SignIn
Kerala Kaumudi Online
Monday, 29 June 2026 6.06 AM IST

വിദേശത്ത് തൊഴിൽ തട്ടിപ്പിനിരയായ യുവതിക്ക് കെ.സി രക്ഷകനായി

aksdh

ആലപ്പുഴ: വിദേശത്ത് തൊഴിൽ തട്ടിപ്പിനിരയായി വീട്ടുതടങ്കലിലായിരുന്ന ആലപ്പുഴ തിരുവമ്പാടി സ്വദേശി അക്ഷയക്ക് സഹായവുമായി കെ.സി.വേണുഗോപാൽ എം.പി. ജോലിക്കൊപ്പം സൗജന്യ താമസവും ഭക്ഷണവും വാഗ്ദാനം ചെയ്തിരുന്നത് നൽകാത്തത് ചോദ്യം ചെയ്തതോടെ യുവതിയെ ഭീഷണിപ്പെടുത്തി ശ്രീലങ്കൻ സംഘത്തിന്റെ നേതൃത്വത്തിൽ വീട്ടുതടങ്കലിൽ പാർപ്പിക്കുകയായിരുന്നു. കൊല്ലത്തുള്ള സ്വകാര്യ റിക്രൂട്ടിംഗ് ഏജൻസിക്ക് 70,​000 രൂപ നൽകിയാണ് പത്ത് ദിവസങ്ങൾക്ക് മുമ്പ് അക്ഷയ നഴ്സ് ജോലിക്കായി അജ്മാനിലെത്തിയത്. തടങ്കലിലായതോടെ പാസ്പോർട്ട് തിരികെ ചോദിച്ചെങ്കിലും നൽകിയില്ല. പണം ആവശ്യപ്പെടുകയും കുടുംബാംഗങ്ങളെ ഉൾപ്പെടെ അധിക്ഷേപിക്കുകയും മാനസിക പീഡനത്തിന് ഇരയാകുകയും ചെയ്തുവെന്ന് അക്ഷയ പറയുന്നു. വാഗ്ദാനം ചെയ്ത തൊഴിൽ നൽകാതെ ദിവസ വാടകയ്ക്ക് ഹോം നഴ്സായി അറബികളുടെ വീടുകളിലേക്ക് അയക്കാനുള്ള പദ്ധതിയായിരുന്നു സ്വകാര്യ റിക്രൂട്ടിംഗ് ഏജൻസിക്കുണ്ടായിരുന്നതെന്ന് അക്ഷയ പറയുന്നു. യു.എ.ഇയിലെ ഒ.ഐ.സി.സി പ്രവർത്തകരും അക്ഷയയുടെ കുടുംബവും വിഷയം ശ്രദ്ധയിൽപ്പെടുത്തിയതിനെ തുടർന്നാണ് മോചനത്തിന് ആവശ്യമായ ഇടപെടൽ കെ.സി.വേണുഗോപാൽ നടത്തിയത്. വിദേശകാര്യ മന്ത്രാലയവുമായും യു.എ.ഇയിലെ എംബസിയുമായും ബന്ധപ്പെട്ട് യുവതിയുടെ മോചനത്തിന് സഹായം ആവശ്യപ്പെട്ടു. തുടർന്ന് ഒ.ഐ.സി.സി പ്രവർത്തകർ സ്ഥലത്തെത്തി ശ്രീലങ്കൻ സംഘത്തിൽ നിന്ന് അക്ഷയയെ മോചിപ്പിക്കുകയായിരുന്നു. എം.പിയുടെ ആവശ്യ പ്രകാരം എംബസി അധികൃതർ ഇടപെട്ട് പാസ്‌പോർട്ട് അക്ഷയ്ക്ക് തിരികെ വാങ്ങിനൽകുകയും ചെയ്തു. മോചിതയായ ശേഷം അക്ഷയ കെ.സി.വേണുഗോപാൽ എം.പിയുമായും കുടുംബാംഗങ്ങളുമായും ഫോണിൽ സംസാരിച്ചു. ഗൾഫിൽ തന്നെ നഴ്‌സിംഗ് ജോലിയിൽ തുടരാനാണ് തനിക്ക് ആഗ്രഹമെന്ന് അക്ഷയ അറിയിച്ചു. റിക്രൂട്ടിംഗ് തട്ടിപ്പ് നടത്തിയ കൊല്ലത്തെ ഏജൻസിയെക്കുറിച്ച് അന്വേഷിച്ച് നടപടി സ്വീകരിക്കാനും ആലപ്പുഴ എസ്.പിയോട് എം.പി ആവശ്യപ്പെട്ടിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL