ആലപ്പുഴ: മഴക്കാലം വീണ്ടും ശക്തിപ്രാപിച്ചതോടെ ജില്ലയിൽ പനിബാധിതരുടെ എണ്ണവും വർദ്ധിക്കുന്നു. കഴിഞ്ഞ 10 ദിവസത്തിനിടെ നാലായിരത്തോളം പേരാണ് പനി ബാധിച്ച് സർക്കാർ ആശുപത്രികളിൽ മാത്രം ചികിത്സ തേടിയത്. സ്വകാര്യ ആശുപത്രികളിലും ക്ലിനിക്കുകളിലും ചികിത്സ തേടിയവരുടെ എണ്ണം ഇതിലും കൂടുതലാണ്. എലിപ്പനി, ഡെങ്കിപ്പനി കേസുകളും ദിവസേന വർദ്ധിക്കുന്നുണ്ട്. പനി മാറിയാലും വിട്ടുമാറാത്ത ചുമ, ക്ഷീണം എന്നിവ പലരെയും അലട്ടുന്നുണ്ട്.
കുട്ടികൾക്കിടയിലും പനി വ്യാപകമാണ്. ഇതിനിടെ മുണ്ടിനീരും കഴിഞ്ഞ ആഴ്ചകളിൽ ജില്ലയിൽ റിപ്പോർട്ട് ചെയ്തു. രോഗം ബാധിച്ച കുട്ടികളെ സ്കൂളിൽ വിടരുതെന്നാണ് ആരോഗ്യ വകുപ്പിന്റെ നിർദ്ദേശം. മുതിർന്നവരിലും ഇപ്പോൾ രോഗം കണ്ടുവരുന്നുണ്ട്. സ്വയം ചികിത്സിക്കാതെ ഡോക്ടറുടെ നിർദ്ദേശം തേടണമെന്നതാണ് അധികൃതർ നൽകുന്ന മുന്നറിയിപ്പ്.
ഡെങ്കിപ്പനി തടയുന്നതിന്, കൊതുക് വളരാനുള്ള സാഹചര്യം വീടുകളിലോ, പരിസരത്തോ ഇല്ലെന്ന് ഉറപ്പാക്കണം. വീടിനകത്തും പുറത്തും പറമ്പുകളിലും മഴവെള്ളം കെട്ടിക്കിടക്കരുത്. കുപ്പി, പാട്ട, ചിരട്ട, പ്ലാസ്റ്റിക്, കളിപ്പാട്ടങ്ങൾ, ടയറുകൾ, വിറക് മൂടുന്ന പ്ലാസ്റ്റിക് ഷീറ്റുകൾ തുടങ്ങിയവയിൽ തുടർച്ചയായി വെള്ളം കെട്ടിക്കിടന്നാൽ ഡെങ്കിപ്പനി പരത്തുന്ന കൊതുകുകൾ വളരുമെന്നതിനാൽ അത്തരം സാഹചര്യങ്ങൾ ഒഴിവാക്കണമെന്നും നിർദ്ദേശമുണ്ട്. വെള്ളക്കെട്ട് രൂക്ഷമായതോടെ ജില്ലയിൽ എലിപ്പനി ഭീഷണിയുമുണ്ട്.
10 ദിവസം, 30 പേർക്ക് ഡെങ്കിപ്പനി
ജില്ലയിൽ കഴിഞ്ഞ 10 ദിവസത്തിനിടെ 30ൽ അധികം പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു
ഒമ്പത് ഷിഗല്ല കേസുകളാണ് ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ആറാട്ടുപുഴ, കോടംതുരുത്ത്, തൃക്കുന്നപ്പുഴ എന്നിവിടങ്ങളിലാണ് രോഗം കണ്ടെത്തിയത്
രണ്ടുപേർക്ക് അമീബിക് മസ്തിഷ്കജ്വരവും സ്ഥിരീകരിച്ചിരുന്നു. എലിപ്പനി ബാധിച്ച് കഴിഞ്ഞ ആഴ്ച ഒരാൾ മരിച്ചിരുന്നു
വിവിധ ഇനം പനി ബാധിച്ചവർ
(ഈമാസം ഇതുവരെ)
പനി : 4815
ഡെങ്കിപ്പനി 34
എലിപ്പനി : 12
ഇൻഫ്ലുവൻസ: 55
മലിനജലത്തിലിറങ്ങാൻ സാദ്ധ്യതയുള്ളവർ എലിപ്പനി പ്രതിരോധ ഗുളിക കഴിക്കണം. വെള്ളക്കെട്ടിലൂടെ സഞ്ചരിക്കുന്നവർ, മത്സ്യബന്ധനത്തൊഴിലാളികൾ, തൊഴിലുറപ്പ് ജോലിക്കാർ തുടങ്ങി ജലാശയങ്ങളുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്നവർ ശ്രദ്ധിക്കണം
- ആരോഗ്യ വകുപ്പ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |