SignIn
Kerala Kaumudi Online
Tuesday, 13 October 2026 8.32 AM IST

ജനവാസമേഖലകളിൽ മാലിന്യമയം

photo-1

പാലോട്: പരിശോധനകൾ ശക്തമാക്കിയെങ്കിലും രാത്രികാലങ്ങളിൽ മാലിന്യം തള്ളുന്നതിൽ മാറ്റം വന്നിട്ടില്ല. നന്ദിയോട് പഞ്ചായത്തിന്റെ പ്രധാന റോഡുകളിൽ ക്യാമറ സ്ഥാപിച്ചതോടെ മാലിന്യം തള്ളൽ അവസാനിക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും ഇപ്പോൾ ക്യാമറക്ക് മുന്നിലാണ് മാലിന്യം തള്ളൽ. കൊച്ചുതാന്നിമൂട് മൂഴിയിൽ ഭാഗത്താണ് മാലിന്യം തള്ളിയിരിക്കുന്നത്. കൂടാതെ കാലൻ കാവ്-നവോദയ റോഡ്, പേരയം-താന്നിമുട് റോഡ് ഭാഗങ്ങളിൽ മാലിന്യം തള്ളൽ രൂക്ഷമാണ്.

സ്ട്രീറ്റ് ലൈറ്റ് ഇല്ലാത്തതും ക്യാമറകൾ സ്ഥാപിക്കാത്തതും ഇത്തരക്കാർക്ക് പ്രചോദനമായിരിക്കുകയാണ്. ഈ ഭാഗങ്ങളിൽ ചാക്കുകെട്ടുകളായി അറവ്,ഹോട്ടൽ മാലിന്യം തള്ളൽ പതിവാണ്.

ജനവാസ മേഖലകൾ ചീഞ്ഞുനാറുന്നു

താന്നിമൂട് മുതൽ കുടവനാട് വരെയുള്ള ഭാഗത്ത് ഇറച്ചി വേസ്റ്റുകൾ റോഡിലേക്കാണ് വലിച്ചെറിയുന്നത്. നിരവധി തവണ മാലിന്യം തള്ളാനെത്തിയവരെയും മാലിന്യമെത്തിച്ച വാഹനങ്ങളെയും പിടിച്ചെടുത്ത് പിഴ ചുമത്തി വിടാറുണ്ട്.യാതൊരു പരിശോധനയും കൂടാതെ അധികൃതർ ലൈസൻസ് നൽകുന്ന മാലിന്യസംസ്‌കരണ സംവിധാനമില്ലാത്ത അറവുശാലകളിലെയും പൗൾട്രി,പന്നിഫാമുകളിലെയും മാലിന്യങ്ങൾ അർദ്ധരാത്രിയോടെ വാഹനങ്ങളിലാക്കി കൊണ്ടിടുകയാണെന്നാണ് നാട്ടുകാരുടെ പരാതി.

നന്ദിയോട്, പാങ്ങോട് പ‌‌ഞ്ചായത്തുകളുടെ പരിധിയിലുള്ള സ്ഥാപനങ്ങളാണ് കൂടുതലായും ഇവിടെ മാലിന്യം തള്ളുന്നത്.

പ്രശ്നമായി തെരുവുനായ്ക്കളും

തെരുവുനായ്ക്കളുടെ ശല്യം കാരണം കാൽനടയാത്രക്കാരും ബുദ്ധിമുട്ടിലാണ്. കൈത്തോടുകളിലേക്ക് സെപ്റ്റിക് ടാങ്ക് മാലിന്യങ്ങളുൾപ്പെടെ തുറന്നുവിടുന്നുണ്ട്.മാലിന്യം തിന്നാൻ ഇവിടെയെത്തുന്ന തെരുവുനായ്ക്കൂട്ടം യാത്രക്കാരെ ആക്രമിക്കുന്നതും പതിവാണ്.

ക്യാമറകൾ മിഴിയടച്ചു

30 ലക്ഷം രൂപ ചെലവഴിച്ച് നന്ദിയോട് പഞ്ചായത്ത് സ്ഥാപിച്ച ക്യാമറകൾ ഇന്റർനെറ്റ് ഫീസ് അടക്കാത്തതിനെ തുടർന്ന് പ്രവർത്തനരഹിതമായി.പഞ്ചായത്ത് വാർഡുകളിൽ മാലിന്യനിക്ഷേപം കണ്ടെത്തുന്നതിനായി കെൽട്രോണിന്റെ സഹായത്തോടെ 65ഓളം ക്യാമറകളാണ് സ്ഥാപിച്ചത്.കുറ്റകൃത്യങ്ങൾ കണ്ടെത്തുന്നതിന് പൊലീസിനും സഹായകരമായിരുന്നു ഈ ക്യാമറകൾ.

ക്യാമറകൾ ഉടൻ പ്രവർത്തനസജ്ജമാക്കാനുള്ള നടപടികൾ പഞ്ചായത്ത് സ്വീകരിക്കണം. മാലിന്യ സംസ്‌കരണ സംവിധാനങ്ങൾ ഇല്ലാത്ത സ്ഥാപനങ്ങൾക്കെതിരെ നടപടി ശക്തമാക്കണം

വിഷ്ണുപ്രസന്നൻ
ബി.ജെ.പി നന്ദിയോട് ഏര്യാ സെക്രട്ടറി

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL