SignIn
Kerala Kaumudi Online
Saturday, 24 October 2026 1.04 AM IST

'മിന്നൽ' ആക്രമണം, നെഞ്ചിടിപ്പേറും...

ജീവനെടുത്ത് തുലാമഴ, ഭീതിയോടെ ജില്ല

കോട്ടയം:തുലാമഴയ്ക്കൊപ്പമുള്ള ഇടിമിന്നലിൽ വിറച്ചുപോകുകയാണ് ജില്ല. മലയോര മേഖലകളിൽ ഉൾപ്പെടെ മിന്നൽ ഭീതി വർദ്ധിക്കുകയാണ്. ദിവസങ്ങൾക്ക് മുമ്പ് പല്ലാട്ട് ബ്രഹ്മദത്തൻ എന്ന ആന മിന്നലേറ്റ് ചരിഞ്ഞിരുന്നു. ഇതിന് പിന്നാലെ എരുമേലി ചെറുവള്ളി എസ്റ്റേറ്റിൽ 12 പശുക്കൾക്കും മിന്നലേറ്റ് ജീവൻ നഷ്ടമായി. പൂഞ്ഞാർ, എരുമേലി, പള്ളിക്കത്തോട് തുടങ്ങിയ പ്രദേശങ്ങളിൽ വീടുകളിലെ വൈദ്യുത, ഇലക്ട്രോണിക് ഉപകരണങ്ങൾക്കും നാശമുണ്ടായി. തുടർച്ചയായ മിന്നൽ ദുരന്തങ്ങൾ കർഷകരെയും നാട്ടുകാരെയും ആശങ്കയിലാക്കുകയാണ്.

മിന്നലിൽ ഒരേസമയം 12 കന്നുകാലികളെ നഷ്ടമായത് ചെറുവള്ളി എസ്റ്റേറ്റിലെ കർഷകർക്ക് വലിയ സാമ്പത്തിക തിരിച്ചടിയായി. മലയോരമേഖലകളിൽ ഇടിയോടുകൂടിയ മഴ ശക്തമാകുന്നതിനാൽ കന്നുകാലികളെ തുറസായ സ്ഥലങ്ങളിൽ മേയാൻ വിടുന്നതും സുരക്ഷിതമല്ല.

വീടുകളിൽ കനത്തനാശം


ശക്തമായ മിന്നലിനെത്തുടർന്ന് സമീപദിവസങ്ങളിൽ നിരവധി വീടുകളിലും കനത്തനാശമുണ്ടായി. ഇലക്ട്രോണിക് ഉപകരണങ്ങളാണ് നശിച്ചവയിൽ ഏറെയും. മിന്നലുണ്ടാകുമ്പോൾ വൈദ്യുതി ലൈനുകളിലൂടെയും ബന്ധിപ്പിച്ച കേബിളുകളിലൂടെയും ഉയർന്ന വൈദ്യുത ആഘാതം ഉപകരണങ്ങളിലേക്ക് എത്താം. അതിനാൽ ടി.വി, കമ്പ്യൂട്ടർ തുടങ്ങിയ ഉപകരണങ്ങളുടെ പ്ലഗുകൾ സുരക്ഷിതമായി ഊരിമാറ്റണം. മിന്നൽ സമയത്ത് ചാർജ് ചെയ്തുകൊണ്ട് മൊബൈൽ ഫോൺ ഉപയോഗിക്കുന്നതും ഒഴിവാക്കണം.

ഇനി ശ്രദ്ധിക്കേണ്ടത്:

കെട്ടിടത്തിനുള്ളിലോ അടച്ച വാഹനത്തിനുള്ളിലോ അഭയം തേടണം.

മരച്ചുവട്, തുറസായ പുരയിടം, ഉയർന്ന പ്രദേശങ്ങൾ എന്നിവിടങ്ങളിൽ നിൽക്കരുത്.
കന്നുകാലികളെ ഒറ്റപ്പെട്ട മരങ്ങൾക്കടിയിൽ കെട്ടിയിടരുത്

തുലാവർഷം ശക്തമാകുന്ന സാഹചര്യത്തിൽ കാലാവസ്ഥാ മുന്നറിയിപ്പുകൾ ശ്രദ്ധിക്കണം. സുരക്ഷാ നിർദേശങ്ങൾ കർശനമായി പാലിക്കണം. (അധികൃതർ)

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, THUNDERSTORM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL