മാനന്തവാടി: നേന്ത്രക്കായയ്ക്ക് വില ഉയരാത്തതിനെ തുടർന്ന് പ്രതിസന്ധിയിലായി കർഷകർ. മേയ് അവസാനവാരത്തിൽ കിലോയ്ക്ക് 45 രൂപയായിരുന്നു. ഇപ്പോൾ കിലോയ്ക്ക് 34 രൂപയാണ് വില. ഈ വിലയിൽ വാഴക്കുല വിറ്റാലും ലാഭമൊന്നും ലഭിക്കില്ലെന്നാണ് കർഷകർ പറയുന്നത്. കഴിഞ്ഞ കുറേ ദിവസങ്ങളായി 33, 34 രൂപയിൽ തന്നെ വില തുടരുകയാണ്. വില മാറ്റമില്ലാതെ തുടരുന്നതാണ് കർഷകരെ ആശങ്കയിലാക്കുന്നത്. വിലയിടിവ് ഉണ്ടാക്കുന്ന തരത്തിൽ മറ്റു സംസ്ഥാനങ്ങളിൽ നിന്ന് നേന്ത്രക്കായയുടെ വരവ് നിലവിലില്ല. മഴക്കെടുതിയിൽ കൃഷിനാശം പോലുള്ള പ്രതിസന്ധികളുമില്ല. പിന്നെന്താണ് വില ഉയരാത്തതെന്നാണ് കർഷകരുടെ ചോദ്യം. ഇപ്പോൾ വിളവെടുപ്പ് സീസണാണ്. ഇനിയും വിലയുയരാതിരുന്നാൽ കർഷകർക്ക് കനത്ത നഷ്ടം നേരിടേണ്ടി വരും. രാസ വളങ്ങളുടെ വില വിർദ്ധനവ്, തൊഴിലാളി ക്ഷാമം എന്നീ ഘടകങ്ങൾ വാഴകൃഷിക്ക് പ്രതിസന്ധി സൃഷ്ട്ടിക്കുന്ന സാഹചര്യത്തിൽ വിലക്കുറയുന്നത് ഇരുട്ടടിയാവുകയാണ്. നിലവിൽ 40 രൂപയ്ക്ക് മുകളിൽ വില കിട്ടിയാൽ മാത്രമേ ലാഭം കിട്ടുവെന്നാണ് കർഷകരുടെ അഭിപ്രായം. കച്ചവട മേഖലയിലെ തകർച്ച നേന്ത്രക്കായ വിപണിയേയും ബാധിച്ചതായിരിക്കാം ഇപ്പോഴുള്ള പ്രതിസന്ധിക്ക് കാരണമെന്നാണ് വിലയിരുത്തൽ.
എളുപ്പമല്ല വാഴക്കൃഷി
1000 വാഴ നട്ട് പരിപാലിക്കാൻ രണ്ടുലക്ഷത്തോളം രൂപ ചെലവുവരും. അഞ്ചു തവണ നിർബന്ധമായും രാസവള പ്രയോഗം നടത്തണം. പുറമേ കമ്പോസ്റ്റ്, കോഴിവളം, ചാണകം ഇവയിൽ ഏതെങ്കിലും ഒന്ന് നിർബന്ധം. രോഗബാധ തടയാൻ മരുന്നും തളിക്കണം. എങ്കിൽ മാത്രമേ മികച്ച വിളവ് ലഭിക്കു. വാഴ കെട്ടുന്നതിനുള്ള കമ്പി, കയർ, വാഴക്കുത്ത്, പണിക്കൂലി എന്നിവയ്ക്കും നല്ലൊരു തുക ചെലവാകും. സ്ഥലം പാട്ടത്തിനെടുത്താണ് കൃഷിയെങ്കിൽ ചെലവ് കൂടും. ഇതെല്ലാം തിരിച്ചു പിടിക്കണമെങ്കിൽ വില കൂടിയേ തീരൂ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |