ഏഴാച്ചേരി: ഏഴാച്ചേരി കാവിൻപുറം ഉമാമഹേശ്വര ക്ഷേത്രത്തിൽ പ്രായഭേദമന്യെ നൂറുകണക്കിന് ആളുകൾ നാളെ പാരമ്പര്യരീതിയിൽ മണലിൽ ഹരിശ്രീ കുറിക്കും.
ശിവഗിരി ശ്രീശാരദാദേവി ക്ഷേത്രസന്നിധിയിൽ നിന്ന് എത്തിച്ച പവിത്രമായ പഞ്ചാരമണലിലാണ് പാരമ്പര്യരീതിയിലുള്ള ഹരിശ്രീ കുറിക്കൽ നടക്കുന്നത്. ഇതോടൊപ്പം കുരുന്നുകളെ അരിയിലും ആദ്യക്ഷരം എഴുതിക്കും. വിരമിച്ച പ്രഥമാധ്യാപിക ലീലാ ഗോവിന്ദനാണ് കാവിൻപുറം ക്ഷേത്രത്തിൽ ഇത്തവണ വിദ്യാരംഭത്തിന് ആചാര്യസ്ഥാനം വഹിക്കുന്നത്. വിദ്യാരംഭത്തോടനുബന്ധിച്ച് തൂലികാപൂജയും നടന്നുവരുന്നു. നാളെ രാവിലെ
8.15ന് സരസ്വതീക്ഷേത്രത്തിൽ വിശേഷാൽപൂജ, 8.30 മുതൽ കുട്ടികൾക്ക് പൂജിച്ച പേന പ്രസാദമായി വിതരണം ചെയ്യും. തുടർന്ന് പാരമ്പര്യ രീതിയിലുള്ള മണലിലെഴുത്തും വിദ്യാരംഭവും നടക്കും. മധുരഫല മഹാനിവേദ്യവും അവൽപ്രസാദ വിതരണവുമുണ്ട്. മേൽശാന്തി വടക്കേൽഇല്ലം നാരായണൻ നമ്പൂതിരി മുഖ്യകാർമ്മികത്വം വഹിക്കും. 9ന് കാവിൻപുറം ക്ഷേത്രോത്സവത്തിന്റെ നോട്ടീസ് പ്രകാശനം എസ്.എൻ.ഡി.പി യോഗം മീനച്ചിൽ യൂണിയൻ ചെയർമാൻ സുരേഷ് ഇട്ടിക്കുന്നേൽ നിർവഹിക്കും. വിവിധ സമുദായ നേതാക്കളായ പി.പി. പ്രകാശ്, വി.ജി. ചന്ദ്രൻ, രാജേഷ് കുന്നേൽ, രാജു കുന്നേൽമേപ്പുറത്ത് തുടങ്ങിയവർ പങ്കെടുക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |