
ന്യൂഡൽഹി: മ്യാൻമാർ ആയുധ പരിശീലന കേസ് പ്രതികളായ യു.എസ് പൗരൻ വാൻഡൈക്കിനും ആറ് യുക്രെയിനിയൻ പൗരന്മാർക്കും ഇന്ത്യയ്ക്ക് പുറത്ത് കഴിയാനുള്ള കാലാവധി 2027 ഫെബ്രുവരി 24 വരെ നീട്ടി ഡൽഹി കോടതി. ഏഴ് പ്രതികൾ സമർപ്പിച്ച അപേക്ഷകൾ പരിഗണിക്കവെ കേസിന്റെ വിശദാംശങ്ങൾ പഠിക്കാൻ സമയം ആവശ്യമാണെന്ന് ദേശീയ അന്വേഷണ ഏജൻസി ബോധിപ്പിച്ചതോടെയാണിത്.
ടൂറിസ്റ്റ് വിസയിൽ ഇന്ത്യയിൽ വന്ന വാൻഡൈക്കും ആറ് യുക്രെയിനിയൻ പൗരന്മാരും അനുമതിയില്ലാതെ വടക്കുകിഴക്കൻ മേഖലയിലേക്ക് യാത്ര ചെയ്ത് മിസോറാം വഴി മ്യാൻമറിലേക്ക് കടന്നിരുന്നു. അവിടെ ഇന്ത്യാ വിരുദ്ധ സായുധ സംഘടനകൾക്ക് പരിശീലനം നൽകിയെന്നാണ് കേസ്.
അതിനിടെ യു.എസ് സമ്മർദ്ദത്തെ തുടർന്നാണ് വാൻഡൈക്കിന് ഇളവു നൽകിയതെന്ന് കോൺഗ്രസ് ആരോപിച്ചു. ഭീകരവാദ കുറ്റം ചുമത്തപ്പെട്ട വിദേശ പൗരന് ഇളവു നൽകുമ്പോൾ വോട്ട് മോഷണത്തിനെതിരെ പ്രതിഷേധിക്കുന്ന യുവാക്കളെ സർക്കാർ തടവിലാക്കുകയാണെന്നും കോൺഗ്രസ് നേതാവ് ജയറാം രമേശ് കുറ്റപ്പെടുത്തി.
മേയിൽ ഇന്ത്യയിലെത്തിയ യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ആവശ്യപ്പെട്ട പ്രകാരമാണ് വാൻഡെക്കിന് ഇളവ് നൽകിയത്. യു.എസ് അംബാസഡർ സെർജിയോ ഗോർ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിയുമായി ഇക്കാര്യം ചർച്ച ചെയ്തിരുന്നു. വാൻഡൈക്കിനെതിരായ യു.എ.പി.എ കുറ്റങ്ങൾ ഒഴിവാക്കിയതും ഇതേ തുടർന്നാണ്. ഇതോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി 'വിട്ടുവീഴ്ച'കളുടെ ആളെന്ന് തെളിഞ്ഞു-ജയ്റാം രമേശ് ആരോപിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |