ആലപ്പുഴ: സിന്തറ്റിക് ട്രാക്ക് പോലുമില്ലാത്ത നാട്ടിൽനിന്ന് എറണാകുളത്തേക്ക് പോയി പരിശീലനം നടത്തിയത് വെറുതെയായില്ല. സംസ്ഥാന സ്കൂൾ കായികമേളയിൽ 400 മീറ്റർ ഓട്ടത്തിൽ സബ് ജൂനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ സ്വർണം സ്വന്തമാക്കാനായി. ആലപ്പുഴ സെന്റ് ജോസഫ് ഹൈസ്കൂളിലെ ഹർഷ ജോണാണ് എല്ലാവരെയും സന്തോഷിപ്പിച്ചുകൊണ്ട് ഒന്നാം സ്ഥാനം സ്വന്തമാക്കിയത്. .
1 മിനിറ്റ് 1.4 സെക്കൻഡിലാണ് ഹർഷ ഈ ദൂരം താണ്ടിയത്. ആലപ്പുഴ ലിയോ സ്പോർട്സ് അക്കാഡമിയിലാണ് ഹർഷയുടെ പരിശീലനം. എന്നാൽ, ആവശ്യമായ സിന്തറ്റിക് ട്രാക്ക് ആലപ്പുഴയിലില്ലാത്തതിനാൽ എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടിലെത്തിയും പരിശീലനം നടത്തി. ജോസഫ് ആന്റണിയാണ് പരിശീലകൻ.
കഴിഞ്ഞ തവണ നാലാം സ്ഥാനത്തായിരുന്നു ഹർഷ. അന്ന് റിലേ മത്സരത്തിൽ വെള്ളിയും നേടിയിരുന്നു. ഇത്തവണയും റിലേയിൽ ഹർഷ മത്സരിക്കുന്നുണ്ട്.
ആലപ്പുഴ ആറാട്ടുവഴി സ്വദേശി ജോൺ വർഗീസിന്റെയും ഷേർളിയുടെയും മകളാണ്. കെ.എസ്.ആർ.ടി.സി കണ്ടക്ടറാണ് ജോൺ വർഗീസ്. അമ്മ ഷേർളിയും കായികതാരമായിരുന്നു. ഇഷ ജോൺ, വർഷ ജോൺ, ഹരിം ജോൺ എന്നിവരാണ് സഹോദരങ്ങൾ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |