
ഹാനോയ്: ഇറച്ചിക്കായി 2,700 പൂച്ചകളെ മോഷ്ടിച്ച് വിറ്റ സംഘത്തിലെ 12 പേർ വിയറ്റ്നാമിലെ ഹോ ചി മിൻ സിറ്റിയിൽ അറസ്റ്റിൽ. പൂച്ചകളെ പിടിക്കുന്നതിനുള്ള കെണികൾ, രോമം നീക്കം ചെയ്യുന്ന യന്ത്രങ്ങൾ തുടങ്ങിയവ അധികൃതർ ഇവരിൽ നിന്ന് പിടിച്ചെടുത്തു. പ്രതികൾ രാത്രികാലങ്ങളിൽ ബൈക്കുകളിൽ ചെറിയ ഗ്രൂപ്പുകളായി ജനവാസ മേഖലകളിൽ കറങ്ങിനടന്ന്, പൂച്ചകളെ മോഷ്ടിക്കുകയായിരുന്നു.
39 കാരനായ ലൂ താൻ ബിൻ ആണ് ശൃംഖലയുടെ തലവൻ. പൂച്ചകളെ വളർത്തുന്ന വീടുകൾക്ക് പുറത്ത് മീൻ കഷണങ്ങൾ വച്ചാണ് പ്രതികൾ കെണികൾ സ്ഥാപിച്ചിരുന്നത്. ഓരോ ഗ്രൂപ്പും പ്രതിദിനം പത്തോളം പൂച്ചകളെ വീതം രാത്രികാലങ്ങളിൽ മോഷ്ടിച്ചിരുന്നു.
സംഘം എത്ര നാളായി പ്രവർത്തിക്കുന്നുണ്ടെന്ന് കൃത്യമായി നിർണ്ണയിക്കാൻ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. കൂടുതൽ പൂച്ചകളെ ഇവർ മോഷ്ടിച്ചിട്ടുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്. പൂച്ചകളെ മോഷ്ടിക്കുന്നതിന് ഒപ്പം, മറ്റ് സ്വതന്ത്റ വിൽപ്പനക്കാരിൽ നിന്നും ബിൻ ഇവയെ വാങ്ങിയിരുന്നു. പൊലീസ് റെയ്ഡിൽ പിടിച്ചെടുത്ത 50 പൂച്ചകളിൽ 13 എണ്ണത്തിനെ ഉടമസ്ഥർക്ക് തിരികെ നൽകി.
വിയറ്റ്നാമിൽ നായയുടെയും പൂച്ചയുടെയും ഇറച്ചി കഴിക്കുന്നത് നിയമ വിധേയമാണ്. വടക്കൻ മേഖലയിൽ ഇത് വളരെ സാധാരണമാണ്. പൂച്ചയുടെ ഇറച്ചി കഴിക്കുന്നത് ഭാഗ്യം കൊണ്ടുവരുമെന്ന് ചിലർ വിശ്വസിക്കുന്നു. വളർത്തുമൃഗങ്ങളുടെ ഇറച്ചി അടങ്ങിയ വിഭവങ്ങൾ റെസ്റ്റോറന്റുകൾ പരസ്യമായി തന്നെ വിൽക്കാറുണ്ട്.
എന്നാൽ, ഇറച്ചിയുടെ ഉറവിടം വ്യക്തമാക്കുന്ന പെർമിറ്റുകൾ വ്യാപാരികൾക്ക് ആവശ്യമാണ്. പൂച്ചയുടെയും നായയുടെ മാംസം ഭക്ഷണത്തിനായി വിൽക്കുന്നത് നിരോധിക്കണമെന്ന് ആവശ്യപ്പെടുന്നവരുടെ എണ്ണം രാജ്യത്ത് ഉയരുന്നതായി കണക്കുകൾ സൂചിപ്പിക്കുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |