
ന്യൂഡൽഹി: ഒരു കൊല്ലം മുമ്പ് ഓപ്പറേഷൻ സിന്ദൂറിൽ ആറു സൈനികർ വീരമൃത്യു വരിച്ചെന്ന് കേന്ദ്രസർക്കാർ സ്ഥിരീകരിച്ചു. രാജ്യത്തിനായി ജീവൻ ത്യജിച്ചവരുടെ പട്ടിക (റോൾ ഒഫ് ഓണർ) ദേശീയ യുദ്ധ സ്‌മാരകത്തിൽ രേഖപ്പെടുത്തിയപ്പോഴാണ് ഇവരുടെ പേരുകളും ഉൾപ്പെടുത്തിയത്.
സ്‌മാരകത്തിലെ ത്യാഗ ചക്രത്തിൽ ആറു പേരുടെയും പേര് കൊത്തിവച്ചു. 10 ഇൻഫൻട്രി ബ്രിഗേഡിലെ സുബേദാർ മേജർ പവൻകുമാർ, 4 ജമ്മു കാശ്‌മീർ ലൈറ്റ് ഇൻഫൻട്രിയിലെ റൈഫിൾമാൻ സുനിൽകുമാർ, 5 ഫീൽഡ് റെജിമെന്റിലെ ലാൻസ് നായിക് ദിനേശ്‌കുമാർ, 851 ലൈറ്റ് റെജിമെന്റിലെ അഗ്നിവീർ മൂദ് മുരളീനായിക്, 237 ഫീൽഡ് വർക്‌ഷോപ്പ് കമ്പനിയിലെ ഹവിൽദാർ സുനിൽകുമാർ സിംഗ്, വ്യോമസേനയിലെ നമ്പർ 39 വിംഗ് സർജന്റ് സുരേന്ദ്രകുമാർ എന്നിവരാണവർ.
റൈഫിൾമാൻ സുനിൽകുമാറിന് മരണാനന്തര ബഹുമതിയായി വീർചക്ര നൽകി ആദരിച്ചിരുന്നു. സുരേന്ദ്രകുമാറിന് വായുസേനാ മെഡലും പ്രഖ്യാപിച്ചിരുന്നു. പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായിട്ടാണ് 2025 മേയ് 7ന് പുലർച്ചെ ഓപ്പറേഷൻ സിന്ദൂറിന് തുടക്കമിട്ടത്. മേയ് 10ന് ഇന്ത്യ - പാക് വെടിനിറുത്തൽ നിലവിൽ വന്നു.
ഇപ്പോഴും നിയമപോരാട്ടം
2025 മേയ് 9ന് പൂഞ്ചിലെ പാക് ഷെല്ലിംഗിലാണ് അഗ്നിവീർ മൂദ് മുരളീനായിക് വീരമൃത്യു വരിച്ചത്. പെൻഷനടക്കം ആനുകൂല്യങ്ങൾ അഗ്നിവീറുകൾക്കും ലഭ്യമാക്കാൻ കുടുംബം ബോംബെ ഹൈക്കോടതിയിൽ നിയമപോരാട്ടം തുടരുകയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |