ഓണം മലയാളികൾക്ക് സമൃദ്ധിയുടെയും സന്തോഷത്തിന്റെയും ഉത്സവമാണ്. കാലത്തിനനുസരിച്ച് ആഘോഷരീതികളിൽ നിരവധി മാറ്റങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും ജാതി, മത, സാമൂഹിക വ്യത്യാസങ്ങൾക്കതീതമായി മലയാളികൾ ഇന്നും ഒരുമിച്ച് ഓണത്തെ വരവേൽക്കുന്നു. സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ഐക്യത്തിന്റെയും സന്ദേശം പകരുന്ന ഓണം, മലയാളിയുടെ സംസ്കാരത്തിന്റെയും പാരമ്പര്യത്തിന്റെയും മനോഹരമായ പ്രതിഫലനം കൂടിയാണ്.
ഓണത്തോടനുബന്ധിച്ചുള്ള ഒരുക്കങ്ങളിലും ആഘോഷ രീതികളിലും എല്ലാം മുമ്പത്തെ അപേക്ഷിച്ച് ഇപ്പോൾ പ്രകടമായ വ്യത്യാസങ്ങൾ വന്നിട്ടുണ്ട്. യുഡിഫ് മന്ത്രിസഭയിലെ തൊഴിൽ വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ കുട്ടിക്കാലത്തെ ഓണത്തിന്റെ ഓർമകളും അനുഭവങ്ങളും കേരള കൗമുദി ഓൺലൈനിന്നോട് പങ്കുവയ്ക്കുന്നു.
അച്ഛനും അമ്മയ്ക്കും ഞങ്ങൾ നാല് മക്കളാണ്. ചേട്ടൻ പഠിച്ചതും വളർന്നതും അമ്മയുടെ വീട്ടിലാണ്. അതുകൊണ്ടുതന്നെ എന്റെ ഓണത്തിന്റെ ഓർമകൾ എല്ലാം അനിയന്മാരുമായി ബന്ധപ്പെട്ടാണ്. പരിമിതമായ ജീവിത സാഹചര്യത്തിൽ ആണ് ഞങ്ങൾ വളർന്നത്. വീട്ടിൽ തന്നെ കൃഷി ഉണ്ടായിരുന്നതുകൊണ്ട് ആഹാരത്തിന് ബുദ്ധിമുട്ടൊന്നും ഉണ്ടായിരുന്നില്ലെങ്കിലും സ്പെഷ്യൽ ആയി ഉണ്ടാക്കുന്ന ഭക്ഷണങ്ങൾ ഒന്നും അന്ന് സുലഭമായിരുന്നില്ല. അതുകൊണ്ടുതന്നെ ഓണസദ്യ വളരെ പ്രിയപ്പെട്ടതായിരുന്നു. ഓണത്തിന് ഒരാഴ്ച മുമ്പ് തന്നെ വീട്ടിൽ പലതരത്തിലുള്ള പലഹാരങ്ങൾ ഉണ്ടാക്കി കുപ്പികളിൽ നിറച്ചുവയ്ക്കുമായിരുന്നു.
ഇന്നത്തേക്കാളും കുറച്ചുകൂടി വർണാഭമായിരുന്നു അന്നത്തെ ഓണം. ഞങ്ങളുടെ അച്ഛൻ വളരെ ചിട്ടയുള്ള ഒരാൾ ആയിരുന്നു. ഞങ്ങളുടെ കാര്യത്തിലും കൃത്യമായ ചിട്ടകൾ അച്ഛൻ പിന്തുടർന്നിരുന്നു. മതിയാവോളം കളിക്കാനുള്ള സ്വാതന്ത്ര്യം ലഭിച്ചിരുന്നത് ഓണത്തിന്റെ നാളുകളിലാണ്. ഊഞ്ഞാലാട്ടവും പൂക്കളമൊരുക്കലും ഒക്കെ ആയി സന്തോഷത്തിന്റെയും പൂർണ സ്വാതന്ത്ര്യത്തിന്റെയും നാളുകളായിരുന്നു കുട്ടിക്കാലത്തെ ഞങ്ങളുടെ ഓണം. ചിങ്ങത്തിൽത്തന്നെ വീട്ടിൽ ഊഞ്ഞാലിടും. ഓണപ്പരീക്ഷ കഴിഞ്ഞാൽ പിന്നെ കൂട്ടുകാർക്കൊപ്പമുള്ള ഊഞ്ഞാലാട്ടവും കളികളുമൊക്കെയായി ആഹ്ലാദത്തിന്റെ ദിനങ്ങളായിരിക്കും.
