SignIn
Kerala Kaumudi Online
Monday, 24 August 2026 10.09 AM IST

നിയമസഭയിൽ എംഎൽഎ അശ്ലീല ആംഗ്യം കാണിച്ചെന്ന് ആരോപണം; തെളിവുകൾ പുറത്തുവിടണമെന്ന് അനിൽ ഝാ

READ ENGLISH VERSION
rekha-gupta
രേഖ ഗുപ്‌ത

ന്യൂഡൽഹി: നിയമസഭാ നടപടകൾക്കിടെ അശ്ലീല ആംഗ്യം കാണിച്ചെന്ന ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്‌തയുടെ ആരോപണങ്ങൾ തള്ളിക്കളഞ്ഞ് ആംആദ്‌മി എംഎൽഎ അനിൽ ഝാ വത്സ്. താൻ അത്തരത്തിലുള്ള ആംഗ്യങ്ങൾ കാണിച്ചിട്ടുണ്ടെങ്കിൽ അതിനുള്ള തെളിവുകൾ പുറത്തുവിടണമെന്ന് അനിൽ ഝാ പറഞ്ഞു.

'അവർ അത് കാണിക്കട്ടെ, വീഡിയോ പുറത്തുവിടട്ടെ. ഇവിടെ അവരുടെ ആളുകൾ പല കാര്യങ്ങളും ചെയ്യുന്നുണ്ട്. എന്നാൽ, അതേക്കുറിച്ച് മുഖ്യമന്ത്രി ഒന്നും പറയുന്നില്ല. ഭാവിയിൽ ചരിത്രം എഴുതപ്പെടുമ്പോൾ ഇത്തരം പക്ഷപാതപരമായ സംഭവങ്ങൾ ചർച്ചചെയ്യപ്പെടും അപ്പോൾ വലിയ ചോദ്യങ്ങൾ ഉയരും. ഞാൻ യാതൊരു ആംഗ്യവും കാണിച്ചിട്ടില്ല'-ഝാ പറഞ്ഞു.

നിയമസഭയുടെ മൺസൂൺ സമ്മേളനത്തിനിടെയാണ് അനിൽ ഝായ്‌ക്കെതിരെ രേഖ ഗുപ്‌ത ആരോപണങ്ങൾ ഉന്നയിച്ചത്. ജനപ്രതിനിധികൾ മാന്യത പാലിക്കണമെന്നാണ് രേഖ ഗുപ്‌ത വിമർശിച്ചത്. അടിവസ്‌ത്രം മാത്രം ധരിച്ച് മണ്ഡലത്തിലുള്ളവരുടെ അപേക്ഷകളിൽ ഒപ്പിട്ടതിനെയും രേഖ ഗുപ്ത രൂക്ഷമായ ഭാഷയിൽ വിമർച്ചു. സംഭവത്തിന്റെ ദൃശ്യങ്ങൾ വൈറലായ പശ്ചാത്തലത്തിലായിരുന്നു വിമർശനം.

ബനിയനും ഷോർട്‌സും ധരിച്ച് കസേരയിൽ ചമ്രം പടിഞ്ഞിരുന്ന് അപേക്ഷകളിൽ ഒപ്പിടുന്ന എംഎൽഎയുടെ വീഡ‌ിയോയാണ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. സ്‌ത്രീകൾക്ക് സാമ്പത്തിക സഹായം നൽകുന്ന ഡൽഹി സർക്കാരിന്റെ പദ്ധതിയുമായി ബന്ധപ്പെട്ട അപേക്ഷകളിൽ ഒപ്പിടുന്നതിന്റെ ദൃശ്യങ്ങളാണിതെന്നാണ് റിപ്പോർട്ട്. സ്‌ത്രീകൾ ഉൾപ്പെടെയുള്ളവർ അപേക്ഷയുമായെത്തുന്നത് ദൃശ്യങ്ങളിൽ കാണാം.

'അപേക്ഷകളുമായി സ്‌ത്രീകൾ എത്തുമ്പോഴെങ്കിലും ശരിയായ വസ്‌ത്രം ധരിക്കണം. നിങ്ങളുടെ പെരുമാറ്റം ലജ്ജാകരമാണ്. ഒരു ജനപ്രതിനിധി ഒരിക്കലും ഇത്തരത്തിൽ പെരുമാറാൻ പാടില്ല'- രേഖ ഗുപ്‌ത പറഞ്ഞു.


സ്‌ത്രീകളുടെ മാനവും അന്തസും സംരക്ഷിക്കേണ്ടത് എല്ലാ ജനപ്രതിനിധികളുടെയും ഉത്തരവാദിത്വമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്‌ത്രീകളോട് അപമര്യാദയായി പെരുമാറുന്നത് ജനാധിപത്യ മൂല്യങ്ങൾക്ക് ചേർന്നതല്ലെന്നും അവർ വ്യക്തമാക്കി.

English Summary

AAP MLA Anil Jha denied CM Rekha Gupta’s allegation and demanded video proof. Gupta criticised him over a viral video showing him signing applications in a vest and shorts.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: REKHA GUPTA CRITICISE AAP MLA, DELHI CM, ANIL JHA VATS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360