SignIn
Kerala Kaumudi Online
Tuesday, 28 July 2026 10.47 PM IST

കാൻസർ പ്രചരണം: ഒത്തുതീർപ്പിനൊരുങ്ങി ജോൺസൺ ആൻഡ് ജോൺസൺ, നഷ്ടപരിഹാരത്തുക 52,000 കോടി

baby-powder
പ്രതീകാത്മക ചിത്രം

വാഷിംഗ്ടൺ: ജോൺസൺ ആൻഡ് ജോൺസൺ പുറത്തിറക്കിയ ടാൽകം പൗഡർ അണ്ഡാശയ കാൻസറിന് കാരണമാകുന്നെന്ന പരാതികളിൽ ഒത്തുതീർപ്പിനൊരുങ്ങി കമ്പനി. പൗഡർ ഉപയോഗിച്ചതിന് പിന്നാലെ നിരവധി ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായെന്ന് ചൂണ്ടിക്കാട്ടി പതിനായിരക്കണക്കിനാളുകൾ നൽകിയ ഹർജിയിന്മേലാണ് ഒത്തുതീർപ്പ്.

നഷ്ടപരിഹാരമായി 5.5 ബില്യൺ ഡോളർ (ഏകദേശം 52,000 കോടി ) നൽകാൻ തയ്യാറാണെന്ന് കമ്പനി കോടതിയിൽ അറിയിച്ചു. ടാൽകം പൗഡറുകൾ ആരോഗ്യത്തിന് ഹാനികരമാണെന്നും കാൻസറിന് കാരണമാകുന്നുവെന്നുമുള്ള ആരോപണങ്ങൾ കമ്പനി തള്ളി. തങ്ങളുടെ ഫോർമുല ലോകമൊന്നടങ്കമുള്ള കുട്ടികൾ ഉപയോഗിക്കുന്നതാണെന്നും ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും കോടതിയെ അറിയിച്ചു. എന്നാൽ വർഷങ്ങളായി തുടരുന്ന നിയമപോരാട്ടങ്ങൾ അവസാനിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഒത്തുതീർപ്പിന് തയ്യാറായതെന്ന് കമ്പനി വ്യക്തമാക്കി.

അടുത്തവ‌ർഷം മുതൽ തുക നൽകിത്തുടങ്ങുമെന്നും. 2028നുള്ളിൽ കുടിശ്ശിക മുഴുവൻ തീർക്കുമെന്നും കമ്പനിയുടെ വൈസ് പ്രസിഡന്റ് എറിക് ഹാസ് അറിയിച്ചു. അമേരിക്കയിലെ വിവിധ കോടതികളിലായി നിലവിലുള്ള ഏകദേശം 69,000 മുതൽ 76,000 വരെ കേസുകളാണ് ഈ ഒത്തുതീർപ്പിലൂടെ പരിഹരിക്കപ്പെടുക. കുറഞ്ഞത് 95 ശതമാനം പേരെങ്കിലും കരാറിനെ അംഗീകരിച്ചാൽ മാത്രമേ ഒത്തുതീർപ്പ് പ്രാബല്യത്തിൽ വരികയുള്ളൂ.

ആരോഗ്യരംഗത്തെ പ്രവർത്തനങ്ങളിൽ കൂടുതൽ ശ്രദ്ധ നൽകുന്നതിനായാണ് ഒത്തുതീർപ്പിന് തയ്യാറായതെന്നാണ് കമ്പനിയുടെ വിശദീകരണം. നിരവധി കേസുകൾ നേരിടേണ്ടി വന്നതിനാൽ ജോൺസൺ ആൻഡ് ജോൺസൺ ഉല്പന്നങ്ങൾക്ക് 2022ൽ വിലക്ക് ഏർപ്പെടുത്തിയിരുന്നു. ബേബി പൗഡറിലുൾപ്പെട്ട ആസ്ബറ്റോസ് ഉപഭോക്താക്കളെ ദോഷകരമായി ബാധിച്ചുവെന്ന് ആരോപിച്ചാണ് നിരവധി കേസുകൾ ഫയൽ ചെയ്തത്.

ഈ കേസുകൾ പരിഹരിക്കുന്നതിനായി ഇതിനകം കമ്പനി മൂന്ന് ബില്യൺ ഡോളറിലധികം ചെലവഴിച്ചതായാണ് റിപ്പോർട്ടുകൾ. വിവിധ ആരോഗ്യപ്രശ്നങ്ങൾ ഉന്നയിച്ചുള്ള 70,000ത്തിലധികം പരാതികൾ ജോൺസൺ ആൻഡ് ജോൺസണെതിരെ ഇപ്പോഴും നിലനിൽക്കുകയാണ്.

English Summary

Johnson & Johnson offered a $5.5 billion settlement for tens of thousands of lawsuits alleging its talcum powder causes ovarian cancer. Denying health claims, the company seeks to end protracted legal battles. Payments for the estimated 69,000-76,000 US cases will commence next year, concluding by 2028, contingent on 95% plaintiff approval.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: POWDER, SETTLEMENT, CANCER ISSUE, BABY POWDER, JOHNSON AND JOHNSON PRODUCT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360