ഉത്രാടത്തിനും തിരുവോണത്തിനും വീട്ടിൽ സദ്യ ഉണ്ടാക്കുമായിരുന്നു. തിരുവോണ സദ്യ കഴിച്ചുവെന്ന് വരുത്തിയിട്ട് ഉച്ചയ്ക്കുള്ള ബസിൽ തന്നെ അമ്മവീട്ടിലേക്ക് പോകും. കൊട്ടിയത്താണ് അമ്മയുടെ വീട്. ഞങ്ങളുടെ യഥാർത്ഥ ഓണം തുടങ്ങുന്നത് അവിടെയാണ്. അവിടെ അമ്മയുടെ സഹോദരങ്ങളും അവരുടെ മക്കളും എല്ലാം ഓണം ആഘോഷിക്കാനായി എത്തുമായിരുന്നു. പിന്നെ ഓണം തീരുന്നതുവരെ അതായത് സ്കൂൾ തുറക്കുന്നത്തിന്റെ അന്ന് രാവിലെ വരെയും അവിടെ ആയിരിക്കും. സ്കൂൾ തുറക്കുന്ന ദിവസം രാവിലെ മാത്രമാണ് വീട്ടിലേക്ക് മടങ്ങി എത്തുന്നത്.
ഓണദിനങ്ങളല്ലാത്ത മറ്റുദിവസങ്ങളിൽ കളിച്ചുതുടങ്ങുമ്പോഴേക്കും വീട്ടിൽ കയറാനായി അച്ഛന്റെ വിളിവരും. സന്ധ്യ ആയിക്കഴിഞ്ഞാൽ പഠിക്കാനും കുളിക്കാനും ഒക്കെ ആയി പാതി വഴിയിൽ കളികൾ അവസാനിപ്പിച്ച് മടങ്ങേണ്ടി വരും. പക്ഷെ ഓണത്തിന് അമ്മവീട്ടിൽ എത്തിയാൽ അത്തരത്തിൽ ഒരു പരിധിയും ഇല്ലാതെ കളിക്കാൻ സാധിക്കും. അന്ന് രാവിലെ മുതൽ രാത്രി വരെയൊക്കെ കളിക്കുമായിരുന്നു.
ഓണത്തിന് ഞങ്ങൾ എല്ലാ ദിവസവും വീട്ടിൽ അത്തപ്പൂക്കളം ഒരുക്കുമായിരുന്നു. അമ്മാവന്റെ മക്കളും അടുത്ത വീട്ടിലെ കൂട്ടുകാരും ഒക്കെ ചേർന്ന് ചെറിയ പൂക്കളം ആണൊരുക്കുന്നത്. ഇന്നത്തെപ്പോലെ കടയിൽ നിന്നൊന്നും പൂക്കൾ വാങ്ങാറില്ല. എല്ലാം ഞങ്ങൾ പാടത്തും പറമ്പിലും പോയി പോയി ശേഖരിച്ച് കൊണ്ടുവരികയാണ് ചെയ്യുന്നത്. തറയിൽ ചാണകം മെഴുകി നടുക്ക് ഓണത്തപ്പനെവച്ച് ചുറ്റും പൂക്കൾ വട്ടത്തിൽ അടുക്കിവയ്ക്കുമായിരുന്നു. വാഴയിലകൊണ്ട് കൂട ഉണ്ടാക്കി ആണ് പൂവ് ശേഖരിക്കാൻ പോയിരുന്നത്. നാട്ടിൻപുറത്തുള്ള എല്ലാ പൂക്കളും ഞങ്ങൾ ഉപയോഗിക്കുമായിരുന്നു. കലമ്പട്ടി പൂവ്, മുക്കുറ്റി, തുമ്പ ഇതൊക്കെ ആണ് കൂടുതലായി അന്ന് പൂക്കളത്തിൽ ഇട്ടിരുന്നത്.
അന്ന് ഓണത്തിനും കുടുംബ ക്ഷേത്രത്തിലെ ഉത്സവത്തിനും മാത്രമാണ് പുതിയ ഉടുപ്പ് കിട്ടുന്നത്. ഉത്സവത്തിന് എല്ലാവർക്കും ഒരു ഉടുപ്പ് മാത്രമാണ് കിട്ടുന്നത് എന്നാൽ ഓണത്തിന് അങ്ങനെയല്ല. വീട്ടിൽ നിന്ന് കിട്ടുന്നതിന് പുറമെ ബന്ധുക്കളും ഓണക്കോടി വാങ്ങിതരാറുണ്ടായിരുന്നു. അതായിരുന്നു ഓണത്തിന്റെ ഏറ്റവും വല്യ സന്തോഷങ്ങളിൽ ഒന്ന്.
കുട്ടിക്കാലത്ത് അമ്മ ഉണ്ടാക്കി തരുന്ന എല്ലാ വിഭവത്തിനും പ്രത്യേക രുചിയായിരുന്നു. കറികൾ ഒന്നും ഇല്ലാത്തപ്പോൾ ഉപ്പും മുളകും ചേർത്ത് കൈകൊണ്ട് തിരുമി അമ്മ ഉണ്ടാക്കി തന്നിരുന്ന കറിക്ക് പോലും പ്രത്യേക രുചിയായിരുന്നു. അമ്മയുടെ രുചികളെക്കുറിച്ച് ഇപ്പോൾ ഓർക്കുമ്പോൾ ചില സമയങ്ങളിൽ സങ്കടം തോന്നാറുണ്ട്. അതുകൊണ്ടായിരിക്കാം ഓണസദ്യയിലെ എല്ലാ വിഭവങ്ങളും അന്നും ഇന്നും ഒരുപോലെ ഇഷ്ടമാണ്. എന്നാലും കുറച്ചുകൂടുതൽ ഇഷ്ടം അട പ്രഥമനോടുണ്ട്. പാചകത്തോട് വല്യ താല്പര്യമുള്ള ഒരാളല്ല ഞാൻ. എന്നാൽ ചെയാൻ മടിയുമില്ല.
നാല് റോഡ് ചേരുന്ന ഒരു വഴിയിലായിരുന്നു അമ്മ വീട്. സദ്യയൊക്കെ കഴിഞ്ഞ് എല്ലാവരും ഒരുമിച്ച് പുറത്തിറങ്ങും എന്നിട്ട് ഓരോ ഓണക്കളികളിൽ ഏർപ്പെടുമായിരുന്നു. വടംവലി, ഉറിയടി അങ്ങനെ പല വിനോദങ്ങളും അന്നുണ്ടായിരുന്നു. വിവാഹം കഴിഞ്ഞ് പോയതും നാട്ടിൻപുറത്തേക്കായിരുന്നു. അവിടെയും ഇങ്ങനെയൊക്കെ ഓണക്കളികളും ആഘോഷങ്ങളും ഒക്കെ ഉണ്ടായിരുന്നു. ഇന്ന് അത്തരത്തിലുള്ള ഒത്തുചേരലൊക്കെ നഷ്ടമായി എന്ന് തോന്നാറുണ്ട്.
ഓണം ഓരോ കാലഘട്ടത്തിലും വ്യത്യസ്ത അനുഭവങ്ങളാണ് നൽകുന്നത്. കുട്ടിക്കാലത്തെ ഓണം എല്ലാവർക്കും ഒരുപോലെ പ്രിയപ്പെട്ടതായിരിക്കും. ഉത്തരവാദിത്തങ്ങൾക്കപ്പുറം നിഷ്ങ്കളങ്കതയുടെ നൈർമല്യത്തോടെ കൂട്ടുകാരും വീട്ടുകാരുമൊത്ത് ആഘോച്ചിരുന്ന ഓണം തന്നെയാണ് ഏറ്റവും പ്രിയപ്പെട്ടത്.
Minister Bindu Krishna shared cherished childhood Onam memories, depicting a festival of unity and joy. She recalled humble celebrations, special Onasadhya, homemade Pookkalam from gathered flowers, and the delight of new clothes. Her fondest recollections include extensive playtime and communal gatherings at her mother's home, noting a shift from those traditional experiences.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |