
മന്ത്രിയാകും മുമ്പ് നെന്മാറ എൻ.എസ്.എസ് കോളേജിലെ പ്രിൻസിപ്പലായിരുന്നു കെ.എ.തുളസി. അതിനും മുമ്പ് വിദ്യാർത്ഥികളുടെ പ്രിയപ്പെട്ട ചരിത്ര അദ്ധ്യാപിക. പിന്നീട് വി.ഡി.സതീശൻ സർക്കാരിൽ പട്ടികജാതി, പട്ടികവർഗ, പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രിയായി. വകുപ്പിന്റെ പ്രവർത്തനങ്ങൾ ജനകീയവും സുതാര്യവുമായി മുന്നോട്ടു കൊണ്ടു പോകുമെന്ന് മന്ത്രി പറഞ്ഞു. മന്ത്രി കെ.എ.തുളസി കേരളകൗമുദിയുമായി സംസാരിക്കുന്നു.
?പട്ടികജാതി പട്ടിക വർഗ വിഭാഗക്കാർക്കായി എന്തൊക്കെ പദ്ധതികളാണ് നടപ്പാക്കാൻ ഉദ്ദേശിക്കുന്നത്
ലൈഫ് പദ്ധതിയിലൂടെ ഈ വിഭാഗങ്ങൾക്ക് അർഹമായ പരിഗണന ലഭിച്ചില്ലെന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തിൽ പുതിയ ഭവന പദ്ധതി നടപ്പിലാക്കും. വീടില്ലാത്തവർക്ക് വീട്, വീടും സ്ഥലവും ഇല്ലാത്തവർക്ക് അതു രണ്ടും ലഭ്യമാക്കുന്നതാണ് പദ്ധതി. ലൈഫ് പദ്ധതിയെക്കാൾ കൂടുതൽ തുക അനുവദിക്കും.
?ആദിവാസി വിഭാഗത്തെ മുഖ്യധാരയിലേക്കു കൊണ്ടു വരുന്നതിന് പുതിയ പദ്ധതികൾ ആവിഷ്കരിക്കുമോ
പട്ടികവർഗ വിഭാഗക്കാരുടെ ദീർഘകാല ആവശ്യമായ 'ട്രൈബൽ യൂണിവേഴ്സിറ്റി' സംസ്ഥാനത്ത് സ്ഥാപിക്കും. ഗോത്രകലകൾ, പരമ്പരാഗത വൈദ്യരീതികൾ, ജൈവവൈവിദ്ധ്യ സംരക്ഷണം മുതലായവ ഉന്നത വിദ്യാഭ്യാസ തലത്തിൽ പഠനവിഷയമാക്കുന്നതിലൂടെ ആദിവാസി സമൂഹത്തിന്റെ വിജ്ഞാനത്വരയെ പ്രോത്സാഹിപ്പിക്കുന്നതിനും ഈ മേഖലയിൽ വിപുലമായ പഠന,തൊഴിൽ സാദ്ധ്യതകൾ ഒരുക്കുന്നതിനും ഈ തനത് സർവകലാശാല സഹായിക്കും.
?ആദിവാസി മേഖലകളിൽ വികസനം എത്തിയിട്ടില്ല. ഗതാഗത സൗകര്യങ്ങളില്ല. പോരാത്തതിന് വന്യമൃഗ ശല്യവും ഉണ്ട്. ഇതിനൊക്കെ എങ്ങനെ പരിഹാരം കാണും
റോഡുകൾ ഉൾപ്പെടെയുള്ള ഗതാഗത സംവിധാനം, വൈദ്യുതി, വീട് ഉൾപ്പെടെ സമഗ്ര വികസന പദ്ധതി ആദിവാസി മേഖലയിൽ നടപ്പിലാക്കും. പ്രാക്തന ഗോത്ര വിഭാഗക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന്റെ ഭാഗമായി അടുത്ത മാസം രണ്ടിന് അവർക്കായി നിലമ്പൂരിൽ ഒരു അദാലത്ത് നടത്തും. പഠനമുറി വികസിപ്പിക്കും. നേരത്തെ 800 ചതുരശ്ര അടിയായിരുന്നു. അത് ആയിരം ചതുരശ്ര അടിയാക്കും. വന്യമൃഗശല്യം അവസാനിപ്പിക്കാനുള്ള നടപടികളുടെ ഭാഗമായി വിവിധ വകുപ്പുകളുമായി ചേർന്ന് ഉന്നതതല യോഗം ഉടൻ നടത്തും.
?പിന്നാക്ക വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്കുള്ള ആനുകൂല്യങ്ങൾ വൈകുന്നതായി നേരത്തെ പരാതികൾ ഉയർന്നിട്ടുണ്ടല്ലോ
അങ്ങനെയൊന്നും ഉണ്ടാകില്ല. പിന്നാക്ക വിഭാഗങ്ങളുടെ വിദ്യാഭ്യാസ പുരോഗതിക്ക് ആവശ്യമായ തുക അനുവദിക്കുന്നതിൽ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. ഇതിന്റെ ആദ്യഘട്ടമെന്ന നിലയിൽ പിന്നാക്ക വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് പോസ്റ്റ്‌മെട്രിക് വിദ്യാഭ്യാസ ആനുകൂല്യങ്ങൾ നൽകുന്നതിനായി 56.7 കോടി രൂപ ബഡ്ജറ്റിൽ വകയിരുത്തിയിട്ടുണ്ട്.
?പാലക്കാട് മെഡിക്കൽ കോളേജിന്റെ വികസനത്തിന് സർക്കാർ നടപടിയുണ്ടാകുമോ
പാലക്കാട് ഗവ. മെഡിക്കൽ കോളേജിനെ സൂപ്പർ സ്‌പെഷ്യാലിറ്റി ചികിത്സാ കേന്ദ്രമാക്കി വികസിപ്പിക്കാൻ ഏകദേശം 550 കോടി രൂപ ആവശ്യമായി വരും. നിലവിൽ പ്രതിദിനം ആയിരത്തിലധികം രോഗികൾ ഒ.പി സേവനം തേടുന്ന മെഡിക്കൽ കോളേജിൽ അടിസ്ഥാന സൗകര്യങ്ങളും സൂപ്പർ സ്‌പെഷ്യാലിറ്റി വിഭാഗങ്ങളും അപര്യാപ്തമാണ്. അടിയന്തര പ്രവൃത്തികൾക്കായി 97.39 കോടി രൂപ ആവശ്യമായതിൽ 20 കോടി രൂപ 2026-27 ബഡ്ജറ്റിൽ വകയിരുത്തിയിട്ടുണ്ട്.
സ്റ്റാഫ് നിയമനത്തിനും വേതനത്തിനുമായി 38 കോടി രൂപ കൂടി വേണം. നാഷണൽ മെഡിക്കൽ കമ്മിഷന്റെ നിബന്ധനകൾ പ്രകാരം കോഴ്സുകളുടെ അംഗീകാരം നഷ്ടപ്പെടാതിരിക്കാൻ 200 ഫാക്കൽറ്റി തസ്തികകൾ ഇവിടെ പൂർണമായും ഉറപ്പുവരുത്തേണ്ടതുണ്ട്. ഇതിനായി നിലവിൽ പ്ലാൻ ഫണ്ടിൽ നിന്നുള്ള ഭരണച്ചെലവുകൾ നോൺ പ്ലാനിലേക്ക് മാറ്റുന്നതിലൂടെ ഈ വർഷം ഏകദേശം 111 കോടി രൂപയുടെ അധിക ബാദ്ധ്യത വരുമെന്നുമാണ് കണക്കാക്കുന്നത്.
ഫയർ എൻ.ഒ.സി, മോർച്ചറി, ഡ്രെയിനേജ്, മെഡിക്കൽ ഗ്യാസ്, ഐ.ടി സംവിധാനങ്ങൾ പൂർത്തിയാക്കുകയും 24 മണിക്കൂർ ട്രോമാകെയർ യൂണിറ്റ് സജ്ജമാക്കുകയും ചെയ്യും. നിർമ്മാണ പ്രവർത്തനങ്ങൾ വിലയിരുത്താൻ വി.കെ. ശ്രീകണ്ഠൻ എം.പി അദ്ധ്യക്ഷനായ ഉന്നതതല മോണിറ്ററിംഗ് കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.
'സമഗ്ര' പദ്ധതിയിൽ
200 കോടിയുടെ വായ്പ
പിന്നാക്ക വിഭാഗക്കാരുടെ ക്ഷേമം ഉറപ്പാക്കാൻ 'സമഗ്ര' എന്ന പദ്ധതി നടപ്പിലാക്കും. പദ്ധതിയിലൂടെ 100 ദിവസത്തിനകം 16,000 ഗുണഭോക്താക്കൾക്ക് 200 കോടി രൂപയുടെ വായ്പാ ധനസഹായം ലഭ്യമാക്കും. സ്വയം തൊഴിൽ കണ്ടെത്തുന്നതിനായി വനിതകൾക്ക് പലിശരഹിത വായ്പ ലഭ്യമാക്കും. 23ന് കൊച്ചി പള്ളുരുത്തി എസ്.എൻ ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ പരിപാടി ഉദ്ഘാടനം ചെയ്യും. വിവിധ സർക്കാർ വകുപ്പുകൾ, വികസന ഏജൻസികൾ, ധനകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, വ്യവസായ മേഖലകൾ, സാമൂഹിക സംഘടനകൾ എന്നിവയെല്ലാം ഒരൊറ്റ പ്ലാറ്റ്‌ഫോമിൽ അണിനിരക്കുന്ന ഒരു ബൃഹദ് സംരംഭമായാണ് 'സമഗ്ര 2026' വിഭാവനം ചെയ്തിരിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |