള ഫിക്സഡ് ചാർജിന് പകരം ആകെ വൈദ്യുതി ഉപഭോഗം കണക്കാക്കി ഫിക്സഡ് ചാർജ് നിശ്ചയിക്കുക, ഇന്ധന സർച്ചാർജ് മാസം തോറും കൃത്യമായി ഈടാക്കുക, ബാറ്ററി സ്റ്റോറേജ് സൗകര്യമുള്ള സോളാർ ഉള്ളവർക്ക് പീക്ക് സമയത്ത് നിരക്കിളവ് നൽകുക തുടങ്ങിയ നിർദേശങ്ങളും കരടിലുണ്ട്. വൈദ്യുതി സംഭരണ പദ്ധതികൾക്ക് ഊന്നൽ നൽകുന്നതിനൊപ്പം വൈദ്യുതി വാങ്ങൽ ചെലവ് കുറയ്ക്കാനും ദീർഘകാല-ഇടക്കാല കരാറുകൾക്ക് മുൻകൂർ അനുമതി വാങ്ങാനും കമ്മീഷൻ നിർദേശിക്കുന്നുണ്ട്. കരടിലെ ശുപാർശകളിന്മേൽ പൊതുജനങ്ങൾക്ക് അടുത്ത മാസം 25 വരെ അഭിപ്രായങ്ങളും നിർദേശങ്ങളും സമർപ്പിക്കാം.

English Summary

Kerala's Electricity Regulatory Commission has released draft guidelines for electricity tariff revision from April 2027 to March 2032. Key proposals include expanding time-of-day metering with lower daytime and higher night peak rates, alongside recovering KSEB's external purchase losses from consumers. This could increase bills. Public feedback is invited on these crucial recommendations.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KERALA ELECTRICITY BILL, PEAK TIME ELECTRICITY TARIFF, SOLAR POWER KERALA, KSEB TARIFF REVISION, NIGHT ELECTRICITY CHARGES
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA