അടിമാലി: മേഖലയിൽ ഉച്ചയ്ക്ക് ശേഷമുണ്ടായ ശക്തമായ കാറ്റിലും മഴയിലും വിവിധയിടങ്ങളിൽ മണ്ണിടിഞ്ഞും മരം വീണും ദേശീയപാതയിൽ ഗതാഗതം തടസപ്പെട്ടു. വൈകിട്ട് മൂന്നരയോടെ അടിമാലി- കുമളി ദേശീയപാതയിൽ കത്തിപ്പാറയ്ക്ക് താഴെ വലിയ മലയും മരവും റോഡിലേക്ക് പതിച്ചു. തുടർന്ന് ഒരു മണിക്കൂറോളമാണ് ഗതാഗതം പൂർണ്ണമായി നിലച്ചത്. നാട്ടുകാരും അഗ്നിരക്ഷാസേനയും ചേർന്ന് മരം മുറിച്ചുമാറ്റുകയും മണ്ണ് നീക്കം ചെയ്യുകയും ചെയ്ത ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. കത്തിപ്പാറ മുതൽ കല്ലാർകുട്ടി വരെയുള്ള ഭാഗത്ത് ഒരു വശത്ത് വലിയ ഗർത്തവും മറുവശത്ത് കൊക്കയുമാണ്. അടിമാലി കല്ലാറിന് സമീപം നാലു മണിയോടെ വീണ്ടും മണ്ണിടിച്ചിലുണ്ടായതിനെ തുടർന്ന് മൂന്നാറിലേക്കുള്ള ഗതാഗതം തിരിച്ചുവിട്ടു. പ്രദേശത്ത് വലിയ മഴ ലഭിച്ചില്ലെങ്കിലും കത്തിപ്പാറ, കല്ലാർകുട്ടി, വെള്ളത്തൂവൽ, കല്ലാർ മേഖലകളിൽ ശക്തമായ മഴയാണ് അനുഭവപ്പെട്ടത്. ദേശീയപാതയിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ പലയിടത്തും മണ്ണിടിച്ചിൽ ഭീഷണി നിലനിൽക്കുന്നുണ്ട്. കഴിഞ്ഞ ദിവസം പാറയിടിഞ്ഞ് അപകടാവസ്ഥയിലായ കരടിപ്പാറയ്ക്ക് സമീപവും വെള്ളിയാഴ്ച ഉച്ചയ്ക്കുശേഷം ശക്തമായ മണ്ണിടിച്ചിലുണ്ടായിട്ടുണ്ട്. ഈ സാഹചര്യത്തിൽ മൂന്നാറിലേക്ക് പോകുന്ന സഞ്ചാരികൾ ഒരു കാരണവശാലും കല്ലാർ വഴി യാത്ര ചെയ്യരുതെന്ന് ജില്ലാ ദുരന്തനിവാരണ അതോറിട്ടി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |