
മോസ്‌കോ: ലെനിൻഗ്രാഡ് മേഖലയ്ക്ക് മുകളിലൂടെ യുക്രെയ്ൻ നടത്തിയ ഡ്രോൺ ആക്രമണങ്ങൾ റഷ്യൻ വ്യോമപ്രതിരോധ സംവിധാനങ്ങൾ വിജയകരമായി പ്രതിരോധിച്ചതായി റിപ്പോർട്ട്. യുക്രെയ്‌ന്റെ 25 ഡ്രോണുകളാണ് റഷ്യൻ പ്രതിരോധ സംവിധാനങ്ങൾ തകർത്തത്. സെന്റ് പീറ്റേഴ്‌സ്ബർഗിൽ റഷ്യയുടെ ഏറ്റവും പ്രധാനപ്പെട്ട സാമ്പത്തിക ഫോറം നടക്കുന്നതിനിടയിലാണ് യുക്രെയ്ൻ ഡ്രോണുകൾ അയച്ചത്. വ്യോമപ്രതിരോധ യൂണിറ്റുകൾ പ്രദേശത്ത് പ്രവർത്തനങ്ങൾ തുടരുകയാണെന്ന് ലെനിൻഗ്രാഡ് മേഖല ഗവർണർ അലക്‌സാണ്ടർ ഡ്രോസ്‌ഡെങ്കോ പറഞ്ഞു. 'ലെനിൻഗ്രാഡ് മേഖലയ്ക്ക് മുകളിലൂടെ പറന്ന ഇരുപത്തിയഞ്ച് യുഎവികൾ വെടിവച്ചിട്ടു. പോരാട്ട പ്രവർത്തനങ്ങൾ തുടരുകയാണ്'- ഡ്രോസ്ഡെങ്കോ ടെലിഗ്രാമിൽ കുറിച്ചു.
സാമ്പത്തിക ഫോറത്തിന്റെ ഉദ്ഘാടന ദിവസമായ ബുധനാഴ്ച യുക്രെയ്‌നിയൻ ഡ്രോണുകൾ സെന്റ് പീറ്റേഴ്‌സ്ബർഗിലെ എണ്ണ ഉൽപ്പാദന കേന്ദ്രത്തിലെ കെട്ടിടങ്ങൾക്ക് മുകളിലും സൈനിക താവളത്തിലും ആക്രമണം നടത്തിയിരുന്നു. ഇതിന് ഏതാനും ദിവസങ്ങൾക്ക് ശേഷമാണ് ഇപ്പോൾ വീണ്ടും ആക്രമണം ഉണ്ടായിരിക്കുന്നത്. ആക്രമണങ്ങളിൽ എന്തെങ്കിലും നാശനഷ്‌ടങ്ങൾ ഉണ്ടായിട്ടുണ്ടോയെന്ന കാര്യത്തിൽ വ്യക്തതയില്ല.
റഷ്യയും യുക്രെയ്‌നും നടത്തുന്ന ഡ്രോൺ ആക്രമണങ്ങൾ കുത്തനെ വർദ്ധിച്ച സാഹചര്യത്തിലാണ് ഏറ്റവും പുതിയ സംഭവങ്ങൾ. യുദ്ധം അവസാനിപ്പിക്കാൻ അമേരിക്കയുടെ നേതൃത്വത്തിൽ നടത്തിയ നയതന്ത്ര ശ്രമങ്ങൾ കാര്യമായ പുരോഗതി കൈവരിക്കാത്തതിനാൽ ഇരുപക്ഷവും സമീപ മാസങ്ങളിൽ വ്യോമാക്രമണങ്ങൾ ശക്തമാക്കിയിട്ടുണ്ട്. യുദ്ധം അവസാനിപ്പിക്കുന്നതിനായി അന്താരാഷ്ട്രതലത്തിൽ ആവർത്തിച്ച് ശ്രമങ്ങൾ നടത്തിയിട്ടും യുദ്ധം അഞ്ചാം വർഷത്തിലേക്ക് കടന്നിരിക്കുകയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |