
അപകടം ഇരുചക്രവാഹന യാത്രക്കാരിയെ ഇടിച്ചിട്ട് പോകവെ
കാർ ഓടിച്ചിരുന്ന യുവാവ് അറസ്റ്റിൽ
ശംഖുംമുഖം: മദ്യലഹരിയിലായ യുവാവ് അമിതവേഗതയിൽ ഓടിച്ച കാർ നിയന്ത്രണം വിട്ട് ഇരുചക്രവാഹനയാത്രക്കാരിയെ ഇടിച്ച ശേഷം രാജ്യാന്തര വിമാനത്താവളത്തിന്റെ മതിൽ ഇടിച്ച് തകർത്തു.
ഞായറാഴ്ച വൈകിട്ട് ആൾ സെയിൻസ് ഭാഗത്തുനിന്ന് ശംഖുംമുഖം ഭാഗത്തേക്ക് വരുകയായിരുന്ന തമിഴ്നാട് രജിസ്ട്രഷനിലുള്ള സ്‌കോഡോ കാറാണ് വിമാനത്താവളത്തിലെ ഫയർഫോഴ്‌സ് സ്റ്റേഷന് സമീപത്തെ സുരക്ഷ മതിൽ തകർത്തത്. കാർ ഓടിച്ചിരുന്ന ബാലരാമപുരം സ്വദേശി മനു (35) നെ വലിയതുറ പൊലീസ് കസ്റ്റഡിയിലെടുത്തു. കാറിലുണ്ടായിരുന്ന മെറിൻ,കവിത എന്നിവർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശംഖുംമുഖം വഴി വേളിയിലേക്ക് പോകവെയാണ് കാർ ആൾ സെയിൻസ് ഭാഗത്ത് വച്ച് ഇരുചക്രവാഹനത്തിൽ ഇടിച്ചത്. പരിക്കേറ്റ ഇരുചക്രവാഹനയാത്രക്കാരി ആശുപത്രിയിൽ ചികിത്സ തേടി. ഇവരുടെ പരാതി ലഭിച്ചാൽ തുടർ നടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് പറഞ്ഞു. കാർ ഇടിച്ചതിനെത്തുടർന്ന് വിമാനത്താവളത്തിന്റെ മതിൽ രണ്ടായി പിളർന്നുമാറി. ഈഭാഗം പിന്നീട് വിമാനത്താവള അധികൃതർ ടിൻ ഷീറ്റ്‌വച്ച് മറച്ചു. കാറിന്റെ മുൻവശവും പൂർണമായും തകർന്നു. എയർബാഗ് പ്രവർത്തിച്ചതിനാലാണ് ഡ്രൈവർ രക്ഷപ്പെട്ടത്.
അപകടം അതീവസുരക്ഷാ മേഖലയിൽ
അതീവ സുരക്ഷ മേഖലയായ വിമാനത്താവളത്തിന്റെ സുരക്ഷാമതിൽ തകർന്നത്കാരണം ഈ ഭാഗത്ത് കേന്ദ്ര ഏജൻസികളുടെ നിർദ്ദേശ പ്രകാരം കൂടുതൽ സുരക്ഷ ഏർപ്പെടുത്തി. ഞായറാഴ്ച ദിവസമായതിനാൽ കൂടുതൽ വിനോദ സഞ്ചാരികൾ വാഹനങ്ങളിൽ ശംഖുംമുഖം ബീച്ചിലേക്കെത്തുന്ന റോഡിലായിരുന്നു അപകടം. ഈ സമയം റോഡിൽ കൂടുതൽ വാഹനങ്ങൾ ഇല്ലാതിരുന്നതിനാൽ വലിയ അപകടം ഒഴിവാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |