SignIn
Kerala Kaumudi Online
Monday, 26 October 2026 11.11 AM IST

ജാഗ്രതയിൽ യൂറോപ്പ്: പ്രക്ഷോഭം അവസരമാക്കാൻ ഭീകര സംഘടനകൾ

d

പാരീസ്: ഫ്രാൻസ് അടക്കം യൂറോപ്യൻ രാജ്യങ്ങളിൽ തുടരുന്ന പ്രക്ഷോഭങ്ങളെ ലക്ഷ്യമിടാൻ ഭീകര സംഘടനകൾ പദ്ധതിയിടുന്നതായി റിപ്പോർട്ട്. രഹസ്യാന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ യൂറോപ്യൻ സുരക്ഷാ ഏജൻസികൾ അതീവ ജാഗ്രതയിലാണ്.

പ്രക്ഷോഭകർക്കും പൊലീസുകാർക്കും നേരെ ചാവേർ ബോംബാക്രമണങ്ങൾ നടത്താനും വാഹനം ഇടിച്ചുകയറ്റാനും ഭീകര ഗ്രൂപ്പുകൾ ആഹ്വാനം ചെയ്തു. ഐസിസുമായി ബന്ധമുള്ള പ്ലാറ്റ്ഫോമുകളിൽ പ്രസിദ്ധീകരിച്ച ആഭ്യന്തര സന്ദേശങ്ങൾ സ്പാനിഷ് അധികൃതർ കണ്ടെത്തിയതോടെയാണ് വിവരം പുറത്തായത്.

ഫ്രാൻസ്, സ്‌പെയിൻ, പോർച്ചുഗൽ, ഇറ്റലി തുടങ്ങിയ രാജ്യങ്ങളിൽ അപകട സാദ്ധ്യതയേറിയ മേഖലകൾ അധികൃതർ തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രാദേശിക പങ്കാളികളുടെ സഹകരണത്തോടെ ഭീഷണി സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്ന് പോർച്ചുഗലിലെ സുരക്ഷാ ഏജൻസിയായ ഇന്റേണൽ സെക്യൂരിറ്റി സിസ്റ്റം (എസ്.എസ്.ഐ) സ്ഥിരീകരിച്ചു.

ലക്ഷക്കണക്കിന് പേർ പ്രതിഷേധവുമായി തെരുവിലിറങ്ങുന്നത്, പ്രത്യേകിച്ച് ഫ്രാൻസിൽ ഭീകര സംഘടനകൾക്ക് അവരുടെ അജണ്ടകൾ നടപ്പാക്കാനുള്ള അപൂർവ്വ അവസരം നൽകുമെന്ന് സൈബർ സെക്യൂരിറ്റി കോർഡിനേഷൻ ഓഫീസിന്റെ ആഭ്യന്തര റിപ്പോർട്ടിൽ പരാമർശിക്കുന്നതായി സ്പാനിഷ് മാദ്ധ്യമം പറഞ്ഞു.

വിലക്കയറ്റം, തൊഴിലില്ലായ്മ, വിദ്യാഭ്യാസ മേഖലയിലെ പ്രതിസന്ധി തുടങ്ങിയവ ഉന്നയിച്ചാണ് യൂറോപ്യൻ രാജ്യങ്ങളിൽ പ്രക്ഷോഭങ്ങൾ പൊട്ടിപ്പുറപ്പെട്ടത്.


# ഫ്രാൻസിൽ

1,300 കടന്ന് അറസ്റ്റ്


 ഫ്രാൻസിൽ ശനിയാഴ്ചത്തെ ദേശീയ പ്രക്ഷോഭത്തിനിടെ അറസ്റ്റിലായവരുടെ എണ്ണം 1,300 കടന്നു. പ്രക്ഷോഭം വലിയ കലാപമായി മാറാതെ നിയന്ത്രിക്കാൻ പൊലീസിനായി. അനധികൃത സംഘടനകളുടെ സമരം വിലക്കിയതും പാരീസ്,​ ലിയോൺ, മാർസേയ് നഗരങ്ങളിൽ കർഫ്യൂ ഏർപ്പെടുത്തിയതും ഗുണംചെയ്തു

 പ്രക്ഷോഭകാരികൾ പ്രകോപനം സൃഷ്ടിച്ചത് പൊലീസുമായുള്ള ഏറ്റുമുട്ടലിന് ഇടയാക്കി. നിരവധി പേർക്ക് പരിക്ക്. 75 തീവയ്പ്പുകളും കടകൾ കൊള്ളയടിച്ച 24 കേസുകളും റിപ്പോർട്ട് ചെയ്തു. 4,10,000 പേർ പ്രക്ഷോഭത്തിൽ പങ്കെടുത്തെന്ന് സർക്കാർ. എട്ടു ലക്ഷത്തിലേറെയെന്ന് സമരക്കാരുടെ വാദം

 മറ്റ് യൂറോപ്യൻ രാജ്യങ്ങളിലും വാരാന്ത്യ പ്രക്ഷോഭങ്ങൾ അരങ്ങേറി. സ്പെയിനിലെ ബാഴ്സലോണയിൽ 120 ലേറെ പേർ അറസ്റ്റിലായി. അൽബേനിയയിലെ ടിരാനയിലും ബെൽജിയത്തിലെ ബ്രസൽസിലും യുവാക്കൾ പൊലീസുമായി ഏറ്റുമുട്ടി. ഇറ്റലിയിലെ മിലാനിൽ പൊലീസും സൈന്യവും ചേർന്ന് പ്രക്ഷോഭകാരികളെ തുരത്തി.

# കുടിയേറ്റം ഫ്രാൻസിനെ

തകർത്തു: ട്രംപ്


ഫ്രഞ്ച് പ്രക്ഷോഭത്തിന്റെ കാരണം അനിയന്ത്രിത കുടിയേറ്റമാണെന്ന് ആവർത്തിച്ച് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. 'രാജ്യത്തെ വെറുക്കുന്നവർക്ക് വേണ്ടി ഫ്രാൻസ് അതിർത്തികൾ തുറന്നുകൊടുത്തു. അതുകൊണ്ടാണ് ഫ്രാൻസ് ഇപ്പോൾ കത്തിയെരിയുന്നത്. ഫ്രഞ്ച് സംസ്കാരത്തെയും കെട്ടിടങ്ങളെയും സ്മാരകങ്ങളെയും ബഹുമാനിക്കാത്ത കുടിയേറ്റക്കാരെ വൻതോതിൽ പ്രവേശിപ്പിച്ചതോടെ ഫ്രാൻസ് തകർന്നു ' - ട്രംപ് കുറ്റപ്പെടുത്തി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: WORLD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360