SignIn
Kerala Kaumudi Online
Wednesday, 28 October 2026 6.38 AM IST

സംരക്ഷണത്തിന് ആരുമില്ല, 80കാരന് ദുരിതജീവിതം

chandra
പുന്നമടയിലെ വീട്ടിൽ തനിച്ച് കഴിയുന്ന ചന്ദ്രഹാസൻ

ആലപ്പുഴ: ഭാര്യയും രണ്ടാൺമക്കളും മരണപ്പെടുകയും മറ്രൊരുമകൻ സംരക്ഷണത്തിന് വിസമ്മതിക്കുകയും ചെയ്തതോടെ വീട്ടിൽ തനിച്ച് കഴിയുന്ന 80 കാരന്റെ ജീവിതം ദുരിതത്തിലായി. പുന്നമട പാലക്കുളങ്ങര വെളിയിൽ ചന്ദ്രഹാസനാണ് (80) പ്രാഥമിക കൃത്യങ്ങൾ പോലും നിറവേറ്റാനാകാതെ വിഷമത്തിലായത്.സൈക്കിൾ റിപ്പയറിംഗും സെക്യൂരിറ്റി ജോലിയുമായി കുടുംബം പുലർത്തിയിരുന്ന ചന്ദ്രഹാസൻ ജോലിചെയ്ത് മിച്ചം പിടിച്ച പണവും ഭാര്യയുടെ ഓഹരിയുമുപയോഗിച്ച് വാങ്ങിയ ഏഴര സെന്റ് സ്ഥലത്തെ മൂന്നുമുറി വീട്ടിലാണ് താമസം. മൂന്നാൺമക്കളുണ്ടായിരുന്നതിൽ രണ്ടാമനൊഴികെ രണ്ടുപേരും മരിച്ചു. രണ്ടാമത്തെ മകന് സ്വകാര്യ ആശുപത്രിയിൽ സെക്യൂരിറ്റി ജോലി ഉണ്ടെങ്കിലും തിരിഞ്ഞു നോക്കാറില്ല. ചന്ദ്രഹാസന്റെ ഭാര്യക്ക് കാൻസർ വന്നതോടെ സമ്പാദ്യം ചികിത്സയ്ക്കായി ചെലവഴിച്ചു. ഒരു വർഷം മുമ്പ് ഭാര്യയും മരിച്ചതോടെയാണ് ചന്ദ്രഹാസൻ ഒറ്റപ്പെട്ടത്.

ഭാര്യയുടെ പേരിലെഴുതി നൽകിയ സ്വത്തുവകകൾ അവർ രണ്ടാമത്തെ മകന്റെ പേർക്ക് എഴുതി കൊടുക്കുകയും ചെയ്തതോടെ ചന്ദ്രഹാസന് കിടപ്പാടം നഷ്ടമാകുന്ന അവസ്ഥയിലെത്തി.വീടിന്റെ മുൻവശത്ത് വീണ് ഇടുപ്പെല്ലിന് പൊട്ടലുണ്ടായതോടെ ചന്ദ്രഹാസന് പരസഹായം ആവശ്യമാണ്. .

മകന്റെ അവഗണനയിൽ മനംനൊന്ത ചന്ദ്രഹാസൻ ആലപ്പുഴ മെയിന്റനൻസ് ട്രൈബ്യൂണലിൽ നൽകിയ പരാതിയിൽ സ്വത്തു തിരികെ കൊടുക്കാൻ നിർദ്ദേശിച്ചെങ്കിലും സ്വത്ത് തിരികെ കൊടുക്കാനോ അച്ഛനെ സംരക്ഷിക്കാനോ കൂട്ടാക്കിയിട്ടില്ലല്ല. വാക്കറിന്റെ സഹായത്തോടെ ജീവിക്കുന്ന ചന്ദ്രഹാസൻ ഏതാനും ദിവസം മുമ്പ് വീണ്ടും വീഴുകയും എഴുന്നേൽപ്പിക്കാൻ ആരുമില്ലാത്തതിനാൽ മണിക്കൂറുകളോളം നിലത്തു കിടക്കേണ്ടി വരികയും ചെയ്തു.

വേണം അഭയകേന്ദ്രം

ശ്വാസതടസം മൂലം സംസാരിക്കാൻ പോലും കഴിയാതെ അവശനിലയിലായ ചന്ദ്രഹാസന്, കാണാനെത്തുന്നവർ നൽകുന്ന തുച്ഛമായ സഹായമാണ് ആശ്രയം. ഓട്ടോറിക്ഷക്കാരുടെ കാരുണ്യത്തിൽ വല്ലപ്പോഴും ആഹാരം വാങ്ങി കഴിക്കുന്നത് കൊണ്ടാണ് ജീവൻ നിലനിൽക്കുന്നത്. ആരോഗ്യപ്രവർത്തരോ ബന്ധുക്കളോ ആരും തിരിഞ്ഞുനോക്കാത്തതിനാൽ തന്നെ ഏതെങ്കിലും അഭയ കേന്ദ്രത്തിലാക്കണമെന്നാണ് ചന്ദ്രഹാസന്റെ ആഗ്രഹം.വിവരമറിഞ്ഞ് സമൂഹ്യപ്രവർത്തകനും ടോക്കിംഗ് പാർലർ സംസ്ഥാന കോ ഓർഡിനേറ്ററുമായ ചന്ദ്രദാസ് കേശവപിള്ള ചന്ദ്രഹാസനെ സന്ദർശിച്ചശേഷം സാമൂഹ്യനീതി വകുപ്പ് ജില്ലാ ഓഫീസർക്ക് വിവരങ്ങൾ കൈമാറി.

ചന്ദ്രഹാസന്റെ വിഷയം ശ്രദ്ധയിൽപ്പെട്ടിട്ടില്ല. അന്വേഷിച്ച് ആവശ്യമായ നടപടി കൈക്കൊള്ളും

- ജില്ലാ സാമൂഹ്യ നീതി ഓഫീസർ, ആലപ്പുഴ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL