SignIn
Kerala Kaumudi Online
Friday, 23 October 2026 2.31 AM IST

അറിഞ്ഞിട്ടും മിണ്ടാതിരുന്നു; തഴച്ചു വളർന്ന് അനധികൃത സ്പാകൾ

ലെെംഗിക ചൂഷണം നടത്തുന്ന സ്പാകൾ കോഴിക്കോട്ടും മുളച്ചുപൊന്തുകയാണ്. ഇടപാടുകാരിലധികവും കോഴിക്കോട് ജില്ലയ്ക്ക് പുറത്തു നിന്നുള്ളവരാണ്. ഇതര സംസ്ഥാനങ്ങളിലുള്ളവരുമുണ്ട്. ലെെംഗിക ചൂഷണത്തിനടക്കം വിധേയരാവേണ്ടി വരുന്നവരും ഏറെ. ഇതേപ്പറ്റി ഒരന്വേഷണം.

കോഴിക്കോട് നഗര പരിധിയിലെ ഇലക്ട്രിക് പോസ്റ്റുകളിൽ വെള്ളക്കടലാസിൽ സ്പാ എന്ന് ഇംഗ്ളീഷിലെഴുതി ഒരു ഫോൺ നമ്പർ മാത്രം ചേർത്ത പരസ്യങ്ങൾ ഇപ്പോഴും കാണാം. ബസ് വെയിറ്റിംഗ് ഷെഡുകളിലും പാലങ്ങളുടെ തൂണുകളിലും മരത്തടിയിലും വരെ ഇത്തരം പരസ്യങ്ങളുണ്ട്. ഒന്നിലും വിലാസമുണ്ടാവില്ല. അനധികൃതമെന്നതിന്റെ സൂചനയാണ് ഫോൺ നമ്പർ മാത്രമുളള ഈ പരസ്യം.

'വിളിച്ചാൽ സ്പായ്ക്കും മസാജിനും എത്തേണ്ട സ്ഥലം പറഞ്ഞുതരും. ചെന്നുനോക്കിയാൽ ഏതെങ്കിലും കെട്ടിടത്തിന്റെ മുകളിലെ ഒരു മുറിയായിരിക്കും. അവിടെയും സ്പാ എന്ന് മാത്രം എഴുതിവച്ചിട്ടുണ്ടാകും. പലതും രഹസ്യമായി പ്രവർത്തിക്കുന്ന അനാശാസ്യ കേന്ദ്രങ്ങളാണ്. മസാജ് ചെയ്യാനെത്തുന്ന സ്ത്രീകളിൽ ഭൂരിഭാഗവും തമിഴ്നാട്, ആന്ധ്ര, മിസോറാം, മണിപ്പൂർ തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ്. യാതൊരു യോഗ്യതയുമില്ലാതെ കെെയും വീശി വരുന്നവർ. സെന്ററിൽ എത്തിയാലും നല്ലൊരു ബോർഡ് പോലുമുണ്ടാവില്ല. പലതും അനാശാസ്യ കേന്ദ്രങ്ങളാണ്'-ഒരു ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ കേരളകൗമുദിയോട് പറഞ്ഞു.

കോഴിക്കോട് മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷൻ പരിധിയിൽ മാത്രം ലെെസൻസില്ലാതെ പ്രവർത്തിക്കുന്ന 35 സ്പാകളുണ്ട്. 12 എണ്ണത്തിന് മാത്രമാണ് ജില്ലാ മെഡിക്കൽ ഓഫീസറുടെ ക്ളിനിക്കൽ ലെെസൻസുള്ളത്. ലെെസൻസില്ലാത്തവയിൽ പലതിലും ലെെംഗിക ചൂഷണം നടന്നിട്ടുണ്ടെന്ന് പൊലീസ് പറയുന്നു.

നടപടി വെെകിയത് തുണയായി

ലെെസൻസില്ലാതെ പ്രവർത്തിച്ചിട്ടും നടപടി വെെകിയത് ഇവ വ്യാപിക്കാൻ ഇടയാക്കി. കൊച്ചി കഴിഞ്ഞാൽ കേരളത്തിൽ ഏറ്റവും കൂടുതൽ അനധികൃത സ്പാകളുള്ളത് കോഴിക്കോട്ടെന്നാണ് വിവരം. കഴിഞ്ഞ ഫെബ്രുവരിയിൽ കോഴിക്കോട് സിറ്റി പൊലീസ് ഇവയ്ക്കെതിരെ അന്വേഷണം തുടങ്ങിയെങ്കിലും തുടർനടപടിയുണ്ടായില്ല. ഇലക്ട്രിക് പോസ്റ്റുകളിലും മറ്റുമൊട്ടിച്ച ഫോൺ നമ്പരുകൾ കേന്ദ്രീകരിച്ചായിരുന്നു സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണം.

അനധികൃതമായി പ്രവർത്തിക്കുന്ന സ്പാകൾക്കെതിരെ കർശന നപടിയുണ്ടാകും. കഴിഞ്ഞ ദിവസത്തേതു പോലെ തുടർന്നും റെയ്ഡ് നടത്തും.

-പി. പ്രമോദ്

അസി.കമ്മിഷണർ, മെഡിക്കൽ കോളേജ് പൊലീസ്

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL