കൊല്ലം: ജില്ലയിൽ അഞ്ച് വയസിൽ താഴെയുള്ള 1.18 ലക്ഷം കുഞ്ഞുങ്ങൾക്ക് സുരക്ഷയേകി പൾസ് പോളിയോ വിതരണം.
നിശ്ചയിച്ച ലക്ഷ്യത്തിന്റെ 93.32 ശതമാനമാണ് കൈവരിച്ചത്. അന്യസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ഇടങ്ങളിലും ആരോഗ്യവകുപ്പിന് കടന്നുചെല്ലാനായി. ഈ വിഭാഗത്തിലെ 681 കുട്ടികൾക്ക് തുള്ളിമരുന്ന് നൽകി.
ജില്ലാതല ഉദ്ഘാടനം വിക്ടോറിയ ആശുപത്രിയിൽ മന്ത്രി ബിന്ദു കൃഷ്ണ നിർവഹിച്ചു. ഓരോ ഡോസ് തുള്ളിമരുന്ന് വീതമാണ് നൽകിയത്. വാക്സിനേഷൻ പ്രവർത്തനങ്ങളിലൂടെയും കൃത്യമായ അവബോധ പരിപാടികളിലൂടെയും പോളിയോയെ കാര്യക്ഷമമായി പ്രതിരോധിക്കാൻ കഴിഞ്ഞെങ്കിലും നിതാന്ത ജാഗ്രത തുടരേണ്ടതുണ്ടെന്ന് മന്ത്രി ഓർമ്മിപ്പിച്ചു. ശിശുപരിചരണ മേഖലയിൽ കാലോചിതമായ മാറ്റങ്ങൾ നടപ്പാക്കുമെന്നും ജില്ലാ ആശുപത്രിയുടെ തുടർവികസന പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
വിവിധ കാരണങ്ങളാൽ ബൂത്തുകളിൽ എത്തിച്ചേരാൻ സാധിക്കാത്ത കുഞ്ഞുങ്ങൾക്ക് 29, 30 തീയതികളിൽ ആരോഗ്യ പ്രവർത്തകരും ആശ, അങ്കണവാടി, കുടുംബശ്രീ പ്രവർത്തകരും വീടുകളിലെത്തി വാക്‌സിൻ നൽകും. ആരോഗ്യ വകുപ്പിനൊപ്പം ആരോഗ്യകേരളം, തദ്ദേശസ്വയംഭരണ വകുപ്പ്, വനിതാ-ശിശു വികസന വകുപ്പ്, പൊതുവിദ്യാഭ്യാസവകുപ്പ്, സാക്ഷരതാ മിഷൻ, റോട്ടറി ഇന്റർനാഷണൽ തുടങ്ങിയവ സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.
വിക്ടോറിയ ആശുപത്രിയിൽ നടന്ന ചടങ്ങിൽ മേയർ എ.കെ.ഹഫീസ് അദ്ധ്യക്ഷനായി. ജില്ലാ കളക്ടർ ആനി ജൂല തോമസ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ മെഡിക്കൽ ഓഫീസർ എ.എൽ.ഷീജ, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ ബി.ജയന്തി, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. എ.അഗസ്റ്റസ് മോറിസ്, ആശുപത്രി സൂപ്രണ്ട് ഡോ. മാർട്ടിൻ ഗ്ലാക്സ്റ്റൺ, ആശുപത്രി ആർ.എം.ഒ ഡോ. ആർ.ശരണ്യബാബു, കൊല്ലം ആർ.സി.എച്ച് ഓഫീസർ ഡോ. ലിൻഡ ജോസഫ്, ആശുപത്രി ജീവനക്കാർ, രക്ഷിതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.
1755 ബൂത്തുകൾ
തുള്ളിമരുന്ന് വിതരണത്തിന് ജില്ലയിലുടനീളം 1755 ബൂത്തുകളും 3510 സന്നദ്ധപ്രവർത്തകരെയും വിന്യസിച്ചിട്ടുണ്ട്. സർക്കാർ ആശുപത്രികൾ, ആരോഗ്യകേന്ദ്രങ്ങൾ, ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ, നഗരാരോഗ്യ കേന്ദ്രങ്ങൾ, അങ്കണവാടികൾ, സ്വകാര്യ ആശുപത്രികൾ, വായനശാലകൾ, സ്‌കൂളുകൾ, സന്നദ്ധ സംഘടനകളുടെ കെട്ടിടങ്ങൾ തുടങ്ങിയ സ്ഥലങ്ങളിലാണ് ബൂത്തുകൾ ക്രമീകരിച്ചിട്ടുള്ളത്.
യാത്രാവേളയിലുള്ള കുട്ടികൾക്കായി റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻഡ്, ബോട്ടുജെട്ടി എന്നിവിടങ്ങളിൽ 37 ട്രാൻസിറ്റ് ബൂത്തുകളും, മേളകൾക്കായി ഒരു ബൂത്തും ഒരുക്കിയിട്ടുണ്ട്. ഇതിനുപുറമേ അന്യസംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലങ്ങൾ, ദുർഘട പ്രദേശങ്ങൾ, ഉത്സവസ്ഥലങ്ങൾ, കല്യാണമണ്ഡപങ്ങൾ എന്നിവിടങ്ങളിൽ മരുന്ന് ലഭ്യമാക്കാനായി മൂന്ന് മൊബൈൽ ബൂത്തുകളും സജ്ജമാക്കിയിട്ടുണ്ട്.
ലക്ഷ്യം-127375 കുട്ടികൾ
വാക്‌സിനേഷൻ ലഭിച്ചത്-118860
നീണ്ടകര താലൂക്ക് ആശുപത്രി-112%
കുളത്തൂപ്പുഴ സാമൂഹികാരോഗ്യ കേന്ദ്രം-105%
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |