SignIn
Kerala Kaumudi Online
Friday, 23 October 2026 3.40 AM IST

അവൻ താൻ ഇവൻ

sarath

കൊച്ചിയിലെ കോടതികൾക്കും പാസ്പോർട്ട് ഓഫീസുകൾക്കും ബോംബ് ഭീഷണി സന്ദേശങ്ങളയച്ച ഐ.ടി എൻജിനിയർ‌ ശരത്ത് സുബ്രഹ്മണ്യനെ കൊച്ചി സിറ്റി പൊലീസ് ചോദ്യം ചെയ്തു

കൊച്ചി: വ്യാജ ബോംബ് ഭീഷണിക്കേസിൽ തമിഴ്‌നാട് പൊലീസ് അറസ്റ്റ് ചെയ്ത ഐ.ടി സോഫ്റ്റ്‌വെയർ എൻജിനിയർ ശരത്ത് സുബ്രഹ്മണ്യനെ കൊച്ചി സിറ്റി പൊലീസ് ചോദ്യം ചെയ്തു. 36 കേസുകളുമായി ബന്ധപ്പെട്ട് തിരുവനന്തപുരം സിറ്റി സൈബർ പൊലീസ് കഴിഞ്ഞയാഴ്ച കസ്റ്റഡിയിൽ വാങ്ങിയപ്പോഴായിരുന്നു ഇത്. എറണാകുളം സെൻട്രൽ, എറണാകുളം സൗത്ത് സ്റ്റേഷനുകളിലെ പൊലീസ് സംഘങ്ങളാണ് തിരുവനന്തപുരത്ത് പ്രാഥമിക ചോദ്യം ചെയ്യൽ പൂർത്തിയാക്കിയത്. സെൻട്രൽ പൊലീസ് സ്റ്റേഷനിൽ 6 കേസുകളും സൗത്തിൽ 3 കേസുകളും നിലവിലുണ്ട്. ഈ കേസുകളിൽ ശരത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ലെന്നും ഡിജിറ്റൽ തെളിവുകൾ ശേഖരിക്കുന്ന നടപടികൾ അവസാന ഘട്ടത്തിലാണെന്നും പൊലീസ് പറഞ്ഞു.

എറണാകുളം ജില്ലാ കോടതികൾക്ക് നേരെയുണ്ടായ വ്യാജ ബോംബ് ഭീഷണികളിലാണ് സെൻട്രൽ പൊലീസ് കേസെടുത്തത്. ജില്ലാ കോടതിയുടെ ഔദ്യോഗിക മെയിലിലായിരുന്നു ഭീഷണി എത്തിയത്. പനമ്പിള്ളിനഗറിലെ റീജിയണൽ പാസ്‌പോർട്ട് ഓഫീസിനും യൂണിയൻ ബാങ്കിനും നേരെയുണ്ടായ സ്ഫോടന ഭീഷണികളിലാണ് സൗത്ത് സ്റ്റേഷനിൽ കേസുകളുള്ളത്.

സന്ദേശങ്ങൾക്ക് പിന്നിൽ

ഭാര്യ പോയതിന്റെ അമർഷം

ഭാര്യ വിവാഹമോചനം നേടിപ്പോയതിനെ തുടർന്ന് കടുത്ത മാനസിക അസ്വാസ്ഥ്യവും നിരാശാബോധവുമാണ് ഭീഷണി സന്ദേശങ്ങൾക്ക് പിന്നിലെന്നായിരുന്നു ശരത്തിന്റെ വെളിപ്പെടുത്തൽ. തമിഴ്‌നാട്ടിലെ പ്രമുഖ രാഷ്ട്രീയ കക്ഷിയുടെ പ്രാദേശിക നേതാവിനൊപ്പമാണ് ഭാര്യ പോയത്. ഇതോടെ പ്രതികാര ബുദ്ധി ഉണർന്നു. തമിഴ്നാട് പൊലീസ് ഇക്കാര്യത്തിൽ തനിക്ക് വേണ്ടി ഒന്നും ചെയ്‌തില്ല. തമിഴ്‌നാട് മുൻ മുഖ്യമന്ത്രിയുടെ ഭാര്യയുടെ മോർഫ് ചെയ്ത ചിത്രം പ്രചരിപ്പിച്ചതിന് കാരണവും ഇതായിരുന്നു. തമിഴ്‌നാട്ടിൽ ഭീഷണികൾക്ക് പ്രാധാന്യം കിട്ടാത്തതിനാലാണ് ഐ.ടി പാർക്കുകൾ പ്രവർത്തിക്കുന്ന തിരുവനന്തപുരം, കൊച്ചി നഗരങ്ങളിലെ സ്ഥാപനങ്ങളെയും ക്ഷേത്രങ്ങളെയും ലക്ഷ്യമിട്ടത്.

ഡിജിറ്റൽ പിഴയിൽ പിടിവീണു

അമേരിക്കയിലെ ടെക്‌സാസിൽ ഐ.ടി റിസർച്ചറായിരുന്ന തിരുനെൽവേലി അംബാസമുദ്രം സ്വദേശിയായ ശരത്ത് അവിടെ നിന്നാണ് 1500 ലേറെ ഭീഷണി സന്ദേശങ്ങൾ അയച്ചത്. ഡാർക്ക്‌വെബ്ബ്, ടോർ നെറ്റ്‌വർക്ക്, വി.പി.എൻ തുടങ്ങി ഉറവിടം കണ്ടെത്തുന്നത് ദുഷ്കരമായ വിനിമയ മാദ്ധ്യമങ്ങളിലൂടെയാണ് സന്ദേശങ്ങൾ അയച്ചത്.

സാങ്കേതികമായി ‘ഡിജിറ്റൽ എറർ’ എന്നറിയപ്പെടുന്ന ഒരു പിഴവാണ് ശരത്തിനെ തിരിച്ചറിയാൻ തുണായത്. ശരത്ത് അയച്ച ഭീഷണി മെയിലുകളിൽ ഒന്നിലേക്ക് മുംബയ് പൊലീസ് ഉദ്യോഗസ്ഥൻ അയച്ച മറുപടി മെയിലിന് അബദ്ധത്തിൽ ശരത്ത് വ്യക്തിഗത മെയിലിൽ പ്രതികരിച്ചതോടെ പ്രതിയുടെ ഡിജിറ്റൽ കാലടികൾ തെളിഞ്ഞു. ജൂലായിൽ ചെന്നൈ വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് കസ്റ്റഡിയിലെടുത്തത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL