
പത്തനംതിട്ട: വനമേഖലയിൽ ടാങ്കിയ കൃഷി പുനരാരംഭിക്കണമെന്ന് ആവശ്യമുയരുന്നു. കോന്നി താലൂക്കിലെ കർഷകർ ഇതുസംബന്ധിച്ച് വനംവകുപ്പിന് നിവേദനം നൽകി. പാകമായ തേക്കുമരങ്ങൾ വെട്ടിയ ശേഷമുള്ള തരിശുഭൂമിയിൽ നെല്ല്, പച്ചക്കറികൾ, മുതിര, പയർ തുടങ്ങിയവ കൃഷി ചെയ്യാൻ അനുവദിക്കണമെന്നാണ് ആവശ്യം. തേക്കുമരം വെട്ടിമാറ്റിയ ഭൂമിയിൽ കർഷകരോ ഏജൻസികളോ വേലികെട്ടി കൃഷി ചെയ്താൽ ഭക്ഷ്യോത്പാദനം വർദ്ധിക്കുകയും കർഷകർക്ക് വരുമാനമാവുകയും ചെയ്യും.
സംസ്ഥാനത്ത് ഏറ്റവും കൂടുതൽ തേക്ക് പ്ളാന്റേഷനുകൾ ഉണ്ടായിരുന്നത് നടുവത്തുമൂഴി റേഞ്ച് ഒാഫീസിന്റെ പരിധിയിലായിരുന്നു. പാടം, വെള്ളംതെറ്റി, മണ്ണീറ, കൊക്കാത്തോട് എന്നീ പ്രദേശങ്ങൾ ചേർന്നതാണ് ഇൗ റേഞ്ച് . 156 ലോഡിംഗ് തൊഴിലാളികളുണ്ടായിരുന്നു. വനമേഖലയിൽ മറ്റ് തൊഴിലുകൾ ചെയ്തു ജീവിക്കുന്ന സ്ത്രീകളടക്കമുള്ള 200ലധികം തൊഴിലാളികൾ വേറെയുമുണ്ട്. തേക്കുതോട്ടങ്ങളിലെ തീർത്തുവെട്ട്, ഇടവെട്ട്, വള്ളിവെട്ട്, അടിക്കാട് തെളിക്കൽ , ഫയർലൈൻ, പ്ളാന്റിംഗ് എന്നിവ നടത്താത്തതുമൂലം തൊഴിലാളികൾ ബുദ്ധിമുട്ടിലാണ്.
ടാങ്കിയ കൃഷി
തരിശുഭൂമിയിൽ പുതിയ തേക്കു തൈകൾ നട്ടുപിടിപ്പിച്ച ശേഷം 2 - 3 വർഷത്തേക്ക് ഇടവിളയായി മറ്റ് കൃഷിക്ക് കർഷകർക്ക് നൽകുന്നതാണ് ടാങ്കിയ കൃഷി. തേക്കുതൈകൾ പൊക്കത്തിലായി ഇലകൾ കൂടുമ്പോഴേക്കും കർഷകരുടെ കൃഷി അവസാനിക്കും. ഇൗ സമയം വരെ തേക്കു തൈകളുടെ സംരക്ഷണ ചുമതല കർഷകർക്കാണ്. നേരത്തെ മലയോര മേഖലയിൽ ഇൗ രീതി നിലനിന്നിരുന്നു,.
ഗുണങ്ങൾ
1. കർഷകർക്ക് ഇടക്കാല വരുമാനം.
2. കളകൾ നിയന്ത്രിക്കാം
3. മണ്ണിന്റെ ഗുണനിലവാരം മെച്ചപ്പെടും.
♦ വനംവകുപ്പിന് എതിർപ്പ്
ടാങ്കിയ കൃഷിയോട് വനംവകുപ്പിന് എതിർപ്പാണ്. മണ്ണാെലിപ്പ് ഉണ്ടാവുകയും വന്യമൃഗശല്യം രൂക്ഷമാവുകയും ചെയ്യുമെന്നാണ് അവരുടെ വാദം. തുടർച്ചയായ വളപ്രയോഗങ്ങൾ മണ്ണിന്റെ ഘടനയ്ക്ക് ദോഷമെന്നും വിലയിരുത്തുന്നു.
വനമേഖലയോട് ബന്ധപ്പെട്ടു നിൽക്കുന്ന നൂറുകണക്കിന് ആളുകൾക്ക് തൊഴിലില്ല. അവരെ സംരക്ഷിക്കണം. ടാങ്കിയ കൃഷി പുനരാരംഭിക്കണം.
എൻ.കെ ജോസ്, കല്ലേലി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |