SignIn
Kerala Kaumudi Online
Monday, 29 June 2026 6.03 AM IST

'ഓപ്പറേഷനെ' വെട്ടിച്ച് മലയോരം പൂ​വ​ൻ​മല സ്ഥി​രം​ ​വാ​റ്റു​കേ​ന്ദ്ര​മോ?​

vattu-kendram-
പൂ​വ​ൻ​മല സ്ഥി​രം​ ​വാ​റ്റു​കേ​ന്ദ്ര​മോ?​

കോഴിക്കോട്/താമരശ്ശേരി: ലഹരിയുടെ വേരറുക്കാനുള്ള പൊലീസിന്റെയും എക്സെെസിന്റെയും 'ഓപ്പറേഷനെ' വെട്ടിച്ച് മലയോരം. താമരശ്ശേരി മേഖലയിൽ വ്യാജവാറ്റും വ്യാജമദ്യ നിർമ്മണവും തകൃതി. മാഹിയിൽ നിന്ന് വ്യാജമദ്യമെത്തിച്ച് വിൽക്കുന്നുണ്ടെന്നും വിവരമുണ്ട്. കുട്ടികളെ വരെ കാരിയർമാരാക്കാനും വിൽപ്പനക്കാർ ശ്രമിക്കുന്നതായാണ് വിവരം. കഴിഞ്ഞ ദിവസം സ്കൂളിലേക്ക് ചാരായം കൊണ്ടുവന്ന പത്താംക്ലാസുകാരൻ പിടിയിലായിരുന്നു. മൂന്നു തവണ സ്കൂളിലേക്ക് ചാരായം കൊണ്ടുവന്നിട്ടുണ്ടെന്നും സഹപാഠികൾ കുടിച്ചിട്ടുണ്ടെന്നും പിടിയിലായ വിദ്യാർത്ഥി സമ്മതിച്ചു.

കട്ടിപ്പാറ പഞ്ചായത്തിൽ എട്ടാം വാർഡിലെ പൂവൻമല, കൊളമല, എട്ടേക്കറ, കേളൻ മൂല തുടങ്ങിയ സ്ഥലങ്ങളിലാണ് വാറ്റ് നടക്കുന്നത്. ചമൽ പ്രദേശവും വാറ്റുകേന്ദ്രമാണ്. വിശാലമായി കിടക്കുന്ന മലനിര വിജനവുമാണ്. വന്യജീവികളുള്ളതിനാൽ താമസിക്കാനുമാവില്ല. ഇവിടെ എത്തിച്ചേരാൻ എക്സെെസുകാർക്കും പൊലീസുകാർക്കും ബുദ്ധിമുട്ടാണ്. വാഹനങ്ങൾ പോകാത്ത സ്ഥലങ്ങളിൽ ഉദ്യോഗസ്ഥർ നടന്നെത്തുമ്പോഴേക്കും വാറ്റുകാർ രക്ഷപ്പെടും. വാഷും വാറ്റുപകരണങ്ങളും മാത്രമേ പിടിക്കാൻ കഴിയാറുള്ളൂ. കഴിഞ്ഞ ദിവസം താമരശ്ശേരി എക്സൈസ് സർക്കിൾ സംഘം പ്രിവന്റീവ് ഓഫീസർ കെ. ഗിരീഷിന്റെ നേതൃത്വത്തിൽ ചമൽ പ്രദേശത്ത് നടത്തിയ റെയിഡിൽ 200 ലിറ്റർ വാഷ് നശിപ്പിച്ചു. റെയിഡിനിടെ പാറക്കൂട്ടത്തിൽ വഴുതിവീണ് ഇടതു ചുമലിന് പരിക്കേറ്റ സിവിൽ എക്‌സൈസ് ഓഫീസർ കെ.പി റനീഷിനെ താമരശ്ശേരി ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വാറ്റുകാർക്ക് റെയ്ഡ് വിവരം ചോർത്തിക്കൊടുക്കുന്ന ചില ഉദ്യോഗസ്ഥരുണ്ടെന്നും ആക്ഷേപമുണ്ട്.

സൗകര്യങ്ങളില്ലാതെ ഉദ്യോഗസ്ഥർ

കുന്നിന്റെ താഴ്വരയിൽ താമസിക്കുന്ന ചിലരാണ് മലമുകളിലെത്തി ചാരായം വാറ്റുന്നതെന്നാണ് വിവരം. ഇവർക്ക് മലയോരവും അവിടത്തെ ഊടുവഴികളും സുപരിചിതവുമാണ്. ചാരായം താഴ്വരയിലെത്തിച്ചാണ് ആവശ്യക്കാർക്ക് വിതരണം ചെയ്യുന്നത്.

വാറ്റു കേന്ദ്രങ്ങളിലെത്തി റെയ്ഡ് നടത്താനോ വാഷ് നശിപ്പിക്കാനോ താമരശ്ശേരി എക്സെെസ് അധികൃതർക്ക് വാഹനം ഉൾപ്പെടെ സൗകര്യങ്ങളില്ല. വാഹനം ലഭിക്കണമെങ്കിൽ കൊടുവള്ളി സർക്കിൾ ഓഫീസിനെ ആശ്രയിക്കണം. ജീവനക്കാരുടെ ഇരു ചക്ര വാഹനങ്ങളിലാണ് പലപ്പോഴും റെയ്ഡിന് പോകുന്നത്, കുന്നിൻ മുകളിൽ നിന്നും വാറ്റുകാർ എക്‌സെെസുകാരുടെ വാഹനങ്ങൾ കാണുമ്പോഴേക്കും ഊടുവഴികളിലൂടെ രക്ഷപ്പെടും. അതുകൊണ്ടുതന്നെ വാറ്റുകേന്ദ്രങ്ങളെ സ്ഥിരമായി നശിപ്പിക്കാനാവുന്നില്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL