SignIn
Kerala Kaumudi Online
Monday, 29 June 2026 6.03 AM IST

സ്ത്രീകളുടെ സൗജന്യയാത്ര; നിറഞ്ഞോടി കെ.എസ്.ആർ.ടി.സി

priya

ജീവനക്കാർക്കും കോർപ്പറേഷനും പ്രതിസന്ധി?

കാഞ്ഞങ്ങാട്: കെ.എസ്.ആർ.ടി.സി ബസുകളിൽ വനിതകൾക്ക് സൗജന്യ യാത്ര തുടങ്ങിയതോടെ ബസുകൾ നിറഞ്ഞോടുന്നുണ്ടെങ്കിലും ജീവനക്കാരും കോർപ്പറേഷനും കടുത്ത പ്രതിസന്ധിയിലെന്ന് റിപ്പോർട്ട്. ടിക്കറ്റ് വരുമാനം കുത്തനെ ഇടിഞ്ഞതും ജോലിഭാരം കൂടിയതും ജീവനക്കാരെ വലയ്ക്കുന്നു.

കഴിഞ്ഞ ദിവസം മംഗലാപുരം കാസർകോട് റൂട്ടിൽ സർവ്വീസ് നടത്തുന്ന കെ.എസ്.ആർ.ടി.സി ബസ് കങ്കനാടി എത്തിയപ്പോൾ ഏകദേശംനൂറ് പേർ കയറി. ഇവരിൽ 92പേരും വനിതകളാണ്. സൗജന്യ യാത്ര പ്രയോജനപ്പെടുത്തി സ്ത്രീകൾ വലിയ തോതിൽ യാത്ര ചെയ്യാൻ തുടങ്ങിയതോടെ പല റൂട്ടുകളിലും ബസുകൾ നിറഞ്ഞുകവിയുകയാണ്. തിരക്കേറിയ സമയങ്ങളിൽ സ്ത്രീകൾക്ക് പോലും ബസിൽ കയറാൻ പറ്റാത്ത അവസ്ഥ.

സൗജന്യ യാത്ര വന്നതോടെ പല സ്ത്രീകളും ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്കും പ്രധാന ക്ഷേത്രങ്ങളിലേക്കും യാത്ര ചെയ്യാൻ തുടങ്ങിയിട്ടുണ്ട്. വാരാന്ത്യങ്ങളിലും അവധി ദിവസങ്ങളിലും ദീർഘദൂര ബസുകളിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ഞായറാഴ്‌ച ടൂറിസ്റ്റ് കേന്ദ്രമായ റാണിപുരത്തേക്ക് രാവിലെ എട്ടിന് കാഞ്ഞങ്ങാട് നിന്ന് പുറപ്പെട്ട് കെ.എസ്.ആർ.ടി.സി ബസിൽ പല സ്ത്രീകളും ചവുട്ടുപടികളിൽ നിന്നാണു യാത്ര ചെയ്തത്. സ്കൂൾ വിട്ട സമയത്ത് ഒരു ബസ് സ്റ്റോപ്പിൽ 30-ഓളം കുട്ടികളും ബസിനു കാത്തുനിന്നിരുന്നു. കെ.എസ്.ആർ.ടി.സി ബസ് വന്നപ്പോൾ എല്ലാവരും അതിൽ കയറിയപ്പോൾ ആൺകുട്ടികൾക്ക് കാഴ്ചക്കാരാകേണ്ടി വന്നു.

യാത്രക്കാർ കൂടി, പക്ഷേ പണമില്ല

നേരത്തെ 15,000 രൂപ വരെ ദിവസ കളക്ഷൻ കിട്ടിയിരുന്ന ബസുകൾക്ക് ഇപ്പോൾ യാത്രക്കാരുടെ എണ്ണത്തിൽ വർധനവുണ്ടെങ്കിലും കൈയിൽ കിട്ടുന്ന പണം നേർപകുതിയിൽ താഴെയായി. സ്ത്രീകൾക്ക് ടിക്കറ്റ് സൗജന്യമായതിനാൽ കളക്ഷനായി രേഖപ്പെടുത്തുന്ന തുക സർക്കാരിൽ നിന്ന് കോർപ്പറേഷന് പിന്നീട് ലഭിക്കും. ഇത് യഥാസമയം കിട്ടിയില്ലെങ്കിൽ കെ.എസ്.ആർ.ടി.സി വൻ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുമെന്നാണ് ജീവനക്കാരുടെ ആശങ്ക.

കണ്ടക്ടർമാർക്ക് ഇരട്ടി ജോലി

"നേരത്തെ ജീവനക്കാരുടെ കുറവ് വന്നാൽ തങ്ങൾ സ്പെഷ്യൽ ഡ്യൂട്ടി എടുക്കും. ഇപ്പോൾ അതിന് സാധിക്കുന്നില്ല" എന്ന് ഒരു കണ്ടക്ടർ പറഞ്ഞു. ബസ് നിറയെ യാത്രക്കാർക്ക് 'സീറോ ടിക്കറ്റ്' നൽകുകയും അതിന്റെ കണക്ക് കൃത്യമായി രേഖപ്പെടുത്തുകയും വേണം. ഇത് വലിയ ജോലിഭാരമാണ് ഉണ്ടാക്കുന്നത്. സൗജന്യ യാത്രയുടെ കണക്കെടുപ്പിന് അധിക ജീവനക്കാരെ നിയമിക്കുകയോ, സാങ്കേതിക സംവിധാനം ഏർപ്പെടുത്തുകയോ വേണമെന്ന് ജീവനക്കാരുടെ സംഘടനകൾ ആവശ്യപ്പെടുന്നു. സർക്കാരിൽ നിന്ന് യഥാസമയം സാമ്പത്തിക സഹായം ലഭിച്ചില്ലെങ്കിൽ ശമ്പളം പോലും മുടങ്ങുന്ന സ്ഥിതിയുണ്ടാകുമെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KASARGOD, KSRTC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL