കാസർകോട്: എൻ.എച്ചിന് വേണ്ടി ഏറ്റെടുത്ത സ്ഥലത്തേക്ക് തള്ളി നിൽക്കുന്ന കല്ലങ്കൈ എ.എൽ.പി
സ്‌കൂൾ കെട്ടിടം പൊളിച്ചു മാറ്റി. ജില്ലാ കളക്ടറുടെ നിർദ്ദേശപ്രകാരം ആർ.ഡി.ഒ സ്ഥല പരിശോധന നടത്തി നൽകിയ ഉത്തരവിനെ തുടർന്നാണ് നടപടി. ബുധനാഴ്ച രാവിലെ എട്ടിനാണ് ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി തൊഴിലാളികൾ കെട്ടിടം പൊളിച്ചു മാറ്റിയത്.
ദേശീയപാത സർവ്വീസ് റോഡിൽ മണ്ണിടിച്ചിൽ തുടരുന്ന കല്ലങ്കൈ എ.എൽ.പി സ്‌കൂൾ കെട്ടിടത്തിന്റെ അപകട ഭീഷണിയെ കുറിച്ച് ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യന് ലഭിച്ച പരാതിയെ തുടർന്ന് കളക്ടറുടെ നിർദ്ദേശപ്രകാരം കാസർകോട് ആർ.ഡി.ഒ വിജുകുമാർ എം.എസ് സ്ഥല പരിശോധ നടത്തിയിരുന്നു എൻ.എച്ചിന് വേണ്ടി ഏറ്റെടുത്ത സ്ഥലത്തേക്ക് തള്ളി നിൽക്കുന്ന സ്‌കൂൾ കെട്ടിടത്തിന്റെ ഭാഗം ഏത് നിമിഷവും റോഡിലേക്ക് തകർന്നു വീഴാവുന്ന സ്ഥിതിയിലാണെന്ന് സ്ഥല സന്ദർശനത്തിന് ശേഷം ആർ.ഡി.ഒ റിപ്പോർട്ട് ചെയ്തിരുന്നു. ഈ കെട്ടിടത്തിൽ നിലവിൽ ക്ലാസ്സുകൾ നടക്കുന്നില്ല.
എന്നാൽ സമീപത്തെ മദ്രസയിൽ പഠിക്കുന്ന 80 ഓളം കുട്ടികൾ ഈ റോഡിലൂടെയാണ് പോകുന്നത്. അതിനാൽ എത്രയും വേഗം ഈ ഭാഗം പൊളിച്ചുമാറ്റേണ്ടതുണ്ടെന്നും ആർ.ഡി.ഒ പറഞ്ഞു. പൊന്നും വിലയ്‌ക്കെടുത്ത് നഷ്ടപരിഹാരം നൽകിയ കെട്ടിട ഭാഗം മാനേജർ പൊളിച്ചു മാറ്റാൻ തയ്യാറാകുന്നില്ലെങ്കിൽ എൻ.എച്ച്.എ.ഐയ്ക്കു വേണ്ടി പൊളിച്ചുമാറ്റാൻ യു.എൽ.സി.സി.എൽ പ്രതിനിധിയ്ക്ക് നിർദ്ദേശം നൽകിയിരുന്നു. ആർ.ഡി.ഒ നിർദ്ദേശിച്ചിട്ടും പൊളിച്ചു മാറ്റത്തിനാൽ പരാതിയുയർന്നിരുന്നു. തുടർന്ന് ബുധനാഴ്ച ലെയ്സൺ ഓഫീസർ മനീഷ് കുമാർ, ഊരാളുങ്കൽ
പ്രൊജക്ട് എഞ്ചിനീയർ അശ്വന്ത്, ലെയ്സൺ ഓഫീസർ സേതുമാധവൻ, സേഫ്റ്റി ഓഫീസർ മഞ്ജുരാജ് എന്നിവരുടെ നേതൃത്വത്തിലാണ് പൊളിച്ചു നീക്കിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |