SignIn
Kerala Kaumudi Online
Tuesday, 13 October 2026 5.16 AM IST

അഞ്ചാലുംമൂട് യുവദീപ്തി ജംഗ്ഷനിൽ... ഒഴുക്കു നി​ലച്ച് ഓട ദുരിതം നീന്തി നാട്

കൊല്ലം: റോഡിനടിയിലെ ഓടയിൽ മണ്ണും മാലിന്യവും നിറഞ്ഞ് ഒഴുക്ക് നിലച്ചതോടെ ചെറിയ മഴയിലും വെള്ളക്കെട്ടിലാകുകയാണ് കൊല്ലം-അഞ്ചാലുംമൂട് റോഡിലെ യുവദീപ്തി ജംഗ്ഷൻ. മതിലിൽ ഡിവിഷനിലെ ദേശീയപാതാ വിഭാഗത്തിന്റെ ഉടമസ്ഥതയിലുള്ള ഓടയി​ലേക്ക് അധി​കൃതർ തി​രി​ഞ്ഞു നോക്കി​യി​ട്ട് ഏഴു വർഷത്തോളമാകുന്നു.

ഓട അടഞ്ഞതോടെ കടകളിലും വീടുകളിലും സമീപത്തെ മുരുക ക്ഷേത്രത്തിലും വെള്ളം കയറുന്ന അവസ്ഥയാണി​പ്പോൾ. വാഹനങ്ങൾ കടന്നുപോകുമ്പോൾ ചെളിവെള്ളം കടകളിലേക്ക് തെറിക്കുന്നത് വ്യാപാരികളെ ദുരിതത്തിലാക്കുന്നു. വെള്ളം കയറുന്നതി​നാൽ പലപ്പോഴും കടകൾ അടച്ചിടേണ്ട അവസ്ഥയുമുണ്ട്. മഴ കനത്താൽ റോഡിലൂടെയുള്ള വാഹന യാത്രയും കാൽനടയാത്രയും ദുഷ്കരമാകും.

മഴക്കാലത്ത് പുറത്തിറങ്ങാനാകാത്ത സാഹചര്യമുണ്ടാകുന്നുവെന്ന് പ്രദേശവാസികൾ പറയുന്നു. ദേശീയപാതാ വിഭാഗം അധികൃതരെ ബന്ധപ്പെട്ടിട്ടും നടപടിയില്ലെന്ന പരാതിയുണ്ട്.

10 ലക്ഷമുണ്ട്, പക്ഷേ!

പഴയ ഓട വൃത്തിയാക്കാനാകില്ലെന്ന് അധികൃതർ പറഞ്ഞതോടെ പുതി​യ ഓട നി​ർമ്മി​ക്കാൻ കോർപ്പറേഷൻ കഴിഞ്ഞ ബഡ്ജറ്റിൽ പത്തുലക്ഷം രൂപ വകയിരുത്തിയി​രുന്നു. ഒന്നര സെന്റ് സ്ഥലം വാങ്ങുന്നതിനാണ് തുക. റോഡിന് കുറുകെ എട്ടു മീറ്ററോളം പുതിയ ഓട നിർമിക്കേണ്ടത് ദേശീയപാതാ വിഭാഗമാണ്. അധികൃതർ സഹകരിച്ച് പദ്ധതി നടപ്പാക്കിയില്ലെങ്കിൽ അനുവദിച്ച തുക നഷ്ടമാകുമെന്ന ആശങ്കയുണ്ട്. പഴയ ഓട വൃത്തിയാക്കുകയോ പുതിയ ഓട നിർമിക്കുകയോ വേണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

ഓട വൃത്തിയാക്കണമെന്ന് ദേശീയപാത വിഭാഗം അധികൃതരോട് നിരവധി തവണ ആവശ്യപ്പെട്ടു. ഇതുവരെ യാതൊരു നടപടിയും സ്വീകരിച്ചില്ല. അടുത്ത മഴയ്ക്ക് മുമ്പ് പ്രശ്നത്തിന് പരിഹാരം കാണണം

ബി.പ്രശാന്ത്, കൗൺസിലർ, മതിലിൽ ഡിവിഷൻ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL